ഭയങ്ങളെയും ആശങ്കകളെയും നമുക്ക് എങ്ങിനെ പിന്‍തള്ളാം എന്ന ചിന്തയേ അപ്രസക്തമാണ്, കാരണം യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നില്ല. മനസ്സറിയാതെ നമ്മള്‍ അവയെ സ്വയം സൃഷ്ടിച്ചു കൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉണ്ടാക്കുമ്പോഴേ അവ ഉണ്ടാകുന്നുള്ളൂ. ഇല്ലെങ്കില്‍ അവയും ഇല്ല. അതുകൊണ്ട് നിങ്ങള്‍ ചോദിക്കേണ്ടത് എന്തുകൊണ്ട് മനസ്സില്‍ ഭയാശങ്കകള്‍ ഉണ്ടാവുന്നു എന്നാണ്; എങ്ങിനെ അവയെ ഇല്ലാതാക്കാമെന്നും.
തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറി കടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ.
ഭയാശങ്കകള്‍ക്കുള്ള അടിസ്ഥാന കാരണം ഒരു നിലക്ക് പറഞ്ഞാല്‍ ഈ വിശാലമായ പ്രപഞ്ചം തന്നെയാണ് - ആദിയും അന്തവും അറിയാനാവാത്ത ഈ പാരാവാരത്തില്‍ നിങ്ങള്‍ എന്ന തീരെ ചെറിയ നിസ്സാരനായ മനുഷ്യന്‍. ഭയവും അരക്ഷിത ബോധവും ഉണ്ടാവുക സ്വാഭാവികം. “എനിക്കെന്തു സംഭവിക്കും" എന്ന ചിന്ത മനസ്സിനെ സദാ അലട്ടി കൊണ്ടിരിക്കും. താന്‍ ഈ ശരീരമാണ് എന്ന ബോധമുള്ളിടത്തോളം കാലം, അനുഭവങ്ങളൊക്കെയും ശാരീരികവും മാനസ്സികവുമായ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നിടത്തോളം കാലം, ഈ പേടിയും പരിഭ്രമവും നിങ്ങളെ വിട്ടൊഴിയാന്‍ പോകുന്നില്ല. പലര്‍ക്കും പല തോതിലും തരത്തിലുമായിരിക്കും ഇത് അനുഭവപ്പെടുന്നത്.
ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ എല്ലാവിധ ഭയാശങ്കകളും നിങ്ങള്‍ മറക്കുന്നു. താന്‍ അരക്ഷിതനാണ് എന്ന ബോധം നിങ്ങളെ അലട്ടുന്നില്ല. നാളെ ജീവിതത്തില്‍ അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ വീണ്ടും അത് തലപൊക്കുകയായി. കാരണം അത് എപ്പോഴും നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതാണ്. തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറികടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ. അല്ലാത്ത പക്ഷം വല്ലാത്തൊരു അരക്ഷിതത്വ ബോധം അവനെ കാര്‍ന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും.
ആദ്ധ്യാത്മീകമായി നിറയുമ്പോൾ ഭയം ഇല്ലാതാകുമൊ? ഏത് മതം ആയാലും ആദ്ധ്യാത്മീകത എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് ഭൗതികമായ അനുഗ്രഹങ്ങൾ ആവില്ല... മനസ്സ് നിറഞ്ഞ പ്രാർത്ഥനയാണത്. അത്തരം ഒരു പ്രാർത്ഥനയിലുടെ കടന്നു പോകുമ്പോൾ ഭയം നമ്മെ വിട്ടു പിരിഞ്ഞേക്കാം...സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത് "എന്നെയും എനിക്കുള്ളതിനെയോക്കെയും വഴി പോലെ കാത്തു കൊള്ളേണമേ" എന്ന് ദൈവത്തോട് അപേക്ഷിക്കുകയാണ്. അതില്‍ ആദ്ധ്യാത്മീകതയുടെ അംശം ലവലേശമില്ല . അവിടെ മുഴച്ചു നില്‍ക്കുന്നത് നിലനില്‍പ്പിന്റെ പ്രശ്നം മാത്രമാണ്.
അധികം പേരും പ്രാര്‍ത്ഥിക്കുന്നതിനുള്ള പ്രധാനകാരണം ജീവിതത്തെ പറ്റിയുള്ള ആശങ്കയും പരിഭ്രമവുമാണ്. പ്രാര്‍ത്ഥന കേവലം ഒരു ചടങ്ങു മാത്രമാകുമ്പോള്‍ അത് സ്വാഭാവികമായും വിലയറ്റതാകുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായും നിങ്ങളുടെ മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമാകുമ്പോള്‍ അതിനു തക്കതായ ഒരു സൌരഭ്യം കൈവരുന്നു.പ്രാര്‍ത്ഥനയിലൂടെ നിങ്ങള്‍ നേരും നന്മയും ആഗ്രഹിക്കുമ്പോള്‍ അതിന് വിലയുണ്ടാകുന്നു. എന്നാല്‍ സ്വന്തം നില നിൽപ്പിനു വേണ്ടി മാത്രം ഈശ്വരനെ ആശ്രയിക്കുമ്പോള്‍, പ്രാര്‍ത്ഥന അസംബന്ധത്തിന്റെ തലത്തിലേക്ക് താഴുന്നു. ഈ ഭൂമിയിലെ കൃമി കീടങ്ങള്‍ കൂടി സ്വന്തം നിലയില്‍ ജീവിച്ചു പോരുന്നുണ്ടല്ലോ!
മനസ്സിന്റെയും ശരീരത്തിന്റെയും പിടിയില്‍ നിന്ന് വിട്ടുമാറാനായാല്‍ പിന്നീടൊരിക്കലും ഒരു തരത്തിലുള്ള ഭയാശങ്കകളും നിങ്ങളെ അലോസരപ്പെടുത്തുകയില്ല . എന്തിനോടും വേണ്ടതിലധികം പ്രതികരിക്കുന്ന, തീരെ ഒതുക്കമില്ലാത്ത ഒരു മനസ്സിന്റെ സൃഷ്ടികളാണ് ഭയവും അരക്ഷിതബോധവും
ദുഃഖം മനസ്സിന്റെ ഒരു അവസ്ഥയാണ്. സുഖത്തിന്റെ കാര്യത്തിലെന്ന പോലെ ദുഃഖം കുറയാനും നാം പലതും ത്യജിക്കേണ്ടി വരും. എന്നാല്‍ വേദന എന്നതും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന എന്നത് ശരീരവുമായി ആണ് കൂടുതല്‍ ബന്ധപ്പെടുന്നത്. എന്നാല്‍ ദുഃഖം എന്ന അര്‍ഥത്തില്‍ പലരും മനസ്സിന്റെ വേദന എന്ന് പറയുന്നുണ്ട്. എങ്ങിനെയാണ് ദുഃഖം ഉണ്ടാകുന്നത്? ശ്രീ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗത്തില്‍ ദുഖത്തിന്റെ കാരണം മുഴുവന്‍ ആഗ്രഹങ്ങള്‍ ആണെന്നാണ്. ആ ആഗ്രഹങ്ങളെ ഇല്ലാതാക്കിയാല്‍ ദുഖത്തില്‍ നിന്നും മോചനം നേടാം എന്ന് പറയുന്നു. ഒന്ന് തീര്‍ച്ച. ഈ ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ നമുക്കെന്നല്ല ഭൂമിയില്‍ ജീവിക്കുന്ന ആര്‍ക്കും സാധിക്കില്ല. അല്ലെങ്കില്‍ അവന്‍ സര്‍വതും പരിത്യജിച്ചു അതായത് സ്വന്തം ശരീരം പോലും ഏതു നിമിഷവും ഉപേക്ഷിക്കാന്‍ തയാറായി, താപസനായി ജീവിക്കേണ്ടി വരും. പിന്നെ ഒന്ന് മാത്രം എല്ലാവർക്കും ചെയ്യാന്‍ സാധിക്കും ആഗ്രഹങ്ങള്‍ കുറക്കുക. നമ്മുടെ കഴിവിനും അറിവിനും സമ്പത്തിനും എല്ലാം യോചിക്കുന്നത് മാത്രം ആഗ്രഹിക്കുക. എങ്കില്‍ ദുഖവും കുറയും. മനസ്സിന് ഇഷ്ടമില്ലാത്തത് സംഭവിച്ചാല്‍ ദുഖമുണ്ടാകുന്നു. മനസ്സില്‍ ആവശ്യമുള്ള ആഗ്രഹം മാത്രമേ വെക്കാവൂ. അപ്പോള്‍ ഇഷ്ടമില്ലാത്തത് സംഭവിക്കുക എന്നതും കുറവായിരിക്കും. നാമെല്ലാം മറ്റുള്ളവര്‍ നമ്മോടു മാന്യമായി പെരുമാറണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് നാം ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക എന്നതാണ്. സുഖം നിസ്വാര്‍ത്ഥതയായും, ദുഃഖം സ്വാര്‍ഥത ആയും ബന്ധപ്പെട്ടിരിക്കുന്നു.