പ്രണയ വിവാഹങ്ങളിൽ ഉൾപെട്ടവർ സാധാരണയായി അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ?.
പ്രണയം ,വിവാഹം എന്ന യാഥാർഥ്യത്തിലേക്ക് മാറുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ട്, ഒറ്റപ്പെടൽ, പങ്കാളിയിൽ നിന്നുള്ള പീഢനങ്ങൾ തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.
തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളേയും, ബന്ധു ജനങ്ങളേയും മറ്റുള്ളവരെയും ധിക്കരിച്ചു കൊണ്ട് പ്രണയിതാക്കൾ മാത്രമുള്ള ഒരു ജീവിതത്തിലേക്കു . കടക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയേറെ തളർത്തും.
ഓരോ വ്യക്തിക്കും ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങളുണ്ടാകാം. പ്രണയിക്കുന്ന സമയത്തു അതൊന്നും പ്രകടമാകില്ല. അല്ലെങ്കിൽ മറച്ചു വെക്കും. എന്നാൽ ഒന്നിച്ചു കുറേ കഴിയുന്നതോടെ സംശയം, ദേഷ്യം, ഉപദ്രവങ്ങൾ, മദ്യപാനം ആത്മഹത്യ പ്രവണത എന്നീ ഭാവങ്ങളിലൂടെ ഇതെല്ലാം പുറത്തു വന്നു തുടങ്ങും.
പങ്കാളിയുടെ യഥാർത്ഥ മുഖം പ്രകടമാകുന്നു. ഞാനിങ്ങനെ ഒരാളെയല്ലല്ലോ പ്രതീക്ഷിച്ചതെന്ന ചിന്ത കടന്നുവരുന്നു. നിരാശ്ശയിലേക്കു നീങ്ങുന്നു.
പങ്കാളിയിൽ ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളും ഒറ്റപ്പെടലും നേരിടേണ്ടി വരുമ്പോൾ എന്റെ തീരുമാനം തെറ്റായിരുന്നോ എന്ന തോന്നൽ മനസ്സിൽ തലപൊക്കി തുടങ്ങും. ഇതൊന്നും വേണ്ടായിരുന്നു എന്ന് ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്നു തുടങ്ങും. അതോടെ പങ്കാളിയോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരും. അത് പലതരത്തിലുള്ള പൊരുത്തക്കേടുകളായി പുറത്തു വന്നുകൊണ്ടിരിക്കും.
പ്രണയ സമയത്തു പ്രകടമാകുന്ന മുഖമായിരിക്കില്ല വിവാഹാനന്തരം പങ്കാളിയിൽ പ്രകടമാകുന്നത്. പങ്കാളിയെ ശരിക്കും മനസ്സിലായ ശേഷം മാത്രം ദീർഘകാല ബന്ധത്തിലേക്കു കടക്കാവു എന്നു ഓർമ്മപ്പെടുത്തട്ടെ!.
KHAN KARICODE
CON PSYCHOLOGIST