ഷവർമ കഴിച്ചത് മൂലം മരണം സംഭവിക്കുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ?
ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ അസാധാരണമായ ഒന്നല്ല. അതിലെ മാംസവും മയോണൈസും സാലഡും പ്രശ്നക്കാരാണ്. എന്നാൽ, മാംസത്തിൽനിന്നു വിഷബാധയേൽക്കാനാണു സാധ്യത കൂടുതൽ. പഴകിയ മാംസം ഉപയോഗിച്ചാൽ മാത്രമേ പ്രശ്നമുണ്ടാകൂ എന്ന ധാരണ തെറ്റാണ്. മാംസത്തിന്റെ വ്യത്യസ്തമായ പാചകരീതി ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുകയും അതു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണു ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം.
മാംസം ബാക്കിവന്നാൽ അതു ഫ്രീസറിൽ കയറ്റുകയാണ് പല ഹോട്ടലുകളിലും ചെയ്യുന്നത്. ഇതു പിറ്റേന്നെടുത്ത് ഉപയോഗിക്കുന്നവരാണു പലരും. ഫ്രീസറിൽ നിന്നെടുക്കുന്ന മാംസം വീണ്ടും നന്നായി വേവിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. വേവാത്ത മാംസം ഉപയോഗിക്കുന്നതും തലേന്നത്തെ മാംസം വീണ്ടും വേവിക്കാതെ ഉപയോഗിക്കുന്നതും ഒരുപോലെ പ്രശ്നമാണ്.
പച്ചമുട്ടയാണു മയൊണൈസിന്റെ പ്രധാന ഘടകം. മുട്ടയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം വളരെക്കൂടുതലാണ്. ഉണ്ടാക്കിയശേഷം സാധാരണ താപനിലയിൽ ആറുമണിക്കൂറിലേറെ മയൊണൈസ് സൂക്ഷിക്കുന്നതു ബാക്ടീരിയകളുടെ പെരുപ്പത്തിനു കാരണമാകും.
ബാക്ടീരിയമൂലമുണ്ടാകുന്ന മറ്റേതൊരു അണുബാധയും പോലെതന്നെയാണ് ഭക്ഷ്യവിഷബാധയും. ഭക്ഷണത്തിലൂടെയല്ലാതെ വരുന്ന ബാക്ടീരിയൽ ഇൻഫെക്‌ഷനുകളും മരണത്തിനു കാരണമാകാറുണ്ട്. അപകടകാരികളായ ബാക്ടീരിയകൾ ഉള്ളിൽ കടന്നാൽ നല്ല ബാക്ടീരിയകൾ ഉപയോഗിച്ച് അവയെ ഇല്ലാതാക്കുകയാണു ശരീരം ചെയ്യുന്നത്. നല്ല ബാക്ടീരിയകളുടെ എണ്ണം ശരീരത്തിൽ കുറയുന്നതാണു ബാക്ടീരിയ മൂലമുള്ള അണുബാധ വർധിക്കാൻ കാരണം.
ചില ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ച് ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ചിലതാകട്ടെ 72 മണിക്കൂറിനു ശേഷമായിരിക്കും പ്രവർത്തിച്ചു തുടങ്ങുക. ചിലയിനം 24 മണിക്കൂറിനകം പ്രവർത്തനം നിർത്തി ഒതുങ്ങുമെങ്കിൽ മറ്റുചിലതിന്റെ ക്രൂരതകൾ ഒരാഴ്ചവരെ നീളാം. എത്രമാത്രം ബാക്ടീരിയ ശരീരത്തിൽ കയറിയെന്നതിനെയും എത്രമാത്രം ജലാംശം ശരീരത്തിലുണ്ടെന്നതിനെയും ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ. കുട്ടികളെയും പ്രായമായവരെയുമാണ് ഭക്ഷ്യവിഷബാധ ഏറ്റവുമധികം ബാധിക്കുന്നത്. ഗുരുതരമായിക്കഴിഞ്ഞാൽ ഇതു മറ്റ് അവയവങ്ങളെ ബാധിക്കുകയും സ്ഥിതി കൂടുതൽ ഗുരുതരമാകുകയും ചെയ്യും.
ഷവര്‍മ കഴിച്ചാല്‍ മരണം സംഭവിക്കുന്നത് എങ്ങനെയെന്നത് സ്വാഭാവികമായ സംശയമാണ്. കാരണം ഭക്ഷ്യ വിഷബാധയില്‍ ശരിക്കും ഉത്തരവാദി കേടായ ഭക്ഷണത്തിലുള്ള ബാക്ടീരിയ ആണല്ലോ…
ഏതു ബാക്ടീരിയയും ശരീരത്തില്‍ കടന്നാല്‍ പെറ്റുപെരുകി രോഗമുണ്ടാക്കാൻ ഒരു "ഇൻക്യുബേഷൻ പീരിയഡ്" ആവശ്യമാണ്… പിന്നെ എങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കും?
പല കുഞ്ഞൻ ബാക്ടീരിയകളും ഉഗ്രവിഷങ്ങള്‍ ( ടോക്സിൻസ് ) ഉത്പാദിപ്പിക്കാൻ മിടുക്കരാണ്…ഇത്തരം ബാക്ടീരിയ ഷവര്‍മയിലെ മയൊണേസിലും മറ്റു പഴകിയ ഭക്ഷണസാധനങ്ങളിലും വളരുമ്ബോള്‍ അവ ഉത്പാദിപ്പിക്കുന്ന വിഷങ്ങളും ( ടോക്സിൻസ് ) ഇത്തരം ഭക്ഷണങ്ങളില്‍ കലരും.
ഷവര്‍മയില്‍ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ അധികവും പഴകിയ മയൊണൈസ് ഉപയോഗിക്കുന്നത് മൂലമുള്ളതാണെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. സമയം കഴിഞ്ഞ മയൊണൈസ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ മയൊണൈസ് മാത്രമല്ല, പഴകിയ ഇറച്ചിയും ഭക്ഷ്യവിഷബാധയ്ക്ക്കാരണമാകാം.
വൃത്തിയായും, ഗുണമേന്മയോടെയും തയ്യാറാക്കുകയാണെങ്കില്‍ ഷവര്‍മ്മ ഒരിക്കലും അപകടകാരിയായ വിഭവമല്ല. അത്തരം നിഗമനങ്ങളിലേക്ക് എത്തേണ്ട കാര്യമില്ല. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നത് വസ്തുത തന്നെയാണ്.
ഷവർമയിലും മറ്റുമുപയോഗിക്കുന്ന മാംസം നന്നായി വെന്തുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം സാലഡിലും ഷവർമയിലും ഉപയോഗിക്കുന്ന പച്ചക്കറികൾ നന്നായി വൃത്തിയാക്കുകയും വേണം. മാർഗനിർദേശങ്ങൾ അനുസരിച്ചുണ്ടാക്കിയ മയൊണൈസേ ഉപയോഗിക്കാവൂ. ഉണ്ടാക്കുന്ന സ്ഥലവും ആളുകളും പുലർത്തുന്ന വൃത്തിയും പ്രധാനഘടകമാണ്. മാംസം ഫ്രീസ് ചെയ്യുന്നുവെങ്കിൽ നാലു ഡിഗ്രി സെന്റിഗ്രേഡിലെങ്കിലും തണുപ്പിച്ചിരിക്കണം. പുറത്തെടുക്കുന്ന മാംസം നന്നായി വേവിക്കണം. വെന്തഭാഗം അരിഞ്ഞെടുത്തശേഷം ബാക്കിഭാഗം ആവശ്യത്തിനു ചൂടുകിട്ടി വെന്തുവെന്ന് ഉറപ്പാക്കണം. വിനാഗിരിയും നാരങ്ങയും പോലെ ആസിഡ് സ്വഭാവമുള്ള സാധനങ്ങൾ പാചകത്തിൽ ഉപയോഗിക്കുന്നതു ബാക്ടീരിയകളെ കുറെയൊക്കെ തടയും. കരുതലോടെ പാകംചെയ്ത് ഉപയോഗിച്ചാൽ ഷവർമയെ ഭയക്കേണ്ടതേയില്ല.