മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ അഞ്ച് മാർഗ്ഗങ്ങൾ
തലമുടി കൊഴിച്ചില്‍ ആണ് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.
തലമുടി കൊഴിച്ചിൽ തടയാന്‍ പരീക്ഷിക്കാവുന്ന ചില ഹെയർ മാസ്കുകളെ പരിചയപ്പെടാം.
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരത്തിന് നിങ്ങളുടെ തലമുടിയുടെ പ്രശ്നങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താനുള്ള ഗുണങ്ങളുണ്ട് എന്ന കാര്യം അറിയാമോ. ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാളികേരത്തിൽ അവശ്യ കൊഴുപ്പുകൾ, പലതരം ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം, അയൺ എന്നിവയും ധാരാളമിതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. അതുപോലെ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
തലമുടി കൊഴിച്ചിൽ തടയാനും താരനെ അകറ്റാനും പഴം സഹായിക്കും. ഇതിനായി ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേയ്ക്ക് ഒരു കപ്പ് തൈര്, ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ല്, രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവ ചേര്‍ത്ത് മിക്സിയിലടിക്കുക. ഇനി ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
താരന്‍ അകറ്റാനും തലമുടി വളരാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.
പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. ഇതിനായി ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.
തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. താരന്‍ അകറ്റാനും ഉലുവ സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.