കോപം നമ്മുടെ ദുർബ്ബലതയാണ്.ക്ഷമയും വിവേകവുമാണ് അതിന്റെ മറുമരുന്ന്.കോപം വന്നാൽ സ്വയം നിയന്ത്രിക്കണം.ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക . അപ്പോൾ കോപത്തിന്റെ നിസ്സാരത നമുക്ക് മനസ്സിലാവുകയും ക്ഷമയുടെ മഹത്വം ബോധ്യപ്പെടുകയും ചെയും.
"അതിവേഗത ആപത്ത്.." ഇത് നമ്മുടെ മനസ്സിന് കൂടി ബാധകമാവുന്ന നിയമമാണ്. നിയന്ത്രണാതീതമായ വാഹനത്തിനും നിയന്ത്രണമില്ലാത്ത മനസ്സിനും ശരവേഗം ആയിരിക്കും.അവ മൂലം ഉണ്ടാകുന്ന നാശം പിന്നീട് ശരിപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല.
കോപം നിയന്ത്രിക്കുക. പരിഹാരം ഇല്ലാത്ത അധമവികാരമാണ് അനാവശ്യമായ കോപം.
ക്രോധം മൂലം സംഭവിക്കുന്ന തെറ്റുകൾ പിന്നീട് നമുക്ക് തിരുത്താനൊ , പരിഹരിക്കാനോ സാധിച്ചെന്ന് വരില്ല.
ക്ഷിപ്രകോപി
ആത്മനാശത്തിനും ചുറ്റുമുള്ളവരുടെ വിനാശത്തിനും കാരണമാകും.
ഇവർ മറ്റുള്ളവരുടെ മനസ്സിലേല്പിക്കുന്ന മുറിവുകൾ ഉണക്കാൻ പറ്റിയ ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല .
കോപിക്കുന്നവർ ചെയ്യുന്ന പ്രവൃത്തികൾ പൊട്ടിച്ചിതറിയ കണ്ണാടി പോലെയാണ്.
എത്ര സുന്ദരമായി അത് കൂട്ടിച്ചേർത്താലും ചില വടുക്കൾ ശേഷിക്കും.
ഒരു കോപത്തിന് ചിലപ്പോൾ മൂന്നോ നാലോ മിനിറ്റ് മാത്രമേ ആയുസ്സുണ്ടാവുകയുള്ളൂ.. പക്ഷേ ആ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു പോകുന്ന ചില വാക്കുകൾക്ക് , ചെയ്തുകൂട്ടുന്ന ചില അബദ്ധങ്ങൾക്ക് , എടുക്കുന്ന ചില തീരുമാനങ്ങൾക്ക് ഒരായുസ്സിന്റെ
ദൈർഘ്യമുണ്ടായിരിക്കും .
ഒരു കോപം കൊണ്ട് വരുത്തി വയ്ക്കുന്ന തിന്മകൾ നൂറ് നന്മ കൊണ്ടും നമുക്ക് മായ്ച്ചുകളയാനാവില്ല .
അതുപോലെ തന്നെയാണ് പറഞ്ഞു കഴിഞ്ഞ അപവാദങ്ങളും ചീത്ത വാക്കുകളും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല.
✍️: അശോകൻ.സി.ജി.