സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി.
വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്.
അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ.
എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു.
രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..?
എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല.
എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്.
നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്.
സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സൂക്ഷ്മനിരീക്ഷണം നടത്തണം, ഇത്തരം ചിന്തകൾ അപക്വമാണ്.
എല്ലായിടങ്ങളിലും മത്സരാർഥികളോ എതിർസ്ഥാനാർഥികളോ ഉണ്ടാകും, അവരെ ന്യായമായ വഴിയിലൂടെ മത്സരിച്ച് തോൽപിക്കുന്നതിലൂടെയാണ് ജീവിതനിയോഗങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നത്.
ജീവിതത്തിൽ പലപ്പോഴും സ്വയം ഒന്നുമല്ലാതാകുന്ന ചില നിമിഷങ്ങളിൽ നിന്നും വീണ്ടും ഞാൻ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്ന പ്രതീക്ഷയാണ് നമ്മെ ഒരോ നിമിഷവും തുടർ ജീവിതത്തിലേക്കു നയിക്കുന്നത്...അതേ, നമ്മളും ഒരു ദിവസം ജയിക്കും... ജീവിക്കും... ജ്വലിക്കും.
ജീവിതം നന്മ നിറഞ്ഞതാകട്ടെ....