നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ.
എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.
നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം.
സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പത്തിൽ ലഭിക്കാതെ പോയ സാധന സാമഗ്രികൾ ആയിരിക്കും, സമ്മാനമായി നൽകുന്നത്.
പക്ഷേ, നമ്മൾ ഇതിനിടയിൽ മറന്നു പോകുന്നൊരു കാര്യമുണ്ട്. സമ്മാനത്തിൻ്റെ വിലയും മൂല്യവും തമ്മിലുള്ളൊരു വ്യത്യാസമാണത്. സമ്മാനത്തിൻ്റെ വില എന്നത്, അതിനായി വേണ്ടിവരുന്ന തുകയാണെങ്കിൽ, മൂല്യം എന്നത്, സമ്മാനം ലഭിക്കുന്നയാളെ അത് എത്രമാത്രം ഗുണപരമായി സ്വാധീനിക്കുന്നു എന്നതാണ്. ഇവിടെ എടുത്ത് പറയേണ്ട കാര്യം ഗുണപരമായ സ്വാധീനം എന്നത് തന്നെയാണ്. കാരണം, നമ്മൾ നൽകുന്ന സമ്മാനം, ലഭിക്കുന്നയാളെ ദോഷകരമായി ബാധിക്കുന്നതായാൽ അതിന് ഒട്ടും തന്നെ മൂല്യമില്ലല്ലോ?
ഈ പ്രധാനപ്പെട്ട കാര്യമാണ് സമ്മാനം തിരഞ്ഞെടുക്കുമ്പോൾ, നാം സൗകര്യപൂർവ്വം മറന്നു പോകുന്നത്. അത് കൊണ്ട് സംഭവിക്കുന്നതാവട്ടെ, നൽകുന്ന സമ്മാനങ്ങൾ പലതും ഒട്ടും മൂല്യമില്ലാത്തതും, ചിലതെങ്കിലും ലഭിക്കുന്നവരെ ദോഷകരമായി ബാധിക്കുന്നതുമായി മാറുന്നു എന്നതാണ്.
റേസിംഗ് ബൈക്കുകളും, മൊബൈൽ ഫോണുകളും കുട്ടികൾക്ക് സമ്മാനമായി നൽകിയവരിൽ മിക്കവരും, ഇന്ന് വിഷമിക്കുകയും ദു:ഖിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മറ്റുള്ളവർ ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു. സമ്മാനങ്ങൾ നശിപ്പിക്കുന്ന ജീവിതങ്ങൾ എന്നത്, ആഴത്തിൽ സമൂഹം ചർച്ച ചെയ്യേണ്ടതായ, മറ്റൊരു വിഷയമാണ്.
സമ്മാനത്തിൻ്റെ മൂല്യം എന്നത്, അത് നൽകുന്നതായ ഗുണപരമായ മാറ്റങ്ങളാണ്, എന്ന് കേൾക്കുമ്പോൾ തന്നെ "പുസ്തകങ്ങൾ" എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ, വായനാ ശീലമില്ലാത്ത കുട്ടികൾക്കോ, വ്യക്തികൾക്കോ എത്ര നല്ല പുസ്തകമാണെങ്കിലും സമ്മാനിക്കുമ്പോൾ ഒട്ടും മൂല്യം ഉണ്ടാവുന്നില്ല എന്നതും, നമ്മൾ മനസ്സിലാക്കേണ്ടതാണ്. മറിച്ച്, നമ്മൾ ചെയ്യേണ്ടത്, ഓരോരുത്തരുടെയും കഴിവുകൾ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള സമ്മാനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.
ചിത്രകലയിൽ താൽപര്യമുള്ളവർക്ക് അതിന് വേണ്ട മികച്ച സാമഗ്രികൾ, സ്പോർട്സിൽ താൽപര്യമുള്ളവർക്ക് ഉപകാരപ്രദമായ ഷൂ, ബാറ്റ്, ബാൾ തുടങ്ങിയവ, നൃത്തം, സംഗീതം, വാദ്യോപകരണങ്ങൾ പോലെയുള്ളവയിൽ താൽപര്യമുള്ളവർക്ക്, അതിന് വേണ്ടതായ കാര്യങ്ങൾ, ഫൊട്ടോഗ്രാഫി, വിഡിയോഗ്രഫി എന്നിവയിൽ ആകൃഷ്ടരായവർക്ക് ക്യാമറ തുടങ്ങിയ കാര്യങ്ങൾ, തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും ഗുണപരമായ സ്വാധീനം ചെലുത്തുന്നവയും, സമ്മാനത്തിൻ്റെ വിലയെക്കാളേറെ മൂല്യം നൽകുന്നതുമായിരിക്കും.
ഇതൊക്കെയാണെങ്കിലും, സമ്മാനമായി ലഭിച്ച സാധന സാമഗ്രികൾ നൽകുന്ന സന്തോഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ, അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ, കുറഞ്ഞു തുടങ്ങും എന്നത് യാഥാർത്ഥ്യമാണ്. അതു കൊണ്ട് തന്നെ തുടർച്ചയായി സമ്മാനങ്ങൾ നൽകി ആരെയെങ്കിലും സന്തോഷിപ്പിക്കുന്നത് സാദ്ധ്യമായ കാര്യമല്ല എന്നതുറപ്പാണല്ലോ?
അവിടെയാണ്, ഏറ്റവും മൂല്യമേറിയ സമ്മാനത്തിൻ്റെ പ്രസക്തി. സ്നേഹം, അഭിനന്ദനം, പ്രശംസ എന്നിവയാണ് ആ സമ്മാനങ്ങൾ. നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ.
എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. പണ്ഡിതനെന്നോ, പാമരനെന്നോ, സമ്പന്നനെന്നോ, ദരിദ്രനെന്നോ വ്യത്യാസവുമില്ല. അത് പോലെയുള്ള മികച്ച സമ്മാനം തന്നെയാണ്, ആത്മാർത്ഥമായ അഭിനന്ദനം. നമുക്ക് ലഭിച്ചിട്ടുള്ള ഒരു പാട് സമ്മാനങ്ങൾ മറന്നാലും, ലഭിച്ച അഭിനന്ദനങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല. അത് കൊണ്ട്, നല്ല സമ്മാനം നൽകണമെങ്കിൽ, ആത്മാർത്ഥമായി നേരിട്ട് തന്നെ അഭിനന്ദിക്കുക.
നിങ്ങളുടെ ഏറ്റവും മികച്ച, മൂല്യമുള്ള സമ്മാനമായി ആ അഭിനന്ദനം അവരുടെ ജീവിതത്തിൽ എന്നും ഉണ്ടാവും. മറ്റൊരു മികച്ച സമ്മാനമാണ് ആത്മാർത്ഥമായ പ്രശംസ. ഒരു തരത്തിൽ പ്രശംസയും, അഭിനന്ദനം തന്നെയാണ്. എന്നാൽ, മറ്റുള്ളവരുടെ മുന്നിൽ വച്ച് അഭിനന്ദിക്കുന്നതാണ് പ്രശംസ എന്ന് സാമാന്യമായി പറയാം. ഏതെങ്കിലും നേട്ടങ്ങളിലോ, ജന്മദിനത്തിലോ, അതുപോലെയുള്ള സന്ദർഭങ്ങളിലോ, അവരുടെ നേട്ടങ്ങളെയോ നല്ല പ്രവൃത്തികളെയോ, ഗുണങ്ങളെയോ പരസ്യമായി പ്രശംസിച്ച് നോക്കുക. അവരുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമായിരിക്കും അത് എന്നതുറപ്പാണല്ലോ.ഏറ്റവും ചിലവ് കുറഞ്ഞ, ഇത്തരം സമ്മാനങ്ങളാണ്, യഥാർത്ഥത്തിൽ ഏറ്റവും മൂല്യമുള്ള സമ്മാനങ്ങൾ. അത് തിരിച്ചറിയാതെ വരുമ്പോഴാണ്, കേവലം ഭൗതികമായ സമ്മാനങ്ങൾ നൽകുന്നവരായി നമ്മൾ മാറുന്നത്.
ഏറ്റവും മൂല്യമേറിയ സമ്മാനം, ഏറ്റവുമധികം പണം കൊടുത്ത് വാങ്ങാവുന്നതല്ല, മറിച്ച് പണം കൊണ്ട് വാങ്ങാനാവാത്ത, സ്നേഹമാണ്, ആത്മാർത്ഥമായ അഭിനന്ദനവും പ്രശംസയുമാണ്.