ജീവിതത്തിൽ എന്തുകൊണ്ടാണ് നമുക്ക് വീഴ്ചകൾ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ വീഴ്ചകൾക്കേ നമുക്ക് തിരിച്ചറിവ് നൽകാൻ കഴിയൂ.. എങ്ങനെ വീണു..? എന്തുകൊണ്ട് വീണു..? എന്ന് ചോദ്യങ്ങൾ ഉയരും നമ്മുടെ മനസ്സിൽ. ശാന്തമാകുമ്പോൾ ആ മനസ്സ് തന്നെ അതിനുള്ള ഉത്തരവും പറഞ്ഞുതരും . അതുകൊണ്ട് ഒരിക്കലും വീഴ്ചകളിൽ തളരാതിരിക്കുക . ഓരോ
വീഴ്ചകളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളെ അറിഞ്ഞുകൊണ്ട് മുന്നോട്ട് തന്നെ പോവുക.
വീഴ്ചകൾ പറ്റാതിരിക്കുന്നതിലല്ല കാര്യം. ഓരോ വീഴ്ചക്കുശേഷവും എഴുന്നേൽക്കുന്നതിലാണ്.
ആരെയും ചാരി നിന്നാകരുത് നമ്മുടെ ജീവിതം. പൊടുന്നനെ അവർ ഒഴിഞ്ഞു മാറുമ്പോഴുള്ള വീഴ്ച നമുക്ക് താങ്ങാനായെന്ന് വരില്ല.ആരുടെയും ജീവിതത്തിൽ വീഴ്ചകൾ
സംഭവിച്ചേക്കാം. വീഴ്ചകളിൽ തളർന്നു പോവുകയെന്നത് പരാജിതരുടെ ജീവിതചര്യയാണ്. എന്നാൽ വീഴ്ചകളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു കുതിക്കുവാൻ യഥാർത്ഥ വിജയിക്ക് മാത്രമേ കഴിയൂ ..
ആദ്യവിജയത്തിനു ശേഷം ഒരിക്കലും വിശ്രമിക്കരുത്. എന്തെന്നാൽ അടുത്ത തവണ നമുക്ക് വീഴ്ച പറ്റിയാൽ നമ്മുടെ വിജയം വെറും ഭാഗ്യം കൊണ്ടാണെന്ന് പറയാൻ നിരവധി പേർ കാണും. ചെറിയൊരു വീഴ്ച മതി കൂടെ നിന്നവരും കൂട്ടുകുടിയവരും ഒറ്റപ്പെടുത്താൻ ..
അപ്പോഴും "പോട്ടെഡോ.. സാരല്ലാ"ന്ന് ആര് പറയുന്നുവോ ..
അവരെയങ്ങ് ചേർത്ത് പിടിച്ചോണം .
ജീവിതകാലം മുഴുവൻ .
വീഴ്ചപറ്റിയവരെ കാണുമ്പോൾ അവർ നമ്മുടെ ആരുമല്ലലോ എന്ന് ചിന്തിക്കരുത്.മറിച്ച്
നമ്മളായിരുന്നു
ആ സ്ഥാനത്തെന്ന് ചിന്തിക്കാനൊരു മനസ്സുണ്ടെങ്കിൽ നമ്മൾ യഥാർത്ഥ മനുഷ്യനായി മാറിത്തുടങ്ങിയെന്ന് ഉറപ്പിക്കാം.
വീഴ്ചകൾ എപ്പോഴും നമ്മളെ ഓരോരൊ പാഠങ്ങൾ പഠിപ്പിക്കുന്നു.തെറ്റിൽ നിന്നും ശരിയിലേക്കുള്ള പാഠം.
ചില വീഴ്ചകൾ
നമുക്ക് കണ്ണു കാണാത്തത് കൊണ്ടാകില്ല ..ചിലരെ
കണ്ണടച്ചു വിശ്വസിച്ചതുകൊണ്ടാകും.
ഇത്തരം വീഴ്ചകൾ ഉണ്ടാകണം .എങ്കിലേ നമ്മൾ താഴ്ചകളിൽ അകപ്പെടാതിരിക്കൂ..
ജീവിതത്തിൽ വീഴ്ചകൾ സാധാരണമാണ്. എന്നാൽ വീണിടത്തു നിന്നുള്ള ഉയർച്ച അസാധാരണവും.
വീഴ്ചകളിൽ ഒരിക്കലും പതറിപ്പോകരുത്. അത്
ഒരു പരീക്ഷണമായി മാത്രം എടുക്കുക. ജീവിതമാണ് ചിലപ്പോൾ ഒന്ന് വീഴേണ്ടി വന്നേക്കാം. നമ്മളെ
കളിയാക്കിവരുടെ മുന്നിലല്ല.നമ്മളോട് സ്നേഹം അഭിനയിച്ചവരുടെ മുന്നിൽ. ആ വീഴ്ചയായിരിക്കും നമ്മളെ ഭാവിയിൽ നിവർന്നു നിൽക്കാൻ പഠിപ്പിക്കുക.
ജീവിതത്തിൽ സ്വയം ആത്മവിശ്വാസമില്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് നമ്മിൽ ഉണ്ടാകേണ്ട വിശ്വാസം നാമെങ്ങനെ കാത്തു സൂക്ഷിക്കും... സ്വന്തം ആത്മവിശ്വാസം ഒരിക്കലും കുറഞ്ഞുപോകരുത്.. എന്നാൽ അത് ഒരിക്കലും അമിതവുമാകരുത്.