സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്.
'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ?
ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ് മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക് വേണി ഇണയെ തിരഞ്ഞെടുക്കാറ്... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക് വരികയാണ്.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’
അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പറയുന്നത് ഒരു വികാരമല്ല, ഒരു ഇച്ഛയാണ്.’
സ്‌നേഹം വികാരത്തിലല്ല, മറിച്ച് തീരുമാനത്തിലാണ്, ഇച്ഛയിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് അന്ന് അവൻ പറഞ്ഞു തന്നു.
സ്‌നേഹം വികാരത്തിലല്ല, തീരുമാനത്തിലാണ് അധിഷ്ഠിതമായിരിക്കേണ്ടത്. വികാരത്തെ ഉണര്‍ത്തുന്നത് സൗന്ദര്യമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെടുമ്പോള്‍ വികാരം വറ്റിപ്പോകും. മറിച്ച് ഭര്‍ത്താവിന്റെ / ഭാര്യയുടെ സ്‌നേഹം, ദൈവസ്‌നേഹം പോലെ ഇച്ഛയില്‍ അധിഷ്ഠിതമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെട്ടാലും ആരോഗ്യം കുറഞ്ഞാലും അത് ഉതിര്‍ന്നു പോകുന്നില്ല. കാരണം അതു തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, നിസ്വാര്‍ഥമായ, ഉദാത്തമായ സ്‌നേഹമാണ്.
നാം സ്‌നേഹിക്കുന്നതില്‍ ഇല്ലാത്ത സൗന്ദര്യം കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയാണ്? അതൊരു ആത്മ വഞ്ചനയല്ലേ? ഇതിനു മറുപടിയായി ഒരു കഥ കേള്‍ക്കുക:
നി"ലോക സുന്ദരിയെ തിരഞ്ഞെടുക്കുന്ന വലിയൊരു പരിപാടിയാണ് ആ പട്ടണത്തില്‍ നടക്കുന്നത്. ഒട്ടേറെ ആളുകള്‍ ആ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിനു മുന്‍പില്‍ തടിച്ചു കൂടിയിട്ടുണ്ട്. എങ്ങും ആളും ബഹളവും വാഹനങ്ങളും. പെട്ടെന്ന് കഷ്ടിച്ചു നാലു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അമ്മയെ കാണാതെ ഒറ്റപ്പെട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു നിലവിളിക്കാന്‍ തുടങ്ങി. പൊലീസ് കുട്ടിയുടെ രക്ഷക്ക് എത്തി. കുട്ടിക്ക് അമ്മയെ കാണണം. പക്ഷേ കുട്ടിക്ക് അമ്മയുടെ പേരാകട്ടെ, മേല്‍വിലാസമാകട്ടെ ഒന്നും അറിയില്ല. അമ്മയെ കണ്ടെത്താന്‍ സഹായകരമാകുന്ന എന്തെങ്കിലും വിവരം കുട്ടിയില്‍ നിന്നു കിട്ടാന്‍ പൊലീസ് കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ കുഞ്ഞില്‍ നിന്ന് ഒരു സുപ്രധാന വിവരം കിട്ടി. അവള്‍ പറഞ്ഞു: ‘എന്റെ അമ്മ ലോകത്തിലേക്കും അതിസുന്ദരിയായ സ്ത്രീയാണ്.’ പൊലീസ് ഓഫീസര്‍ക്ക് ആശ്വാസമായി. ഓ, ലോകസുന്ദരി മല്‍സരത്തില്‍ ഒന്നാമതെത്തിയ സ്ത്രീയുടെ കുട്ടിയാണിത്. അദ്ദേഹം ഉടന്‍ തന്നെ കുട്ടിയെ ലോകസുന്ദരിയുടെ അടുത്തെത്തിച്ചു. പക്ഷേ കുട്ടിയെ അവര്‍ക്ക് അറിഞ്ഞുകൂടാ. അവര്‍ വിവാഹിത പോലുമല്ല. കുട്ടിയും പറഞ്ഞു:'ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്! ഇതാണോ സുന്ദരി?’ കുട്ടി മൂക്കത്തു വിരല്‍ വച്ചു. പൊലീസ് ഓഫീസര്‍ ആകെ കുഴങ്ങി. സൗന്ദര്യ റാണിയെക്കാളും സുന്ദരിയായ സ്ത്രീയുടെ മകളോ ഇവള്‍?'
പക്ഷേ, സംശയിച്ചു നില്‍ക്കാന്‍ സമയമില്ല. കുട്ടി, ‘അമ്മയെ കാണണം’ എന്നു പറഞ്ഞ് അടുത്ത നിലവിളിക്കു വട്ടം കൂട്ടുകയാണ്. പൊലീസ് ഓഫീസര്‍ മല്‍സരത്തില്‍ പങ്കെടുത്ത മറ്റു സുന്ദരിമാരില്‍ ആരുടെയെങ്കിലും മകളാണോ എന്നറിയാന്‍ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. ആരെ കണ്ടാലും കുട്ടിക്ക് ഒരേയൊരു വായ്ത്താരി: ‘ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്!’
ഈ ബഹളത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ‘മോളേ’ എന്നു വിളിച്ചുകൊണ്ട് ഒരു സ്ത്രീ ഓടിവന്നു. പൊലീസ് ഓഫീസറുടെ കൈവിട്ട് കുഞ്ഞും അവരുടെ നേരെ ഓടി ‘അമ്മേ....
പൊലീസ് ഓഫീസര്‍ അന്തം വിട്ടു പോയി. എടുത്തു പറയത്തക്ക ഒരു സൗന്ദര്യവുമില്ലാത്ത ഒരു സാധാരണക്കാരിയായ സ്ത്രീയാണിവര്‍! കൈവിട്ടു പോയ കുട്ടിയെ അമ്മ ആശ്ലേഷിക്കുന്നതിനിടെ കുട്ടി പൊലീസ് ഓഫീസറുടെ നേരെ തിരിഞ്ഞ് വിജയസ്മിതത്തോടെ ചോദിച്ചു: ‘ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ലോകത്തിലേക്കും സുന്ദരിയാണ് എന്റെ അമ്മയെന്ന്. ഇപ്പോള്‍ മനസ്സിലായോ?’
അപ്പോള്‍ അതാണു കാര്യം. സൗന്ദര്യം, നോക്കുന്ന ആളിന്റെ മനസ്സിലാണ്. സ്‌നേഹമുള്ളവരില്‍ നാം സൗന്ദര്യം കണ്ടെത്തുകയാണ്. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ.
ജീവിച്ചിരിക്കുമ്പോൾ സ്നേഹപൂർവ്വം മറ്റുള്ളവരെ മനസ്സിലാക്കി മുൻവിധികളില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം നൽകി ജീവിക്കുക....ജീവിതം സന്തോഷം നിറഞ്ഞതാകും തീർച്ച....