ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.
ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ.
പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റുകയും ചെയ്തേക്കാം. എന്നാൽ ഇതിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ ഉള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകളാണ് നമ്മുടേതെങ്കിൽ ദഹനപ്രക്രിയയെ കുഴപ്പത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം നല്ല രീതിയിൽ നടക്കാനുമായി മരുന്നുകൾ കഴിക്കേണ്ട അവസ്ഥ വരുന്നു. നമ്മൾ ഒരു സമയം തിരഞ്ഞെടുക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ അല്ലെങ്കിൽ അവയുടെ കൂട്ടിച്ചേർക്കലുകൾ തെറ്റായ കോമ്പിനേഷനുകളിൽ ഉള്ളതാണെങ്കിൽ, അത് കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങൾ എളുപ്പത്തിൽ രൂപംകൊള്ളാൻ ഉള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ചൂടുള്ള പാനീയങ്ങളോടൊപ്പം മാമ്പഴം അല്ലെങ്കിൽ പച്ച മാങ്ങ കഴിക്കുന്നത് ചിലപ്പോൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി ഭവിക്കും.
ഭക്ഷ്യ സംയോജന തത്വമനുസരിച്ച്, രണ്ട് തരം ഭക്ഷണങ്ങളുണ്ട്. ഒന്ന് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. മറ്റൊന്ന് വളരെ സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നവ. ഈ രണ്ടുതരം ഭക്ഷണവും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമായി മാറുമെന്നാണ് ആയുർവേദം പറയുന്നത്. വ്യത്യസ്ത പി.എച്ച് നിലയുള്ള രണ്ട് വ്യത്യസ്ത ഭക്ഷ്യവസ്തുക്കൾ, ഒരുമിച്ച് കൂട്ടിച്ചേർത്തു കഴിക്കുമ്പോൾ ശരീരത്തിന് ഇത് ശരിയായ രീതിയിൽ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും കഴിയുകയില്ല എന്നതാണ് ഇതിനു പിന്നിലെ രഹസ്യം.
ഭക്ഷണത്തിലെ മോശം കൂട്ടിചേർക്കലുകൾ ദഹനക്കേട്, വയറുവേദന, വയറുവീക്കം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഗ്യാസ് രൂപീകരണം എന്നിവയ്ക്ക് കാരണമായി മാറാനുള്ള സാധ്യതയുണ്ട്. ഇത്തരമൊരു അവസ്ഥ ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ അത് ദഹന ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒത്തു ചേരാത്തതും, കൂട്ടിച്ചേർത്തു കഴിക്കാൻ നല്ലതല്ലാത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുക. എങ്കിൽ മാത്രമേ പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്തി കൊണ്ട് ദഹനം മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ.
ഒരേസമയം ഒരുമിച്ച് കഴിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത വിരുദ്ധ ആഹാരങ്ങൾ നിരവധിയുണ്ട്. അവയിൽ പലതും നമ്മൾ നിത്യവും അറിയാതെ കഴിക്കുന്നതുമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും, ഏതായാൽ തന്നെയും ഏറ്റവും ആരോഗ്യസമ്പന്നമായ രണ്ടു ഭക്ഷണപദാർത്ഥങ്ങൾ ആണെന്ന വസ്തുത നമുക്കറിയാം. എന്നാൽ ഇവ രണ്ടും ഒരേ സമയം ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ചെറുതായെങ്കിലും മോശപ്പെട്ട രീതിയിൽ ബാധിക്കും. ഇതിന് കാരണം പഴങ്ങളിൽ കൂടുതലും ഷുഗർ അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിൽ നിന്ന് ലഭിക്കുന്ന മറ്റു പോഷകങ്ങൾ ഇതുമായി കൂടിച്ചേരുമ്പോൾ ഇത് ദഹനത്തെ വൈകിപ്പിക്കുന്നു. പഴവും പച്ചക്കറിയും രണ്ടു തരം വ്യത്യസ്ത ഭക്ഷണങ്ങളാണ് എന്ന് അറിയുക. ഇവ രണ്ടിൻ്റെയും ദഹനപ്രക്രിയ രണ്ടു തരത്തിലുള്ളതാണ്. ഇവ രണ്ടും കൂടിച്ചേരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ ദഹനത്തിനും ആഗിരണത്തിനുമൊക്കെയായി ആമാശയത്തിൽ ഓരോന്നിനും അതിൻ്റേതായ സമയവും സ്ഥലവും ആവശ്യമാണ്. അതിനാൽ ഇവ രണ്ടും സംയോജിപ്പിച്ച് കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.
പ്രോട്ടീൻ ഉറവിട ഭക്ഷങ്ങണൾ
നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക ദഹനപ്രക്രിയുടെ കാര്യമെടുത്താൽ ശരിയായ ദഹനവും ആഗിരണ പ്രവർത്തനവും നടത്തുന്ന കാര്യത്തിൽ ഏറ്റവും പ്രയാസകരമായ ഒന്നാണ് പ്രോട്ടീനുകൾ. മറ്റേതൊരു പോഷകങ്ങളെക്കാളും പ്രോട്ടീനുകൾ ദഹിക്കപ്പെടുന്നത് ദഹനപ്രക്രിയയിൽ കൂടുതൽ പരിശ്രമകരമാണ്. അതിനാൽ തന്നെ ദഹനപ്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ആഗിരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമായി ഒരേസമയം രണ്ട് വ്യത്യസ്ത തരം പ്രോട്ടീനുകൾ ഒരുമിച്ച് കഴിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇത് ദഹന പ്രക്രിയയെ കൂടുതൽ ദൈർഘ്യമുള്ളതാക്കി മാറ്റിക്കൊണ്ട് ശരീരത്തെ മുഴുവൻ ബാധിക്കാൻ ഇടയുണ്ട്. ഇത് ചിലപ്പോൾ ശരീരത്തിൽ നിന്ന് കൂടുതൽ ഊർജം കവർന്നെടുത്തു കൊണ്ട് ക്ഷീണം തളർച്ച തുടങ്ങിയ അനാരോഗ്യ ലക്ഷണങ്ങളും പ്രകടമാക്കുന്നതിനും കാരണമാകും.
പാലും പഴവും
കഴിക്കാൻ ഏറ്റവും നല്ല കോമ്പോ ആണ് പാലും പഴവും എന്ന് ആളുകൾ പറയും. എന്നാൽ ഈ കോമ്പോയുടെ ദഹനം വളരെ കഠിനമാണ് എന്നതാണ് വാസ്തവം. കാരണം ഈ രണ്ടു ഭക്ഷണങ്ങളും കൂടിച്ചേരുമ്പോൾ ശരീരത്തിൽ ടോക്സിനുകൾ ഉൽപാദിപ്പിക്കപ്പെടും. ദഹനം കൂടുതൽ സമയം നീണ്ടു നിൽക്കുകയും ചെയ്യും. പ്രത്യേകിച്ചും ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്ന ആളുകളുടെ കാര്യത്തിൽ ഈയൊരു കോമ്പിനേഷൻ ഏറ്റവും മോശം ഫലങ്ങൾ സൃഷ്ടിക്കും. ഈയൊരു കോമ്പോ ദഹനപ്രക്രിയയിലൂടെ ഇൻസുലിൻ എന്ന കൊഴുപ്പ് സംഭരിക്കുന്ന ഹോർമോണിന്റെ വർദ്ധനവിന് കാരണമായി മാറും.
സരസഫലങ്ങളും തൈരും
സരസഫലങ്ങൾ (സ്ട്രോബെറി, മൾബെറി പോലോത്ത പഴങ്ങൾ), കഴിക്കാൻ ഏറ്റവും ആരോഗ്യമായവ തന്നെയാണ്. എന്നാൽ തൈര് കഴിക്കുന്ന വേളകളിൽ ഇത് ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പുളിപ്പുള്ള തൈര് സരസഫലങ്ങളുമായി കൂടിച്ചേരുമ്പോൾ, ഇത് ശരീരത്തിൽ വിഷവസ്തുക്കളുടെ ഉൽപാദനത്തിന് കാരണമാവുകയും അലർജി അടക്കമുള്ള ലക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. വയറു വീക്കം ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതു വഴി വയ്ക്കും. രണ്ട് ചേരുവകളും ഏറ്റവും ആരോഗ്യഗുണം ഉള്ളതാണെങ്കിൽ തന്നെയും ഇവ രണ്ടും ഒരുമിച്ച് കഴിക്കാതെ വെവ്വേറെ സമയങ്ങളിൽ കഴിക്കാൻ ശ്രമിക്കുക.
ഒരുമിച്ച് കഴിക്കുന്ന കാര്യത്തിൽ ഒഴിവാക്കേണ്ട മറ്റ് ചില ഭക്ഷണങ്ങൾ ഇവയാണ്.
ബീൻസ്, ചീസ്, മുട്ട
ചിക്കനും തൈരും
ധാന്യ വിഭവങ്ങളോട് ഒപ്പം ഓറഞ്ച് ജ്യൂസ്
കഞ്ഞിയും പഴച്ചാറുകളും
ഉണക്കമുന്തിരി, പാൽ എന്നിവ ഒരുമിച്ച്
മുള്ളങ്കി, വാഴപ്പഴം
ഉച്ച ഭക്ഷണത്തിന് ശേഷം ഉടനെ പഴങ്ങൾ കഴിക്കുന്നത്
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼