കയ്യിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ലഭിക്കുന്നത് വരെ മാത്രമേ ആളുകൾക്ക് കയ്യിൽ ഉള്ളതിനോട് താൽപര്യം ഉണ്ടാകൂ. നിലവിൽ ലഭിക്കുന്ന എന്തെങ്കിലും നിർവൃതിയെക്കാൾ വലുതായി മറ്റൊന്ന് വരുമ്പോൾ മിക്കവരും അതിന്റെ പിറകെ പോകും.
മറ്റുള്ളവരുടെ ആദരം ലഭിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യം ആണ്. ചിലർക്ക് അവരുടെ ചില കഴിവുകളും നന്മകളും കൊണ്ട് ആദരം ലഭിക്കാറുമുണ്ട്.. എന്നാൽ ചിലരുടെ കാര്യത്തിൽ മറ്റുള്ളവരുടെ ആദരം എപ്പോഴും ആപേക്ഷികം മാത്രം ആയിരിക്കും. നമുക്ക് അധികാരം ഉണ്ടെങ്കിലൊ നമ്മിൽ നിന്ന് എന്തെങ്കിലും സഹായമോ ഗുണമോ ലഭിക്കും എന്ന് വരികിലോ മറ്റുള്ളവർ നമ്മെ ആദരിക്കുകയും നമുക്ക് മുന്നിൽ വിനീതനായി നിൽക്കുകയും ചെയ്തേക്കാം . എന്നാൽ അത് നമ്മുടെ അധികാരം നഷ്ടപ്പെടുന്നത് വരെയോ സഹായിക്കാനുള്ള നമ്മുടെ കഴിവ് കുറയുന്നത് വരെയോ ആയിരിക്കും.
എല്ലാ കാലത്തും എല്ലാവരാലും ആദരിക്കപ്പെട്ടവർ ആരും ഉണ്ടാവില്ല. ആൾക്കൂട്ടം കൽപ്പിക്കുന്ന വിലക്ക് അനുസരിച്ച് ആർക്കും ഉയരാനൊ വളരാനൊ ആവില്ല .ആരാധകരുടെ ലക്ഷ്യം ആരാധിക്കുന്നവരെ പിന്തുടരുകയോ അനുകരിക്കുകയോ ആവണം എന്നില്ല . പ്രശസ്തരെ പിന്തുടരുന്നതിലൂടെ അവർക്ക് ലഭിക്കുന്ന പ്രശസ്തിയോ ആനുകൂല്യങ്ങളോ ആവാം അവരുടെ ലക്ഷ്യം.
ഒരു സംഭവകഥയുണ്ട് അത് ഇങ്ങനെ ; ഒരിക്കൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ ബി ബി സി ഓഫീസിൽ ഒരു അഭിമുഖത്തിനായി എത്തി. അദ്ദേഹം അന്ന് ഒരു ടാക്സി വിളിച്ച് ആയിരുന്നു ബി ബി സി ഓഫീസിൽ എത്തിയത് . അഭിമുഖം കഴിഞ്ഞ് താൻ തിരിച്ചു വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹം ഡ്രൈവറോട് ആവശ്യപ്പെട്ടു.. എന്നാൽ ഇത് വിൻസ്റ്റൻ ചർച്ചിൽ ആണെന്ന് അറിയാതെ ആ ഡ്രൈവർ അദ്ദേഹത്തോട് പറഞ്ഞു : അത് പറ്റില്ല, ഇപ്പോൾ വിൻസ്റ്റൻ ചർച്ചിലിന്റെ പ്രഭാഷണം റേഡിയോയിൽ ഉണ്ട്. എനിക്ക് അത് കേൾക്കണം.
ഇത് കേട്ട വിൻസ്റ്റൻ ചർച്ചിലിന് സ്വയം അഭിമാനം തോന്നി. യഥാർത്ഥത്തിൽ ആ ഡ്രൈവർക്ക് നൽകേണ്ട കൂലിയേക്കാൾ ഇരട്ടി അയാൾക്ക് നൽകി . . ഇത് കണ്ട് സന്തോഷത്തിൽ മതിമറന്ന ആ ഡ്രൈവർ പറഞ്ഞു : "സാർ ഞാൻ എത്ര നേരം താങ്കൾക്കായി ഇവിടെ കാത്തിരിക്കണം . ചർച്ചിൽ എല്ലാം പോയി തുലയട്ടെ....
ഇതാണ് കഥ. ഇവിടെ എത്ര പെട്ടെന്നാണ് ചർച്ചിലിനോടുള്ള ആ ഡ്രൈവറുടെ താൽപര്യങ്ങൾ മാറി മറയുന്നത്. കയ്യിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ലഭിക്കുന്നത് വരെ മാത്രമേ ആളുകൾക്ക് കയ്യിൽ ഉള്ളതിനോട് താൽപര്യം ഉണ്ടാകൂ. .. നിലവിൽ ലഭിക്കുന്ന എന്തെങ്കിലും നിർവൃതിയെക്കാൾ വലുതായി മറ്റൊന്ന് വരുമ്പോൾ മിക്കവരും അതിന്റെ പിറകെ പോകും.
ഒന്നിലും സ്ഥിരമായി ഉറച്ചു നിൽക്കാത്തവർക്ക് ഒന്നിനോടും പ്രതിപത്തി ഉണ്ടാവണം എന്നില്ല. എല്ലാം പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കും... ആരുടെയെങ്കിലും അഭിപ്രായങ്ങൾക്ക് കാതോർത്ത് ഇരുന്നാൽ ആരും കൂടുതൽ വളരാനും പോകുന്നില്ല.