ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു.
"രണ്ടരയടി"
അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?"
പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.
"തണ്ണിയോളം ഉയരം താമരക്ക്"
അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം.
ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'.
മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?"
ശിഷ്യൻമാരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും."
നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്. അതുകൊണ്ട് ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, സ്വപ്നം കാണുക. അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്.
സ്വപ്നം കാണുക എന്നത് വലിയൊരു പ്രശ്നം അല്ല... പക്ഷേ , അതിൽ ജീവിക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തെ ഊഷ്മളമായി മുമ്പോട്ടു നയിക്കുന്നത് നമ്മുടെ പ്രത്യാശകൾ ഇന്നല്ലങ്കിൽ നാളെ പൂവണിയുമെന്ന നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷയത്രേ. നമ്മുടെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ലക്ഷ്യങ്ങളുടേയും ആകെത്തുകയാണ് ഭാവിയെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകൾ. ഒരോ ചുവടുകൾ പിഴക്കുമ്പോഴും പ്രത്യാശയുടെ ഒരോരോ ഇതളുകൾ കൊഴിഞ്ഞു വീഴുമ്പോഴും നാം പ്രത്യാശിക്കുന്നു. ബാക്കിയുള്ള പ്രതീക്ഷകളെങ്കിലും സഫലമാകുമെന്ന്.
നഷ്ടപ്പെട്ട സ്വപ്നത്തിനു പകരം മറെറാന്നോ അതിൽ കൂടുതലോ നാം നെയ്യുവാൻ തുടങ്ങുന്നു. ദിനങ്ങൾ ,മാസങ്ങൾ, വർഷങ്ങൾ ഒരോന്നായി നമ്മുടെ ജീവിതശേഖരത്തിൽ നിന്നു കുറയുന്നു. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ,ലക്ഷ്യങ്ങൾ ഇവയിൽ ചുരുക്കം ചിലവ സഫലീകരിച്ചും കൂടുതലും സഫലീകരിക്കപ്പെടാതേയും കുറച്ചു സന്തോഷിച്ചും കൂടുതൽ നിരാശപ്പെട്ടും നാം ജീവിത സായാഹ്നത്തോടടുക്കുന്നു.മരിച്ചു വീഴുന്ന നിമിഷത്തിനു അര നിമിഷം മുമ്പ് വരെയും നാം പലതും പ്രതീക്ഷിക്കുന്നു. പ്രത്യാശിക്കുന്നു. എന്നാൽ മനുഷ്യപ്രതീക്ഷകൾ പൂവണിയുന്നതിന്റെ അനുപാതം പരിശോധിച്ചാൽ സന്തോഷത്തേക്കാൾ നിരാശയാവും ഫലം.
സഫലമാകുന്ന പ്രതീക്ഷകളെപ്പറ്റി കുന്നോളം പറയാമെങ്കിൽ സഫലമാവാത്തവയെപ്പറ്റി വാനോളം പറയേണ്ടി വരും.
വാനോളമുള്ള പ്രതീക്ഷകൾ കുന്നോളം പോലും സഫലീകരിക്കപ്പെടാതെ അസ്തമിക്കുന്ന മനുഷ്യജന്മമെന്ന ഖ്യാതിക്ക് വിരാമമിടാൻ എന്താണ് വഴി? പ്രതീക്ഷാനിർഭരമായ ജീവിതം എന്ന തത്വത്തെ സ്ഥൂലമായ കാഴ്ചപ്പാടിൽ നിന്നു പരിശോധിച്ചാൽ യാതൊരു പൊളിച്ചെഴുത്തിനും സാധ്യത ഇല്ലെന്ന്
മനസ്സിലാക്കാം. ജീവിതപ്രയാണത്തിന്റെ ഊർജ്ജവും ആവേശവുമായ പ്രതീക്ഷകളുടെ ഇതളുകൾ തല്ലിക്കൊഴിക്കുവാൻ ആർക്കാണ് സാധിക്കുക ?
എന്നാൽ സൂക്ഷ്മമായ കാഴ്ചപ്പാടിൽ പ്രതീക്ഷ എന്ന വാക്കിലടങ്ങിയിരിക്കുന്ന വിപുലമായ അർത്ഥതലത്തെ ഒരു പുനർവായനക്ക് വിധേയമാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. ഒരോ വ്യക്തിയും തങ്ങളുടെ ആഗ്രഹങ്ങളിൽ, ലക്ഷ്യങ്ങളിൽ, സ്വപ്നങ്ങളിൽ യഥാർത്ഥ്യത്തിലൂന്നിയ ചില അഴിച്ചുപണികൾ നടത്തിയാൽ അവ ഒരു പരിധി വരെ സഫലമായി തീരുന്നതായി കാണാം. നമ്മുടെ ആഗ്രഹങ്ങളുടെ പരിധിയും സ്വപ്നങ്ങുടെ ബഹുലതയും ലക്ഷ്യങ്ങളുടെ വലിപ്പവും നമ്മുടെ സാഹചര്യങ്ങളുടേയും കഴിവിന്റേയും അടിസ്ഥാനത്തിൽ യഥാർത്ഥ്യബോധത്തോടെ നിർണ്ണയിക്കുവാൻ സാധിച്ചാൽ പ്രതീക്ഷകൾ സഫലീകരിക്കപ്പെടുക തന്നെ ചെയ്യും. അവയുടെ മുൻഗണനാക്രമത്തിലും വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്.
നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം യഥാർത്ഥത്തിൽ നമ്മുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണോ എന്ന വിലയിരുത്തലും അഭികാമ്യമാണ്. നമ്മുടെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ലക്ഷ്യങ്ങൾ എന്നിവ യഥാർത്ഥത്തിൽ നമുക്ക് വേണ്ടവയാണോ എന്ന് നിശ്ചയിക്കുവാനും അവ പുന:ക്രമീകരിക്കുവാനും കഴിയുന്നിടത്താണ് മനുഷ്യ ജീവിതത്തിന്റെ പ്രതീക്ഷകൾക്ക് അർത്ഥമുണ്ടാകുന്നത്.അവ സഫലമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആവണമെന്ന ആഗ്രഹം പാടില്ലെന്നല്ല, ആവശ്യമുണ്ടോയെന്നാണ് നാം പരിശോധിക്കേണ്ടത്.
കാലുകൾ നിലത്തുറപ്പിച്ചു നിന്നു കാണുന്ന സ്വപ്നങ്ങൾ പൂവണിയപ്പെടുമ്പോൾ അനന്തവിഹായസ്സിൽ സീമാതീതമായി കാണുന്ന സ്വപ്നങ്ങൾ ഫലപ്രാപ്തിയിലെത്താനുള്ള സാഹചര്യങ്ങൾ തുലോം വിരളമത്രേ.