വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ? എങ്കിൽ.....?.
വിവാഹ മോചനങ്ങൾ ഇന്നു പുത്തരിയല്ല. വിവാഹം കഴിഞ്ഞു നാളുകൾ കഴിയും മുമ്പേ മുന്നോട്ടു പോകാൻ കഴിയില്ലാ എന്നുറപ്പിക്കുന്നു. എന്തിനു ഈ ബന്ധം തുടരണമെന്നു ചിന്തിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം തീരുമാനമെടുക്കൽ കൂടി വരികയാണ്. വിവേകപൂർവ്വം ചിന്തിച്ചാൽ ഈ ദാമ്പത്യം തന്നെ സന്തോഷകരമാക്കാം.
ദാമ്പത്യത്തിൽ പ്രശ്നമാകുന്നത് തെറ്റിധാരണകളും , മൂന്നാമതൊരു വ്യക്തിയുടെ അനവസരത്തിലുള്ള ഇടപെടലുകളും, അതി വൈകാരികതയുമാണെന്നു കാണാം.
ദമ്പതികൾ തമ്മിലുണ്ടായ ഒരു ചെറിയ കശപിശയെക്കുറിച്ചു മറ്റൊരാളോട് പറയുമ്പോൾ പങ്കാളിയുടെ കുറ്റങ്ങൾ പൊലിപ്പിച്ചു തന്നെയല്ലേ എടുത്തു പറയുന്നത്.
ദാമ്പത്യത്തിൽ ഇരുവർക്കും തുല്യ പങ്കാളിത്തമല്ലേയുള്ളത്. പ്രശ്നങ്ങളിൽ പങ്കാളിയെ മാത്രം പ്രതിക്കൂട്ടിൽ ആക്കണമോ?. ആ പ്രശ്നത്തിൽ തനിക്ക് കൂടി പങ്കുണ്ടെന്നു ചിന്തിക്കുന്നേയില്ല. എന്താണു ശരിക്കും പ്രശ്നം, യാഥാർദ്ധ്യം എന്നു തിരിച്ചറിയാനും ശ്രമിക്കുന്നില്ല.
ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയാൽ വാക്കു തർക്കങ്ങളായി. പിന്നെ ചങ്കിൽ തട്ടുന്ന മോശം പദങ്ങളല്ലേ ഉപയോഗിക്കുന്നത്. അന്നുവരെ ശരീരവും മനസ്സും സന്തോഷത്തോടെ പങ്കിട്ടുകൊണ്ടിരുന്നവർ ബദ്ധശത്രുക്കളായി മാറുന്നു. ഈ സമയം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുമോ?. പറയുന്നതിൽ എന്തു കഴമ്പുണ്ടെന്നു സാവകാശം ഒന്നു ചിന്തിച്ചു മനസ്സിലാക്കാൻ പോലും ശ്രമിക്കാറില്ല.
പങ്കാളിയെ ശരിക്കു മനസ്സിലാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ.. ദേഷ്യവും വാശിയുമല്ലേ പ്രശ്നങ്ങളായി മാറിയതെന്നു തിരിച്ചറിയാൻ കഴിയും.
അല്പം സാവകാശത്തിൽ സമചിത്തതയോടെ കേൾക്കാനുള്ള സന്മനസ്സ്, ഇല്ലാതെ പോകുന്നതാണു കാര്യങ്ങൾ ഇത്ര വഷളായി
മാറുവാൻ ഇടയാകുന്നത്.
വ്യക്തിത്വം പണയപ്പെടുത്തി ബന്ധം നില നിർത്താൻ നിങ്ങക്കിഷ്ടമായെന്നു വരില്ല. എങ്കിലും നിങ്ങളുടേയും മക്കളുടെ ഭാവിക്കു വേണ്ടി പങ്കാളി പറഞ്ഞ മോശം വാക്കുകൾ പൊറുത്തു കൊടുക്കുക. സ്വന്തം ഇഷ്ടങ്ങളിലും വിട്ടുവീഴ്ചകളും തിരിച്ചറിയുകയും മാറ്റം വരുത്തുകയുമാണ് വേണ്ടിയിരിക്കുന്നത്.
നിങ്ങളുടെ വാശിയും ഈഗോയും ചെറിയ ഇഷ്ടങ്ങളുമാണോ . കുടുബ ബന്ധങ്ങളാണോ വലുതെന്നുചിന്തിക്കുക. ഏതായാലും വിവാഹമോചനത്തേക്കാൾ നല്ലത് പങ്കാളിയോട് പൊറുക്കാനും ചെറിയ ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുന്നതു മല്ലേ!.
ഞാൻ ശരിയായി തന്നെയാണ് ചിന്തിക്കുന്നത്. പ്രവർത്തിക്കുന്നതെന്നാണ് മിക്കവരുടേയും കാഴ്ചപ്പാട്. കൂട്ടുകാരോടും ബന്ധുക്കളോടും കാര്യമെല്ലാം വള്ളിപുള്ളി വിടാതെ തന്നെ പറയും. ബന്ധുക്കളും കൂട്ടുകാരും ആരുടെയെങ്കിലും പക്ഷം ചേർന്നുള്ള മറുപടിയായിരിക്കും തരിക. പലപ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുന്ന മറുപടി ആയിരിക്കും. നിങ്ങളുടെ ഭാഗത്തെ വീഴ്ചയും വാശിയും മനഃശാസ്ത്രപരമായി വിശകലനം ചെയ്തു മനസ്സിലാക്കണം. അതിന് കൗൺസിലിംഗാണ് ഉത്തമമായത്. ഫാമിലി കൗൺസിലിഗിൽ വൈദദ്ധ്യമുള്ളവരായിരിക്കണമെന്നു മാത്രം.
പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന ദമ്പതികൾക്കിടയിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായേക്കാം. നിങ്ങളുടെ കൂട്ടുകാരും ബന്ധുക്കളും പറയുന്ന നെഗറ്റീവായ കാര്യങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ സ്വാധീനിക്കാൻ ഇടയാകരുത്. നിങ്ങളുടെ പങ്കാളിയെകുറിച്ച് മറ്റുള്ളവർ പറയുന്ന അഭിപ്രായമല്ല കണക്കിലെടുക്കേണ്ടത്. ആ കാര്യങ്ങൾ നിങ്ങൾ സ്വയം തിരിച്ചറിയണം. ചെറിയ പ്രശ്നങ്ങൾ മറ്റുള്ളവർക്ക് മുമ്പിൽ തുറന്നു വെച്ചാൽ അവർ അത് വഷളാക്കിയേക്കാം. മറ്റുള്ളവരോട് വേണ്ട കാര്യങ്ങൾ മാത്രം പറയുക.. കഴിഞ്ഞ കാര്യങ്ങൾ സ്നേഹ ബുദ്ധ്യാ ഓർത്തെടുക്കാൻ ശ്രമിക്കുക. പ്രശ്നങ്ങൾ തുടങ്ങിയത് എങ്ങനെ, എവിടെ നിന്ന് . അവയുടെ നിജസ്ഥിതി നിങ്ങളായി തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കാണാൻ മുന്നിട്ടിറങ്ങുക.
വിവാഹ മോചനമല്ലാതെ ഒരു പരിഹാരവു ഇല്ലയെന്നു വാശിപിടിച്ച പങ്കാളിയിലും മാറ്റമുണ്ടാക്കാൻ നിങ്ങൾക്കു കഴിയും. മാത്രമല്ല. ഇനി ജീവിതത്തിലൊരിക്കലും വിവാഹമോചനമേ വേണ്ടെന്നു വയ്ക്കുവാനും കഴിയും. നിങ്ങളുടെ ദാമ്പത്യത്തിൽ നന്മകൾ മാത്രം വന്നു ചേരട്ടെ!.
KHAN KARICODE
CON PSYCHOLOGIST