thumbnail

മലയാളിയെ കബളിപ്പിക്കാൻ എളുപ്പമാണോ?.

മലയാളിയെ കബളിപ്പിക്കാൻ എളുപ്പമാണോ?.



എവിടെ റിഡക്ഷനുണ്ടോ അവിടെ മലയാളി ഓടിയെത്തും. കച്ചവടക്കാരും വ്യവസായികളും ശരാശരി മലയാളികളുടെ മനശാസ്ത്രം പഠിച്ചുകഴിഞ്ഞു. കബളിപ്പിക്കലിനു തലവെച്ചു കൊടുക്കാൻ മലയാളികൾ മിടുക്കരാണ്. ചൂടു വെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാൽ അറക്കുമെന്ന ചൊല്ലു മലയാളിക്കു ബാധകമല്ല. അനുഭവം മലയാളിക്ക് ഗുരുവുമല്ല. വീണ്ടും വീണ്ടും തിക്തമായ അനുഭവങ്ങൾ കിട്ടി കൊണ്ടിരിക്കണം. അങ്ങനെ കബളിപ്പിക്കലിന് സ്വിരമായി നിന്നു കൊടുക്കുന്നവരായി മാറി കഴിഞ്ഞു. 


ചില സീസൺ അടുക്കുന്നതോടെ നാടും നഗരവും ആഘോഷങ്ങളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങും. അതോടെ സമ്മാനങ്ങളുടെ പെരുമഴയുമായി ബിസിനസുകാരും രംഗത്തിറങ്ങുന്നു. 
പലപ്പോഴും നാം കബളിപ്പിക്കപ്പെടുകയാണെന്നു തിരിച്ചറിഞ്ഞാലും അതിനെല്ലാം നമ്മുടെ മനസ്സിൽ ഓരോ ന്യായങ്ങളും കണ്ടെത്തും. .
ആഘോഷങ്ങളുടെ ഇടയിൽ ഒരല്പം നഷ്ടം വന്നു പോകാം .
സഹിക്കുക, അത്ര തന്നെ. 

 
ഓഫറുകളുടെ മായാ ജാലത്തിൽ പെട്ടു ഒരു സാധനം വാങ്ങി. ഗാരന്റി കാർഡും കിട്ടി. സാധനം കേടു വന്നു. വാങ്ങിയ സ്ഥലത്തു കൊണ്ടു ചെല്ലുമ്പോൾ ആ മോഡൽ വിപണിയിൽ നിന്ന് പിൻവലിച്ചു എന്നറിയുന്നു. കമ്പനിക്കെഴുതിയിരിക്കുന്നു. നോക്കട്ടെ! പിന്നെ ഫോൺ വിളിയായി. സൗമ്യമായ മറുപടിയും ലഭിക്കുന്നു. ദിവസങ്ങൾ കഴിയുന്നതോടെ നമുക്ക് ഒരു തിരിച്ചറിവുണ്ടാകുന്നു. ഇതിൻറെ പിന്നാലെ നടക്കുന്ന ഭേദം പുതിയതൊന്ന് വാങ്ങുന്നതാണ് നല്ലതെന്ന്. ഇങ്ങനെ കബളിപ്പിക്കപ്പെടുന്നതു സാധാരണക്കാർ മാത്രമല്ല എല്ലാ വിഭാഗക്കാരുമുണ്ട്.


ഇപ്പോൾ ഏതു സാധനവും ഓൺലൈനിൽ കിട്ടും. പണം കൊടുത്തു കഴിഞ്ഞാൽ കൊറിയർ കമ്പനിക്കാർ സാധനം കൈയിൽ കൊണ്ടുവന്നു തരും. ആദ്യമേ പണം കൊടുക്കണമെന്നില്ല. വീട്ടിലെത്തുമ്പോൾ പണം കൊടുത്താലും മതി. തുറന്നു നോക്കുമ്പോഴാണ് കണ്ണുതള്ളി പോകുന്നത്. സാധനം കിട്ടി, പക്ഷെ ഉദ്ദേശിച്ച ഉപയോഗം നടക്കില്ലായെന്നു മാത്രം. ഉൽപന്നത്തിനില്ലാത്ത ഗുണങ്ങളുടെ അവകാശ വാദവുമായി എന്തിനും ഏതിനും പരസ്യങ്ങൾ.


സോഷ്യൽ നെറ്റ്‌വർക്കിലും പരസ്യങ്ങൾ നിറയുകയാണ്. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. നാം ശേഖരിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നു എന്നാണു പറയുന്നത്. ഏത് പേരിൽ ഏതു കമ്പനിയിൽ നിക്ഷേപിക്കുന്നതെന്നു പോലും അറിയാൻ കഴിയില്ല. അവസാനം ഷെയറിന്റെ വില താഴ്ന്നു പറഞ്ഞു അടച്ച തുകയിൽ നിന്നു പോലും കുറവുണ്ടാക്കുന്നു.

 
ഇതിനെതിരെ ഉപഭോക്താക്കളെ സഹായിക്കാൻ സർക്കാർ തലത്തിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവർ ജാഗ്രത അറിയിപ്പുകൾ നൽകുന്നുമുണ്ട്. പക്ഷേ അത് ശ്രദ്ധിക്കാൻ നമുക്ക് സമയമില്ല. ഉപഭോക്ത സംരക്ഷണ നിയമവും, വിവരാവകാശനിയമവും ഇത്തരം കബളിപ്പിക്കുന്നതിനെതിരിടാൻ പറ്റിയ മാർഗങ്ങളാണ്. ഉപയോഗിക്കാൻ സന്മനസ്സ് ഉണ്ടാകണമെന്ന് മാത്രം.

 
സാധനങ്ങളോ സേവനങ്ങളോ ലഭ്യമാകുമ്പോൾ ബില്ല് , രസീത് ,വാറണ്ടി കാർഡ്, വാങ്ങി സൂക്ഷിക്കണം. ഗുണമേന്മയുള്ള സാധനങ്ങൾ പ്രത്യേകിച്ച് ISI മുദ്രയുള്ള വാങ്ങാൻ ശ്രദ്ധിക്കണം. കാര്യമായ അളവിലും തൂക്കത്തിലും സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


ഏന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ നേരിട്ട് പരിഹരിച്ച് തരുന്നില്ലെങ്കിൽ ഉപഫോക്ത്വ ഫാറത്തിൽ പരാതിപ്പെടണം. പക്ഷേ മിക്കവരും പരാതി നൽകാൻ മടിക്കുകയാണ്. ദിവസവും ആയിരക്കണക്കിന് ആളുകൾ കബളിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രതിവർഷം ആയിരം കേസുകൾ മാത്രമേ സംസ്ഥാനത്തു ലഭിക്കുന്നുള്ളു എന്നു പറയപ്പെടുന്നു. മലയാളി പരാതിയുമായി പോകാൻ താൽപര്യമില്ല. മനസ്സില്ല, സമയവുമില്ല ഏതായാലും ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 


KHAN KARICODE
CON PSYCHOLOGIST

Subscribe by Email

Follow Updates Articles from This Blog via Email

No Comments