കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. എറ്റവും നല്ല കാഴ്ചയും അത് തന്നെ..
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്.
കാണുക, നോക്കുക ഇതു രണ്ടും നമ്മുടെ കണ്ണ് കൊണ്ടു നാം ചെയ്യുന്ന പ്രവർത്തനമാണ്.. ഇതു തമ്മിൽ എന്തെങ്കിലും വിത്യാസമുണ്ടോ?
കാണുക എന്നത് നമ്മുടെ കണ്ണുകൾക്കുള്ള ഒരു കഴിവാണ്.. അത് സ്വാഭാവികമായി സംഭവിക്കുന്നതുമാണ്.. കാഴ്ചയുള്ള കണ്ണാണ് നമുക്ക് ഉള്ളതെങ്കിൽ എവിടെയൊക്കെ നമ്മളുണ്ടോ അവിടെയുള്ള പല വസ്തുക്കളും സംഗതികളും നാം കാണും.. അതിൽ തെറ്റ് പറയാൻ ഒന്നുമില്ല.
എന്നാൽ നോക്കുക എന്നത് ഒരു ശ്രമം ആവശ്യമുള്ള കാര്യമാണ്.. ചില കാര്യങ്ങൾ നോക്കാനും ചില കാര്യങ്ങൾ നോക്കാതിരിക്കാനും നമ്മോട് ആവശ്യപ്പെടുന്നുണ്ട്.. ഉദാഹരണത്തിനു അന്യരുടെ സ്വകാര്യതയിലേക്ക് നോക്കുക, ഒളിഞ്ഞു നോക്കുക എന്നതൊക്കെ സമൂഹം തെറ്റാണെന്ന് വിശ്വസിക്കുന്നു.. അതേ സമയം ദൈവത്തിന്റെ ദൃഷ്ടാന്തങ്ങൾ (മഴ, യാത്ര ചെയ്‌തു മുൻകാലങ്ങളിൽ നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ ) എന്നിവ കാണുവാനും അതിൽ നിന്ന് പാഠമുൾക്കൊള്ളാനും നമ്മോട് ആവശ്യപ്പെടുന്നുണ്ട്.
ചില കാര്യങ്ങൾ നന്നായി നോക്കിയാലേ കാണാൻ പറ്റൂ..ചിലത് കാണാതെ പോയാൽ നമുക്ക് അപകടം വരും.. അല്ലെങ്കിൽ ഏതെങ്കിലും കുഴിയിൽ ചാടും. അപ്പോൾ നമ്മൾ പറയുന്ന എക്സ്യൂസ് ഞാൻ കണ്ടില്ല എന്നാണ്...ഈ കാണലിന്റെ അർത്ഥം ശ്രദ്ധയിൽ പെടുക എന്നാണ്.. ചിലർ നമ്മോട് ആ സമയത്തു ചോദിക്കുന്ന ചോദ്യം എന്താടോ മുഖത്ത് കണ്ണില്ലേ എന്നാണ്..
മറ്റു ചില കാണലുകൾ ഉണ്ട്.. പിന്നെ കാണാം എന്നതിന് ഒരർത്ഥമേയുള്ളൂ.. എന്നാൽ ഞാൻ പിന്നെ കാണുന്നുണ്ട് എന്ന് പറഞ്ഞാൽ പറയുന്ന ടോൺ അനുസരിച്ചു വ്യത്യസ്ത അർത്ഥം വരും... നമുക്ക് കാണാം എന്ന് പറഞ്ഞാലും അതിലൊരു പ്രതികാരത്തിന്റെ സ്വരം ചിലപ്പോൾ കാണാം..
കാണുവാൻ കണ്ണ് വേണമെന്നില്ല..ഉദാഹരണം സ്വപ്നം.. അന്ധന്മാരും സ്വപ്നം കാണാറുണ്ടല്ലോ.നാം തന്നെ ദിവാ സ്വപ്നം കാണുന്നത് കണ്ണ് കൊണ്ടല്ലല്ലോ.
ചില കാണലുകൾ വിശേഷങ്ങളാണ്.. കണി കാണൽ , പെണ്ണ് കാണൽ എന്നിവ.. ചില കാഴ്ചകളും നമുക്ക് പ്രിയപ്പെട്ടതാണ്.. തിരുമുൽ കാഴ്ച്ച, ദൈവാസ്തിത്വത്തെ സൂചിപ്പിക്കുന്ന കാഴ്ച -ചില ദർശനങ്ങൾക്ക് വേണ്ടി നാം തീർത്ഥയാത്ര ചെയ്യാറില്ലേ..നാട്ടുമ്പുറത്തു ഒരു ആചാരമുണ്ട്.
വയറു കാണൽ..ആദ്യമായി ഗർഭം ധരിച്ച സ്ത്രീയെ പോയി കാണുന്നതാണ് വയറു കാണൽ..എല്ലാം കണ്ടും അറിഞ്ഞും ചെയ്യണമെന്ന് പഴമക്കാർ പറയുന്നതിന്റെ പൊരുൾ കേവലം കാണുക എന്നല്ലല്ലോ.. എല്ലാം മുൻകൂട്ടി കണ്ടു കൊണ്ടു ചെയ്യണമെന്നാണ്.
ചില മഹാന്മാരെ ക്കുറിച്ച് ക്രാന്തദർശി എന്ന് വിശേഷിപ്പിക്കാറുണ്ട്.. മനുഷ്യരാശിക്കു പ്രയോജനപ്പെടുന്ന ചില പ്രവചനങ്ങൾ നേരത്തെ കണ്ടു പറഞ്ഞു വെക്കുന്നവരാണ് ഇവർ..കണ്ണുകൾ കൊണ്ടു കാണുക മാത്രമല്ല എറിയുകയും ചെയ്യാറുണ്ട് ചിലർ . അതാണ് കണ്ണേറ്.. ഈ കണ്ണ് കൊള്ളാതിരിക്കാൻ നാം ശ്രമിച്ചേ പറ്റൂ... അതു പോലെ കണ്ണ് കൊണ്ടു ചിലർ ചില മനുഷ്യരെ കടിക്കാറു മുണ്ട്. അതാണ് കണ്ണ് കടി. ഈ കടിക്ക് വേദന ഉണ്ടാകില്ല.. എങ്കിലും ഈ കടി മതി ഒരാളുടെ ജീവിതം തുലയാൻ.
കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. ഏറ്റവും നല്ല കാഴ്ചയും അത് തന്നെ..
ഈ വിശാലമായ ഭൂമി നമുക്ക് തരുന്ന ഭംഗിയുള്ള കാഴ്ചകൾ നാം ഒരിക്കൽ പോലും കാണാൻ ശ്രമിക്കാറെയില്ലല്ലോ?
പക്ഷേ നമ്മുടെ കാഴ്ച ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ പണ്ട് നാം കണ്ടു മറന്ന കാഴ്ചകളുടെ വർണ്ണ ഭംഗി ഭാവനയിൽ കണ്ട്,അവയെ പുനർജജനിപ്പിക്കാൻ നാം വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും.
ഇനി ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകളെയോർത്തു, നഷ്ടത്തെയോർത്തു നഷ്ടപെട്ടവയെ ഓർത്തു വീണ്ടും സ്വപ്‌നങ്ങൾ കണ്ടു തുടങ്ങും. നഷ്ടപ്പെട്ടു കഴിയുമ്പോൾ ചുറ്റും പരതും, കിട്ടാത്തതിന്റെ വേണ്ടിയുള്ള പരതൽ.
പുറംലോകം മാത്രം കണ്ട്, ആസക്തമായി അലഞ്ഞു നടക്കുന്ന മനുഷ്യരോട് റൂമി പറയുന്നു:
'ആസക്തന്റെ കണ്ണാകുന്ന കൂജ നിറയില്ലൊരിക്കലും.
തൃപ്തി നിറവായി വിരിയാതെ
ചിപ്പിയിൽ മുത്ത് നിറയില്ല.
ഈ മഹാസമുദ്രത്തിൽ നിന്ന് നിന്റെ കുഞ്ഞുകൂജയിൽ
എത്ര നിറക്കാനാവും ?'
പുറത്തേക്കു കണ്മിഴിക്കും തോറും അടങ്ങാതെ അലഞ്ഞു കൊണ്ടിരുന്ന കണ്ണുകളെ, അകമേക്ക് കൊണ്ടുവന്നു വിശ്രാന്തമാക്കി സ്വസ്ഥനാവൂ എന്ന് തന്നെയാണ് എക്കാലവും എല്ലാ ഗുരുക്കന്മാരും നമ്മെ ഉണർത്തിയത്.
ആൾക്കൂട്ടങ്ങളുടെ ആസക്തമായ ഊർജ്ജവലയത്തിൽ നിന്ന് മുക്തമായി നിലകൊള്ളാൻ അവസരം കിട്ടുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. നമ്മുടെ ആഴങ്ങളറിയാൻ നമുക്ക് ലഭിക്കുന്ന സൗഭാഗ്യമാണത്.
ചുമ്മാ ഇരിക്കാൻ പാകപ്പെട്ട ആത്മാന്വേഷിയോട് റൂമി പറയുന്നു:
'യഥാർത്ഥമായി നിനക്ക് വേണ്ടതൊന്നും ഈ ബാഹ്യപ്രപഞ്ചത്തിൽ ഇല്ല.
അകമേ നോക്കുക.
നിനക്ക് വേണ്ടതെല്ലാം അകത്തുണ്ട്.
'നീ തന്നെ' ആണത്. '
കണ്ണടച്ച് അകത്തേക്ക് നോക്കിയിട്ട് കൂരിരുട്ട് മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞ ശിഷ്യനോട് ജ്ഞാനിയായ ഗുരു പറഞ്ഞു:
' അകത്തെ എല്ലാ വെളിച്ചവും അണഞ്ഞു സിനിമ തുടങ്ങിയ ശേഷം തിയേറ്ററിനകത്തു കയറുമ്പോൾ, ആദ്യം കൂരാകൂരിരുട്ട് അനുഭവപ്പെടുന്നു.... എന്നാൽ, കുറച്ചു സമയം ക്ഷമയോടെ കാത്തിരുന്നാൽ ക്രമേണ കാഴ്ച വ്യക്തമാകുന്നതായി കാണാം. ഇതുപോലെ ആണ് ആത്മസ്വത്വത്തിലേക്ക് കൺതുറക്കുന്നവരുടെ അവസ്ഥയും. '
ചുമ്മാതെ സ്വസ്ഥനായിരുന്ന്, മൗനിയായി അകമേയുള്ള വസന്തത്തിലേക്ക് മിഴിതുറക്കാൻ പഠിപ്പിച്ച അവധൂതൻ തന്നെയാണ് ഇപ്പോഴും സ്നേഹതാരകം.