വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെയാണ് പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുന്നത്. വ്യക്ത്യാധിഷ്ഠിത വാദങ്ങളാണ് കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നത്. വ്യക്തികളെയാണ് എതിർക്കുന്നതെങ്കിൽ സ്വരം ഉയർന്നു നിൽക്കും, വാദങ്ങളെയാണ് എതിർക്കുന്നതെങ്കിൽ അഭിപ്രായം ഉയർന്നു നിൽക്കും.
എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച അയാള്‍ കയ്യിലെടുക്കും. നാട്ടില്‍ ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്‍ കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്‍ അയാള്‍ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്‍ അയാളാണ്.
ഇതിനിടയില്‍ അയാളുടെ വ്യക്തിത്വത്തിനുതന്നെ തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളിപ്പോള്‍ എന്തു കാര്യം പറഞ്ഞാലും ആരും അത് ഗൗനിക്കുകയേയില്ല. വേണ്ടാത്തതിലൊക്കെയും തലയിട്ടതിനു അയാള്‍ക്കു കിട്ടിയ ശിക്ഷയാണിത്. മാത്രമല്ല, അയാളുടെ ജീവിതമോ തികച്ചും ശൂന്യവുമാണ്. അത്തരമൊരാള്‍ എന്റെ അറിവില്‍ മാത്രമല്ല, നിങ്ങളുടെ നാട്ടിലുമുണ്ട്. എല്ലാ നാട്ടിലുമുണ്ട്.
താനുമായി ബന്ധമില്ലാത്തതിലേക്ക് വലിഞ്ഞുകയറുന്നതും വഴിയെ പോകുന്നവയെ എടുത്ത് തലയില്‍വെക്കുന്നതും ഇങ്ങനെ ചിലരുടെ സ്വഭാവമാണ്. അവരും ജീവിതവും അതുവഴി ഒരു നിരര്‍ഥകതയിലേക്കും മേല്‍ സൂചിപ്പിച്ചതുപോലുള്ള തേയ്മാനങ്ങളിലേക്കുമാണ് സത്യത്തില്‍ എത്തിച്ചേരുന്നത്.
ഒരിക്കൽ ഒരു സ്കൂൾ മൈതാനത്ത് രണ്ടു കുട്ടികൾ തമ്മിൽ വലിയ തർക്കമായി. കയ്യാങ്കളിയിലെത്തുമെന്നായപ്പോൾ രണ്ടുപേരെയും ടീച്ചർ ഓഫിസിലേക്കു കൊണ്ടുപോയി. താൻ പറഞ്ഞതാണ് ശരി എന്ന വാദത്തിൽ രണ്ടു കുട്ടികളും ഉറച്ചുനിന്നു. മുഖാമുഖം നിന്ന കുട്ടികളുടെ നടുവിൽ ടീച്ചർ ഒരു മരക്കുതിരയെ വച്ചു. എന്നിട്ട് അവരോട് അതിന്റെ നിറമെന്തെന്നു ചോദിച്ചു. ഒന്നാമൻ പറഞ്ഞു "കറുപ്പ്", അവനെ പുച്ഛിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു "വെളുപ്പ്."
ഇരുവരും പരസ്പരം വശംമാറി നിൽക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. ടീച്ചർ വീണ്ടും ചോദിച്ചു "ഇപ്പോഴെന്താണു കുതിരയുടെ നിറം?"
ഒന്നാമൻ പറഞ്ഞു."വെളുപ്പ്", രണ്ടാമൻ പറഞ്ഞു "കറുപ്പ്." ആ കുതിരയുടെ ഓരോ വശത്തും ഓരോ നിറമാണ് പൂശിയിരുന്നത്.
മറുവശത്തുനിന്നു കൂടി ചിന്തിച്ചാൽ നമ്മുടെ മിക്ക പ്രശ്നങ്ങളും അവസാനിക്കും. എല്ലാ വാഗ്വാദങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഏത് 'ശരി' എന്നു തീരുമാനിക്കാനല്ല, 'ആര് ശരി' എന്ന് തീരുമാനിക്കാനാണ്. ആശയ ന്യായീകരണത്തിനു വേണ്ടി തുടങ്ങിയ വാഗ്വാദം ക്രമേണ ഈഗോ സംരക്ഷണത്തിലേക്കു മാറും.
വാദിക്കുന്നവർ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാവരും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങൾ കാണുന്നത്. ഒരേ കാര്യത്തിന് പല ശരികളുണ്ടാകും. ഒരേയൊരു ശരി തന്റേതു മാത്രമാണ് എന്നു കരുതുന്നതാണ് തർക്കങ്ങളുടെ വൈകാരികത വർധിപ്പിക്കുന്നത്. വ്യക്തികളെയല്ല വിഷയങ്ങളെയാണ് എതിർക്കേണ്ടത്.
വ്യക്തിയെ അംഗീകരിക്കുകയും വാദത്തെ ബഹുമാനിക്കുകയും ചെയ്യാതെ ഒരു തർക്കവും ക്രിയാത്മകമായി മുന്നോട്ടു പോകില്ല.
എന്റെ ആശയം ജയിക്കണമെന്നുള്ള പിടിവാശി എടുത്തുമാറ്റിയിട്ടു വേണം ഇരുവശത്തുമുള്ളവർ ചർച്ചക്കും സംവാദത്തിനും തയാറാകാൻ. പരിഹരിക്കപ്പെടണം എന്ന ആഗ്രഹമില്ലാതെ അധരവ്യായാമം നടത്തുന്നതു കൊണ്ടാണ് പല വിഷയങ്ങളും തർക്കവിഷയമായി എന്നും നിലകൊള്ളുന്നത്. വാദപ്രതിവാദം വിനോദമാക്കിയവർക്ക് എപ്പോഴും ഏതെങ്കിലുമൊരു തർക്കവിഷയം വേണം. രണ്ടാമതൊരു വിഷയമുണ്ടാകുന്നതുവരെ ആദ്യത്തേത് പരിഹരിക്കപ്പെടാതിരിക്കുന്നതാണ് അവർക്കിഷ്ടം. വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെയാണ് പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുന്നത്. വ്യക്ത്യാധിഷ്ഠിത വാദങ്ങളാണ് കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നത്. വ്യക്തികളെയാണ് എതിർക്കുന്നതെങ്കിൽ സ്വരം ഉയർന്നു നിൽക്കും, വാദങ്ങളെയാണ് എതിർക്കുന്നതെങ്കിൽ അഭിപ്രായം ഉയർന്നു നിൽക്കും.