ബാത്‌റൂമിൽ നിന്നുള്ള ദുർഗന്ധം പല വീടുകളിലെയും പ്രശ്നമാണ്. മൂക്ക് പൊത്തി ബാത്‌റൂമിൽ കയറേണ്ട സാഹചര്യമാണ് ചില വീടുകളിലെങ്കിലും. നിങ്ങളുടെ ബാത്റൂം സുഗന്ധ പൂരിതമാക്കാൻ ചില വഴികളുണ്ട്.
പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ പല വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും.
പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
വീട്ടിലെ അംഗങ്ങൾ മാത്രം കൂടുമ്പോൾ ഇത് ഒരു പ്രശ്നമായി തോന്നാറില്ല എങ്കിലും വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ അത് ഒരു വലിയ പ്രശ്നമായി മാറുന്നു.എത്രയൊക്കെ വീട് വൃത്തിയാക്കിയാലും ബാത്ത്റൂം ദുര്‍ഗന്ധം നിറഞ്ഞതാണെങ്കിൽ നിങ്ങളെ കുറിച്ചുള്ള സകലമതിപ്പും വിരുന്നുകാര്‍ക്ക് നഷ്ടമാകും.
പണ്ട് കാലങ്ങളിൽ വീടിനകത്ത് ടോയ്‌ലറ്റ് എന്ന ഒരു കൺസെപ്റ്റ് തന്നെ ഇല്ലായിരുന്നു.
വീട്ടിൽ നിന്നും കുറച്ചു ദൂരം മാറി ഒരു ടോയ്ലറ്റ് നൽകുക എന്ന രീതിയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബാത്ത് റൂമിലെ ദുർഗന്ധം വീട്ടിനകത്തേക്ക് വരുമെന്ന പേടിയുടെ ആവശ്യവും ഉണ്ടായിരുന്നില്ല.
എന്നാൽ വീട്ടിനകത്ത് ടോയ്ലറ്റ് വന്നതോടു കൂടി ചെറിയ രീതിയിലുള്ള ഒരു ദുർഗന്ധം പോലും പരന്ന് എല്ലായിടത്തും എത്തുന്ന അവസ്ഥയായി. ചിലപ്പോഴൊക്കെ ബാത്റൂമിന്റെ വാതിൽ അറിയാതെ തുറന്നിരിക്കുകയാണെങ്കിൽ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം ആ വീട് മുഴുവൻ പരക്കുന്നതായി അനുഭവപ്പെടാറുണ്ടല്ലേ.
ഇനി എത്രയൊക്കെ വൃത്തിയാക്കിയാലും പെട്ടെന്ന് വൃത്തികേടായി ദുർഗന്ധം ഉണ്ടാകാനിടയുള്ള സ്ഥലമാണ് ബാത്റൂം. സദാ ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലം ആയതാണ് ബാത്ത്റൂമുകളിൽ കീടാണുക്കള്‍ പെരുകാന്‍ കാരണമാകുന്നത്. എങ്ങനെയാണ് ബാത്ത്റൂം കണ്ണാടി പോലെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത്?
ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ബാത്ത് റൂമിലെ ദുർഗന്ധം ഇല്ലാതാക്കാൻ സാധിക്കും
നനഞ്ഞ ടവൽ/വസ്ത്രം
നനഞ്ഞ ടവൽ ബാത്റൂമിൽ തൂക്കിയിടുന്ന പതിവുണ്ടോ? ബാത്‌റൂമിൽ മാത്രമല്ല ഏത് മുറിയിലായാലും നനഞ്ഞ ടവൽ ഇടുന്നത് ഒരു മോശം ശീലം തന്നെയാണ്. എന്നാൽ നിങ്ങൾ ബാത്ത്റൂമിൽ ഇത് ചെയ്താൽ, അത് വളരെ ഈർപ്പമുള്ള മുറിയായതിനാൽ അവസ്ഥ ഒന്ന് കൂടെ മോശമാകും. ടവ്വൽ ഉപയോഗിച്ചതിന് ശേഷം വെയിലത്ത് ഉണക്കുന്നതാണ് ഏറ്റവും നല്ലത്. അൽപ്പം ഉണങ്ങുമ്പോൾ നിങ്ങൾക്ക് അവ വീണ്ടും ബാത്ത്റൂമിൽ തൂക്കിയിടാം. എന്നിരുന്നാലും നിങ്ങൾ അവ കൂടുതൽ ഉണങ്ങിയ നിലയിൽ ബാത്റൂമിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ചിലരൊക്കെ കുളി കഴിഞ്ഞാൽ ആ തോർത്ത് നനവോടുകൂടെതന്നെ കുളിമുറിയിൽ തൂക്കിയിടുന്ന ശീലം ഉണ്ട് ഇത് നമ്മൾ ഉപയോഗിക്കുന്ന തോർത്തുമുണ്ടിലേക്ക് കൂടുതൽ അണുക്കൾ കയറാൻ കൂടി കാരണമാകും.
ബേക്കിങ് സോഡ ഉപയോഗിക്കാം
ബാത്ത്റൂം ദുര്‍ഗന്ധത്തിനുള്ള പരിഹാരമാണ് നമ്മുക്ക് സുലഭമായി ലഭിക്കുന്ന ബേക്കിങ് സോഡ എന്ന കാര്യം അറിയാമോ ? ബാത്ത്റൂമിലും ക്ലോസറ്റിലും ഒരിത്തിരി ബേക്കിങ് സോഡ വിതറിയ ശേഷം വെള്ളം ഒഴിച്ച് ഉരച്ചു കഴുകി നോക്കൂ. തറയും ക്ലോസറ്റും നന്നായി മിന്നിതിളങ്ങും. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ തന്നെ ബാത്ത്റൂംമില്‍ ദുര്‍ഗന്ധം തളംകെട്ടില്ല.
ടോയ്ലറ്റ് ഫ്രഷ് ടാങ്കിൽ അല്പം ഡിറ്റർജെന്റ് ചേർക്കാം
ടോയ്‌ലറ്റിലൂടെ ഒഴുകുന്ന വെള്ളം പുതുമയുള്ളതാക്കുന്നതിന് ലഭ്യമായ എല്ലാ ഉൽപ്പന്നങ്ങൾക്കും പുറമേ, അധിക സുഗന്ധമുള്ളതാക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ചെറിയ പൊടിക്കൈ ഉണ്ട്. ഫ്ലഷ് ചെയ്യുന്നതിന് നിങ്ങൾ ഹാൻഡിൽ അമർത്തിയാൽ പുറത്തുവിടുന്ന വെള്ളത്തിൽ അല്പം ഡിറ്റർജന്റ് (തീർച്ചയായും അവയ്ക്ക് മനോഹരമായ മണം ഉണ്ട്) ചേർക്കുക. അങ്ങനെ, അത് വളരെ നേരം വായുവിൽ തങ്ങിനിൽക്കുന്ന സുഖകരവും ഊർജ്ജസ്വലവുമായ ഒരു സുഗന്ധം പുറപ്പെടുവിക്കും.
വിനാഗിരി ഉപയോഗിക്കാം
വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ വീട്ടിലുണ്ടോ? എന്നാല്‍ ബാത്ത്റൂമിലെ ദുര്‍ഗന്ധം പമ്പ കടക്കും. വിനാഗിരി പറ്റിപിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാനും സഹായിക്കും.
നാരങ്ങ,നാരങ്ങാനീര്...
വൃത്തിയാക്കാനും ദുർഗന്ധം അകറ്റാനും നാരങ്ങ മികച്ച മാർഗ്ഗമാണ്. മനോഹരമായ സൗരഭ്യവാസനയും ദുർഗന്ധം നിർവീര്യമാക്കുന്ന ഗുണവും കൂടാതെ, ഇത് ശക്തമായ പ്രകൃതിദത്ത ക്ലീനറാണ്. നാരങ്ങയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡിൽ നിന്നാണ് ഈ ഗുണങ്ങൾ ഉണ്ടാകുന്നത്. നിങ്ങളുടെ ദൈനംദിന ഉപയോഗത്തിനുള്ള ഗാർഹിക ഡിറ്റർജന്റ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം നാരങ്ങ നിങ്ങളുടെ ബാത്ത്റൂമിലുടനീളം തടവുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗ്ഗം. ഈ രീതിയിൽ, അതിന്റെ പ്രഭാവം ഉപരിതലത്തിൽ കൂടുതൽ നേരം നിലനിൽക്കുകയും അതിന്റെ ജോലി ഫലപ്രദമായി പൂർത്തിയാക്കുകയും ചെയ്യും.
ഒരല്‍പം നാരങ്ങ പിഴിച്ചു ബാത്ത്റൂമില്‍ ഒഴിച്ച ശേഷം ഒന്ന് കഴുകി നോക്കൂ. അതും ചൂട് വെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ നല്ല ഫലം ലഭിക്കും.
സുഗന്ധലായനികള്‍ ഉപയോഗിക്കാം
ഡെറ്റോള്‍, ഫിനോയില്‍ പോലെയുള്ള സുഗന്ധലായനികള്‍ കൊണ്ട് ബാത്ത്റൂം ദിവസവും കഴുകുന്നത് ഗുണം ചെയ്യും. ടോയ്‍ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇത് ദിവസം മുഴുവന്‍ ബാത്ത്റൂമില്‍ സുഗന്ധം തങ്ങി നില്‍ക്കാന്‍ സഹായിക്കും.
സുഗന്ധം പരത്തുന്ന തൈലങ്ങൾ
വീട്ടിലും ബാത്റൂമിലും സുഗന്ധം പരത്തുന്നതിന് ആരോമാറ്റിക് ഓയിലുകൾ മികച്ച പരിഹാരമാണ്. ബേബി ഓയിലിൽ ഒരു കോട്ടൺ പഞ്ഞി മുക്കിവച്ചത് ബാത്റൂമിൽ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും അവശ്യ എണ്ണയും ഈ വിധം ബാത്‌റൂമിൽ വെയ്ക്കാം. മുറി മുഴുവൻ നല്ല സൗരഭ്യം കൊണ്ട് നിറയും. വെസ്റ്റ് ബിൻ, ടോയ്‌ലറ്റ് പേപ്പർ റോൾ, ടൂത്ത് ബ്രഷ് മഗ് എന്നിവിടങ്ങളിലും ഇത്തരത്തിൽ എണ്ണ പുരട്ടിയ പാഡ് വെയ്ക്കാം.
ഇതിന്റെയെല്ലാം കൂടെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ആണ് ബാത്ത്റൂമില്‍ എക്സോസ്റ്റ് ഫാന്‍ ഘടിപ്പിക്കുക എന്നത്. ഇത് ഉള്ളിലെ വായുവിനെ പുറത്തുകടത്തും. അതുപോലെ ഉപയോഗിക്കാത്ത സമയത്ത് ക്ലോസറ്റ് സീറ്റ് അടച്ചു വയ്ക്കാനും ശ്രദ്ധിക്കുക. ഒരിക്കലും മാലിന്യങ്ങള്‍ ബാത്ത്റൂമില്‍ നിക്ഷേപിക്കരുത്. വെള്ളം തളംകെട്ടി നില്‍ക്കുന്ന ബാത്ത്റൂമുകളില്‍ ദുര്‍ഗന്ധം കൂടാനുള്ള സാധ്യതയുണ്ട്.
മേൽപ്പറഞ്ഞവയ്‌ക്ക് പുറമേ, ഏറ്റവും ലളിതവും ആരോഗ്യകരവുമായ പൊടിക്കൈ ഏതെന്ന് വളരെ വ്യക്തമാണ്: കുളിമുറിയിലൂടെ വായു പ്രചരിക്കാൻ അനുവദിക്കുക. മുറിയിൽ വായുസഞ്ചാരം ഉള്ളത് ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധം പുറത്തേക്ക് പോകാൻ അനുവദിക്കും. എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ജനാലകൾ തുറന്നിടുക. ഇത് നിങ്ങൾ മെച്ചപ്പെട്ട വായു ശ്വസിക്കുന്നതിന് വഴിയൊരുക്കുക മാത്രമല്ല, നിങ്ങൾ കഴിഞ്ഞ തവണ വായുസഞ്ചാരം നടത്തിയതിന് ശേഷം അടിഞ്ഞുകൂടിയ വൈറസുകളോ ബാക്ടീരിയകളോ ഇല്ലാതാകുന്നതും ഉറപ്പാക്കും.