ആ മനുഷ്യൻ മണ്ണിലേക്ക് തിരികെ മടങ്ങി.
സ്വർഗീയ മാലാഖമാർ ഇപ്പോൾ ആ മഹാപുരുഷനെ വരവേൽക്കുന്നുണ്ടാവണം, ഒരു ജീവിതം മുഴുവൻ അനാഥർക്കും അഗതികൾക്കും പിന്നോക്കം നിന്ന ഒരു വിഭാഗത്തിൻ്റെ സാമൂഹ്യ പുരോഗതിക്കുമായി സമർപ്പിച്ച ധന്യമായ ആയുസ്സ് ഇന്ന് ചരിത്രമായപ്പോൾ ഒരു ജനസമൂഹം ഒന്നാകെ അനാഥമായി..
മരണ വാർത്ത കുറിച്ചെടുത്ത മാധ്യമ പ്രവർത്തകർക്ക് സാങ്കേതികമായി അദ്ദേഹത്തിൽ പിറന്ന നാലഞ്ച് മക്കളുടെ പേരെ എഴുതാൻ കഴിയൂ. പക്ഷെ ജമാലുപ്പയെ ഉപ്പയായി കണ്ട ആയിരങ്ങളുടെ പേര് പടച്ചവന്റെ രേഖയിൽ എന്നോ എഴുതപ്പെട്ടു കാണും. അദ്ദേഹത്തിന്റെ മക്കളുടെ പേരുകളും ജീവിതവും നമ്മുടെ ഭാഷകൾക്കോ താളുകൾക്കോ വഴങ്ങുന്നതല്ലല്ലോ....
മുട്ടിൽ യതീം ഖാന അങ്കണത്തിലേക്ക് ആ ജനാസ കടന്നു വരുമ്പോൾ നിര നിരയായി നിന്ന മനുഷ്യർ, അവരിൽ നിരവധി സ്ത്രീകളുണ്ട്. വൃദ്ധന്മാരുണ്ട്, കുട്ടികളുണ്ട്. പല ദുഖങ്ങളും വിതുമ്പുകയാണ്. തങ്ങളുടെ ഉപ്പയെ അവസാനമായി ഒരു നോക്ക് കാണാനുള്ള മക്കളുടെ ക്യൂ. വിറങ്ങലിച്ചു നിൽക്കുന്ന കുറേ മനുഷ്യർ. അർദ്ധ ചന്ദ്ര താരാംഗിത ഹരിത പതാക പുതച്ച് അവരുടെ ജമാലുപ്പ എന്നേക്കുമായി ഉറങ്ങുന്നത് നോക്കി വിങ്ങിപ്പൊട്ടിയ ആയിരങ്ങൾ..
അവസാനമായി ആ മനുഷ്യൻ ഇന്ന് യതീം ഖാനയുടെ ഗേറ്റ് കടന്നു പുറത്തു പോയി. ഇനിയൊരു മടക്കമില്ലാതെ.
മൂന്നര പതിറ്റാണ്ട് കാലം ഊണും ഉറക്കവും വകവെക്കാതെ, പിന്നോക്കം ഒരു സമൂഹത്തിന്റെ ഉയിർപ്പിന് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ആ മനുഷ്യനും കടന്നു പോയി..
താൻ ഓർമ്മിക്കപ്പെടുന്നത്, പ്രശംസിക്കപ്പെടുന്നത് ഒട്ടും ഇഷ്ടമില്ലാത്തതിനാലാവണം, യതീം ഖാന അങ്കണം തെരഞ്ഞെടുക്കാതെ തന്റെ നാടായ സുൽത്താൻ ബത്തേരിയിലെ ഖബർസ്ഥാൻ മതി തന്റെ വിശ്രമസ്ഥാനം എന്ന് ആ മഹാപുരുഷൻ വസിയ്യത്ത് ചെയ്തത്..
വയനാടൻ മാമലകൾ ദർശിച്ച ആ അത്ഭുത മനുഷ്യന് പ്രാർത്ഥനകൾ, ആ കാലത്ത് ജീവിക്കാൻ സുകൃതം ചെയ്ത റബ്ബിന് നന്ദി...
പൊയ്ക്കളഞ്ഞു എന്നു വിശ്വസിക്കാൻ കഴിയണ്ടേ ഞങ്ങൾക്ക്...
അല്ലാഹുവേ നിന്റെ കരുണയുടെയും ഔദാര്യത്തിന്റെയും പുതപ്പുകൾ കൊണ്ട് ഞങ്ങളുടെ നേതാവിനെ നീ സ്വീകരിക്കണേ...
✍️:മമ്മൂട്ടി അഞ്ചുകുന്ന്