നമ്മളോട് "ഒപ്പമുണ്ട് " എന്നൊരു വാക്ക് ഒരു സുഖമാണ്..ജീവിതത്തിന്റെ മുന്നോട്ടുള്ള വീഥിയിൽ ധൈര്യം പകരുന്ന സുഖം. കാലത്തിന്റെ പ്രയാണത്തിനുമപ്പുറം,
ഋതുഭേദങ്ങൾക്കുമപ്പുറം,
പിന്നിട്ട ദൂരങ്ങൾക്കുമ പ്പുറം,മനസ്സുകൊണ്ട് അരികെ വേണം അനുഗ്രഹീതമായ ഇത്തരം സ്നേഹബന്ധങ്ങൾ..
നമ്മളെ കാണാതാവുമ്പോൾ "ഇതുവരെ എവിടെയായിരുന്നു ? " എന്നൊരു അന്വേഷണം ,മിണ്ടാതിരിക്കുമ്പോൾ "തനിക്ക് എന്തു പറ്റിയെടോ ? "എന്നൊരു ചോദ്യം,നമ്മുടെ മുഖത്തെ ചിരി മായുമ്പോൾ തിരികെ നൽകുന്ന വിടർന്ന പുഞ്ചിരി..,കണ്ണുകൾ നിറയുമ്പോൾ "സാരമില്ലെടോ ? "എന്ന് പറഞ്ഞ് ഒരു ചേർത്ത് നിർത്തൽ...ഒരു കുഞ്ഞു പിണക്കത്തിനൊടുവിൽ മധുരമുള്ള ഇണക്കങ്ങൾ... ഇതൊക്കെയാണ് ഒറ്റയ്ക്കാവുന്നു എന്ന് നമുക്ക് തോന്നുമ്പോൾ ഒറ്റക്കല്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തലുകൾ .
പ്രണയമാകട്ടെ അല്ലെങ്കിൽ സൗഹൃദമാകട്ടെ ഒരാൾക്ക് നമ്മളിൽ ഇനി തുടരാൻ താല്പര്യം ഇല്ല എന്ന് എപ്പോൾ മുതൽ അറിയിക്കുന്നുവൊ.., ആ നിമിഷം മുതൽ അതിൽ നിന്നും മാറി നടക്കാൻ മനസ്സുണ്ടാവുന്നിടത്തോളം വിശാലമാകണം നമുക്ക് അവരോടുള്ള സ്നേഹം..
ഒരാൾ നമ്മളോട് മിണ്ടാതിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന വിഷമവും മാനസിക സംഘർഷവും എത്രത്തോളമുണ്ട് , അതായിരിക്കും നമുക്ക് അയാളോടുള്ള സ്നേഹത്തിന്റെ ആഴം.
നമ്മുടെ കൂടെയുണ്ട് പലരും..നമ്മൾ അറിയുന്നില്ല.. നമ്മുടെ കൂട്ടത്തിലില്ലെങ്കിലും, കൂടെ പിറക്കാതെ പോയെങ്കിലും..
കൂടപ്പിറപ്പായി പലരും.. നമ്മൾ
അവരിൽനിന്ന് ഒഴിവായത് ശരീരം കൊണ്ട് മാത്രമാവും. മനസ്സ് ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മളത് അറിയുന്നില്ലെങ്കിൽ പോലും...
വിട്ടുകളയാൻ തോന്നാത്തതും എന്നാൽ നമുക്ക് സ്വന്തമാക്കാൻ കഴിയാത്തതുമായ ചില ബന്ധങ്ങളായിരിക്കും നമുക്ക് കൂടുതൽ സന്തോഷവും അതുപോലെ തന്നെ സങ്കടവും നൽകുന്നത്. നമുക്കുള്ളത് എല്ലാവർക്കും ഉണ്ടാകണമെന്നില്ലല്ലോ.. അതുപോലെ തന്നെ എല്ലാവർക്കും ഉള്ളത് നമുക്കും ഉണ്ടാകണമെന്നില്ല.
✍️:അശോകൻ സി .ജി .