നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും.
അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്.
എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്.
എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി
തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും.
അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല.
ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്തിന് മുതിരരുത്. ഒന്നുമാത്രം ഓർമ്മയിൽ സൂക്ഷിക്കുക. ചതിക്കാനും സഹായിക്കാനും വേണ്ടി ആർക്കും രണ്ടാമതും ഒരു അവസരം ഉണ്ടാക്കി കൊടുക്കരുത്.
നമ്മളിൽ നിന്ന് കൊഴിഞ്ഞു പോയവരോ, മന:പൂർവ്വം നമ്മളെ പറ്റിച്ചവരോ ആരുമായിക്കൊള്ളട്ടെ, കാലങ്ങൾക്ക് ശേഷം ജീവിതത്തിൻ്റെ ഏതെങ്കിലും വഴികളിൽ കണ്ടുമുട്ടുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ ഒരു ചിരിയങ്ങ് നൽകുക. അവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രതികാരം അതായിരിക്കട്ടെ.
വ്യക്തികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ, സഹവർതിത്വത്തിന്റെ മനോഹരമായ അധ്യായം രചിക്കാൻ, നന്മയുടെ വിപ്ലവമുണ്ടാക്കാൻ നമ്മുടെ സംസാരത്തിന് സാധിക്കും.
ജീവിതത്തിലെ വിജയ പരാജയങ്ങളിൽ ഹൃദയത്തെപ്പോലെ നാവിനും വലിയ പങ്കുണ്ട്, നിയന്ത്രണമുണ്ടായില്ലെങ്കിൽ വിനാശം വിതയ്ക്കാൻ നാവ് മതി.
നല്ലതു പറയാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉപയോഗിക്കേണ്ട സംസാരശേഷിയെ കുടുംബത്തിലും നാട്ടിലും അസ്വസ്ഥതയുണ്ടാക്കാൻ ഉപയോഗിക്കുന്നത് എന്തൊരു പരാജയമാണ്.
വാക്കുകളുടെ ഉപയോഗം അനുസരിച്ചാണ് സാമൂഹിക മാറ്റങ്ങളുണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു കൊണ്ട് നല്ലതു പറയുക, നന്മ പരത്തുക.