ചില ഉറച്ച തീരുമാനങ്ങൾ സ്വയം എടുക്കേണ്ട സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രവൃത്തിക്കേണ്ടി വന്നതുകൊണ്ടാണ് പലർക്കും സ്വന്തം ജീവിതം തന്നെ നഷ്ടമായത്.കുറച്ചു വൈകിയാലും സ്വയം ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങൾ തന്നെയാകും ശരിയായ ദിശയിലേക്ക് നമ്മളെ നയിക്കുക.
ചില തീരുമാനങ്ങൾ എടുക്കുമ്പോൾ ആ സമയത്ത് അത് മനസ്സിന് ഒരുപാട് നൊമ്പരം ഉണ്ടാക്കുമെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ നമുക്ക് ചുറ്റുമുള്ളവർക്ക് അല്പം നന്മയുണ്ടാക്കുമെങ്കില്‍ ആ നൊമ്പരം തന്നെയാണ് നമ്മുടെ ശരിയായ തീരുമാനവും.
ജീവിതത്തിൽ അവനവനു പോലും സ്വന്തം പ്രതീക്ഷകൾക്ക് അനുസരിച്ചു പെരുമാറാനോ ജീവിക്കാനോ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും സാധിക്കാറില്ല. പിന്നല്ലേ മറ്റൊരാളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചു പെരുമാറാനോ ജീവിക്കാനോ ആർക്കെങ്കിലും ഈ ലോകത്തു സാധിക്കുക.
സാഹചര്യങ്ങൾ ആണ് പലരെയും നല്ലവരും മോശക്കാരും ഒക്കെ ആക്കി മാറ്റുന്നത്.ഈ കാര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞു സ്നേഹവും പരിഗണനയും ബഹുമാനവും നൽകി, മറ്റുള്ളവരിൽ നിന്ന് സ്നേഹവും പരിഗണനയും ബഹുമാനവും നേടിയെടുക്കാൻ സ്വയം ശ്രദ്ധിക്കുക.
അശാന്തമായ മനസ്സിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും. ശാന്തമായ മനസ്സിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് മാത്രമേ ജീവിതത്തിൽ വിജയം നേടാൻ കഴിയൂ.നമുക്കൊരു തീരുമാനമെടുക്കാൻ
കഴിയുന്നില്ല എങ്കിൽ ആ
സാഹചര്യം ഏറ്റവും കടുപ്പവും സങ്കീർണ്ണവുമായി തന്നെ തുടരുന്നതാണ് അതുകൊണ്ടുതന്നെ അത്തരം ഒരു സന്ദർഭത്തിൽ എത്രയും വേഗം ശരിയായ ഒരു തീരുമാനത്തിലെത്തിയേ മതിയാവൂ..
തോറ്റുപോകാനും തളർന്നുപോകാനും നമുക്ക് ഒരുപാട് കാരണങ്ങൾ നിരത്താൻ ഉണ്ടാകും.പക്ഷേ ജയിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടാകൂ.. ജയിക്കണം എന്നുള്ള നമ്മുടെ മനസ്സിന്റെ ഉറച്ച തീരുമാനം.
ഉറച്ച തീരുമാനം ഉള്ള മനസ്സുകളിൽ അവനവന്റെ ശരികൾക്ക് മാത്രമേ സ്ഥാനമുണ്ടാകൂ.എന്നാൽ ചഞ്ചല മനസ്സുകളിൽ ആകട്ടെ ശരിയും തെറ്റും ഒരുപോലെ സ്ഥാനം പിടിക്കും.
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുവാൻ കഴിയുക എന്നതാണ് ഒരാളുടെ വിജയ രഹസ്യം. എന്നാൽ ചിലപ്പോൾ എടുക്കുന്ന ചില മണ്ടത്തരങ്ങളാണ് പിന്നീട് നല്ല തീരുമാനത്തിലേക്ക് വഴിയൊരുക്കുന്നത്. എപ്പോഴും നമ്മുടെ തീരുമാനങ്ങൾ ശരിയാവണമെന്നില്ല ചിലപ്പോൾ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൻ പരാജയങ്ങൾ തന്നെ ഏറ്റുവാങ്ങേണ്ടി വരും. അപ്പോൾ നമ്മൾ തളർന്നാൽ അത് ബാധിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ യാണ്.