തണുപ്പ് വർദ്ധിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർദ്ധിച്ചു
പുതുവത്സരത്തിന് രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. അവധി ആഘോഷിക്കുന്നതിനായി ദിവസേന ആയിരങ്ങളാണ് ഇപ്പോള്‍ മൂന്നാറിലേതുന്നത്.
മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇരവികുളം ദേശീയോദ്യാനത്തില്‍ പരമാവധി അനുവദിച്ചിട്ടുള്ള 2800 പേര്‍ വീതം ദിവസേന സന്ദര്‍ശനം നടത്തുന്നുണ്ട്. മൂന്നാര്‍ ടൗണിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്കിലും ഗവ.ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വന്‍തിരക്കാണ്. ഹൈഡല്‍
പാര്‍ക്കില്‍ ദിവസേന 5000-ലധികം പേര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായി 15,762 പേര്‍ സന്ദര്‍ശനം നടത്തി.
മാട്ടുപ്പട്ടി, എക്കോപോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആയിരങ്ങളാണ്
മാട്ടുപ്പട്ടി സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ സന്ദര്‍ശനം നടത്തിയത്. എക്കോ പോയിന്റിലും സന്ദര്‍ശകരെത്തുന്നുണ്ട്.
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റര്‍, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന് യോജിച്ചതാണ്.