വീട്ടിൽ പച്ചമുളക് എങ്ങനെ വളർത്താം ?
‘ഇന്നു കടയിൽനിന്നു വാങ്ങിയ പച്ചക്കറി നല്ല വൃത്തിയായി കഴുകണം കേട്ടോ..’, ‘ഇപ്പോൾ വരുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള കീടനാശിനികളാണ്’. ‘വെണ്ടക്കയ്ക്കും പച്ചമുളകിനും തക്കാളിക്കുംവരെ കീടനാശിനി തളിക്കുന്നു’, ‘പച്ചക്കറിക്കു വിലക്കുറവാണ്, പക്ഷേ എങ്ങനെ വിശ്വസിച്ചുകഴിക്കും?’. ‘ എല്ലാം പ്ലാസ്റ്റിക് കവറുകളിൽ അല്ലേ കിട്ടുന്നത്’...
സർവസാധാരണമായി വീടുകളിൽ കേൾക്കുന്ന കാര്യങ്ങളല്ലേ ഇതെല്ലാം. ഇത് നമ്മുടെ വീട്ടുമുറ്റത്തു ചൂടോടെ ഭക്ഷണമെത്തുന്ന കാലം. പച്ചക്കറികളും മത്സ്യവും ഇറച്ചിയും എല്ലാം എത്തിക്കുവാൻ ആപ്പുകൾ ഉണ്ട്. ശരിയാണ്... വളരെ സൗകര്യമാണ്. സാധാരണ ഗതിയിൽ നമ്മൾ കടയിൽനിന്നു വാങ്ങുന്ന ഒരു കിലോ തക്കാളിയിൽ എത്രയെണ്ണം ഉപയോഗിക്കാൻ പറ്റാത്തവയാണെന്നു നോക്കാറില്ല.
പണിത്തിരക്കിലും ധൃതി കൂടിയ ദിനചര്യയിൽ നമ്മൾ ഇത്തരത്തിൽ കളയുന്ന പച്ചക്കറികൾ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചിട്ടെന്തിനാ, വാങ്ങിപ്പോയില്ലേ... ഇതിന്റെയൊക്കെ കണക്കെടുക്കുവാൻ ഇപ്പോൾ ആർക്കാണു നേരം...
ആരോഗ്യകരം എന്ന പേരിലും ഓർഗാനിക് എന്ന പേരിലും വരുന്ന വില കൂടിയ പച്ചക്കറിയും കിട്ടും. പക്ഷേ എത്ര പേർക്കാണ് അതൊക്കെ വാങ്ങാൻ സാധിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇതെല്ലാം അറിയാം. ഇതൊക്കെ സഹിക്കാൻ അല്ലാതെ നമുക്ക് എന്തു ചെയ്യാൻ സാധിക്കും എന്നാണു പലരുടെയും ആശങ്ക.
എന്നാൽ നമ്മൾ ചെറിയ രീതിയിൽ ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ ഏതാണ്ട് എല്ലാത്തരം പച്ചക്കറികളും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇന്ന് നമ്മുടെ പറയുന്നത് വളരെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന പച്ചമുളക് എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ്.
മഴക്കാലത്തും വേനൽക്കാലത്തും ഒരേ പോലെ വളരുന്ന പച്ചമുളക് വളരെ എളുപ്പത്തിൽ കൃഷി ചെയ്തുണ്ടാക്കും. സ്ഥലമില്ലാത്തവർക്ക് ടറസിലോ ബാൽക്കണിയിലോ ഗ്രോ ബാഗ് വെച്ചും ഇത് കൃഷി ചെയ്യാം.
ചുവന്നമണ്ണ്, ചെങ്കൽമണ്ണ്, പശിമയുള്ള മണ്ണ് എന്നിവയിൽ എല്ലാം നമുക്ക് മുളക് കൃഷി ചെയ്യാവുന്നതാണ്. ഗ്രോബാഗിലാണെങ്കിൽ വോട്ടിങ് മിശ്രിതം നിറച്ചതിനു ശേഷം തൈകൾ നട്ട് പിടിപ്പിക്കണം. മഴക്കാലത്തേക്കുള്ള വിത്തുകൾ മേയ് ആദ്യം തന്നെ വിത്തു പാകി മുളപ്പിച്ചു തയ്യാറാക്കണം
മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രിതത്തിന്റെ പൊടിയിലാണ് വിത്തുകൾ നടേണ്ടത്. ദിവസവും ചെറുതായി നനച്ച് കൊടുക്കണം. നാല് ദിവസം കൊണ്ട് മുളച്ചു പൊന്തുന്ന തൈകൾ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം മാറ്റി നടാവുന്നതാണ്
കീടങ്ങൾ ഏത് കൃഷിയേയും ബാധിക്കുന്ന വില്ലനാണ്. ഇതിനെ നീക്കം ചെയ്തില്ലെങ്കിൽ വിള നശിച്ച് പോകാൻ കാരണമാകും. പച്ചമുളകിലും കീടബാധ ഉണ്ടാകും. ഇതിനെ ചെറുക്കാന്‍ വെര്‍ട്ടിസീലിയം ലിക്കാനി എന്ന മിത്രകുമിളിനെ ഉപയോഗിക്കാവുന്നതാണ്. വിളകൾ നശിപ്പിക്കുന്ന മീലിമൂട്ടകളെയും വെള്ളീച്ചകളെയും ഇലപ്പേനിനെയുമെല്ലാം ഇങ്ങനെ നശിപ്പിക്കാന്‍ കഴിയും. കീടങ്ങളെ തുരത്താൻ 10 മുതല്‍ 15 ഗ്രാം വരെ വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
ഇല കുരുടിച്ച് പോകുന്ന അവസ്ഥ തടയാന്‍ രണ്ട് ശതമാനം വീര്യമുള്ള വെളുത്തുള്ളി- വേപ്പെണ്ണ ചേര്‍ത്ത് നിര്‍മ്മിച്ച മിശ്രിതം ഇലകളില്‍ സ്പ്രേ ചെയ്താല്‍ മതി
മീലിമൂട്ട അല്ലെങ്കിൽ മൂഞ്ഞയുടെ ശല്യമുണ്ടെങ്കില്‍ 5 ഗ്രാം ബാര്‍സോപ്പ് ഒരു ലിറ്റര്‍ ചൂടുവെള്ളത്തില്‍ ലയിപ്പിച്ചശേഷം ചെടികളില്‍ തളിക്കാം. മൂന്ന് ദിവസത്തിനുള്ളില്‍ കീടങ്ങള്‍ നശിക്കും. 10 ദിവസത്തിലൊരിക്കല്‍ വീണ്ടും തളിച്ചുകൊടുത്താല്‍ കീടങ്ങളെ നിയന്ത്രിക്കാം.
കീടങ്ങളെ നശിപ്പിക്കാന്‍ ഇനിയുമുണ്ട് ചില മാര്‍ഗങ്ങള്‍. ഇലകള്‍ നന്നായി നനയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ചാരവും രണ്ടു ടേബിള്‍സ്പൂണ്‍ കുമ്മായവും ഇലകളില്‍ വിതറുക. കീടങ്ങള്‍ നശിച്ച് പോകും.