മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?.
മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ഥരാണ്. ചിലർക്ക് മറ്റുള്ളവരെ ഇഷ്ടമാണ്. മറ്റു ചിലർ ആരോടും ചേരില്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. അതിന്റെ ക്രഡിറ്റ് എല്ലാം തനിക്ക് തന്നെ വേണം . അത് ശരിയായ സമീപനമല്ല. അഹന്തയും അഹങ്കാരവുമാകാം.
വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ ഒരു കഥയുണ്ടായിരുന്നു .
ഒരു രാജാവ് തന്റെതു മാത്രമായ ഒരു അമ്പലം പണിയാൻ ആഗ്രഹിച്ചു. അതിന്റെ നിർമ്മിതിയിൽ ആരും അവകാശം പറയരുതെന്ന നിർബന്ധമുണ്ടായിരുന്നു. ചോദിച്ച് വില തന്നെ നൽകി സാധനങ്ങൾ വാങ്ങി . പണിക്കാർക്ക് അവർ ആഗ്രഹിക്കുന്ന കൂലി നൽകി.
ചിത്രപ്പണികൾ കൊണ്ടു മനോഹരമായിരുന്നു അമ്പലം .അങ്ങനെ എല്ലാം പൂർത്തീകരിച്ചു.
അമ്പലത്തിലെ മുൻവശത്ത് രാജാവ് തൻറെ പേരും തങ്ക ലിപികളാൽ ആലേഖനം ചെയ്തു.
അമ്പല മുറ്റത്ത് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രഭുക്കളോട് മറ്റാരുടെയും സഹായമില്ലാതെയാണിതു പണിതതെന്നും .ചിത്രപ്പണികൾ തന്റെ നിർദ്ദേശങ്ങളോടെ യാണെന്നും രാജാവ് വിശദീകരിച്ചു കൊണ്ടിരിക്കെ, ഒരു പറ്റം കിളികൾ പറന്നു വന്ന് രാജാവിൻറെ പേര് എഴുതിയ ഭാഗം കൊത്തി പറിച്ചു കളഞ്ഞു കൊണ്ട് പറന്നു പോയി. ഇത് കണ്ട് രാജാവ് വികാരാധീനനായി.
ദൈവകോപം ഉണ്ടായിരിക്കുന്നു എന്നാണ് പ്രശ്നം വെച്ചതിൽ തെളിഞ്ഞത്. രാജാവിന്റെതു മാത്രമെന്നു കരുതിയ അമ്പലം പൂർണ്ണമായി രാജാവിന് അവകാശപ്പെടാൻ കഴിയില്ല എന്നു പ്രശ്നത്തിൽ തെളിഞ്ഞു .നല്ല പ്രതിഫലം നൽകി അല്ല ചെയ്തിട്ടുള്ള തെന്നാണ് തെളിഞ്ഞത് .
പിന്നാലെ അതിൻറെ അന്വേഷണമായി . അവസാനം കാരണവും കണ്ടെത്തി. പണിക്കായി സാധനങ്ങൾ കൊണ്ടു വന്നത് കാളവണ്ടിയിലാണ്. വണ്ടി വലിച്ച കാളക്ക് വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ കുഴഞ്ഞു വീണു. ഇതു കണ്ടു നിന്ന അടുത്ത വീട്ടിലെയാൾ വെള്ളവും തീറ്റയും നൽകി. ക്ഷീണം മാറി കാളവണ്ടി യാത്ര തുടർന്നു . രാജാവ് അത് അറിഞ്ഞതുമില്ല.അത്ര കാര്യമാക്കിയതുമില്ല.
എവിടെ നിന്നെല്ലാമാണ് നമുക്ക് സഹായങ്ങൾ ലഭിക്കാറുള്ളത്. നാം അറിയുന്നില്ലായെന്നു മാത്രം. തനിയെ എല്ലാ നേടുമെന്ന അഹങ്കാരം പരാജയത്തിന് തുടക്കമല്ലേ?. ആത്മവിശ്വാസം ഒന്നു കൊണ്ടു മാത്രമായില്ല. മറ്റുള്ളവരുടെ സഹായം കൂടി ചേരണം. എങ്കിലേ പൂർണ്ണവിജയം കൈവരൂ.
ചുണ്ടൻ വള്ളം, മത്സരത്തിൽ വിജയിക്കണമെങ്കിൽ ഓരോത്തരായി ശ്രമിച്ചാൽ മതിയോ?. എല്ലാം തുഴയും ഒരുമിച്ച് തന്നെ വെള്ളത്തിൽ വീഴണം. താളത്തിനനുസരിച്ചു തന്നെ. സാമൂഹ്യജീവിതത്തിലും വേണ്ടതും അതു തന്നെയാണ്. അതിനാൽ അഹന്ത കളഞ്ഞു വിനയാന്വിതരായി പ്രവർത്തിച്ചു ജീവിതത്തിൽ വിജയിക്കാം.
KHAN KARICODE
CON PSYCHOLOGIST