ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്..
'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ.
നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ജെയിംസിൻ്റെ ജീവിതത്തിൽ ചരിത്രം സൃഷ്ടിച്ചു. മറ്റൊരു കപ്പല് അപകടത്തിലും അദ്ദേഹം അകപ്പെട്ടു. ലൂസിറ്റാന കപ്പൽ ദുരന്തമായിരുന്നു അത്. എന്നാൽ, ഇതിൽ നിന്നു വീണ്ടും പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട ജെയിംസ് ഒടുവിൽ മരിച്ചത് എങ്ങനെയെന്നല്ലേ? വീടിനടുത്തുള്ള ചെറിയ അരുവിയിൽ കാൽവഴുതി വീണു മുങ്ങിച്ചാവുകയായിരുന്നു! വലിയ വെല്ലുവിളികളെ അതിജീവിച്ച പലരും കൊച്ചു കാര്യങ്ങളുടെ മുൻപിൽ തോറ്റുപോകുന്നത് എത്ര വിഷമകരം!
അൽപം രസം (മെർക്കുറി) കുത്തിവച്ചാൽ ഏതു വമ്പൻ മരവും കുറച്ചു നാൾ കഴിയുമ്പോൾ ഉണങ്ങിപ്പോകുമെന്ന് നമുക്കറിയാം. പല ദുശ്ശീലങ്ങളെയും – പുകവലി, മദ്യപാനം എന്നിങ്ങനെ – ആളുകൾ ന്യായീകരിക്കുന്നത് 'ഓ, ഇതൊക്കെ ഒരു രസം' എന്നു പറഞ്ഞാൽ തന്നെ രസകരമായ ഒരു വൈരുദ്ധ്യമായി തോന്നുന്നില്ലേ? ഒരു ചെറിയ ദുഃസ്വഭാവം. പക്ഷേ അതിനു കൊടുക്കേണ്ടി വരുന്ന വിലയോ? ദേശസാൽകൃത ബാങ്കിലെ ഉദ്യോഗസ്ഥൻ. നാട്ടിൽ മാന്യൻ. പക്ഷേ, ബസ്സിൽ ഡ്രൈവറെ ഉപദ്രവിച്ചതിനു നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപിച്ചത് അയാളെയാണ്. മാധ്യമങ്ങളിൽ പടം വന്നു. ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചു പോയി എന്നാണു ന്യായം. അന്വേഷിച്ചു ചെന്നപ്പോഴോ? ആ ദുർബല നിമിഷത്തിനു പിന്നിൽ നാളുകളായി പിൻതുടരുന്ന ഒരു ദുശ്ശീലമുണ്ടായിരുന്നു. ഇൻ്റർനെറ്റ് അശ്ലീലത്തിൻ്റെ ഇരയായിരുന്നു അയാൾ.
ഇന്നു മുൻപില്ലാത്ത വിധം പെരുകുന്ന മാനഭംഗങ്ങൾക്കു പിന്നിലെ യഥാർത്ഥ വില്ലൻ ഇൻ്റർനെറ്റ്, മൊബൈൽ ഫോണുകളുടെ ദുരുപയോഗമല്ലേ? ഗൗരവമായി എടുക്കാത്ത ഒരു ദുശ്ശീലം, അത് എത്ര പേരെ തകർത്തു കളഞ്ഞിരിക്കുന്നു!
മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു മടങ്ങിപ്പോകാന്‍ നേരം ഒരു ഭിക്ഷുവിനോട് തന്നോടൊപ്പം ഗ്രീസിലേക്കു വരുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്രേ. ഭിക്ഷു ആ ക്ഷണം നിരസിച്ചു. ചക്രവര്‍ത്തി ക്ഷുഭിതനായി. ‘എന്ത്! ഈ നിസ്സാരനായ സന്യാസി ചക്രവര്‍ത്തിയായ തന്നെ അനുസരിക്കാതിരിക്കുകയോ?’ കോപം കൊണ്ടു വിറച്ച അലക്‌സാണ്ടര്‍, ഭിക്ഷുവിനോട് തന്നോടൊപ്പം വരാതിരിക്കാനുള്ള കാരണം അറിയണമെന്ന് ആവശ്യപ്പെട്ടു. ‘കാരണം നിസ്സാരം. നിങ്ങള്‍ എന്റെ അടിമയുടെ അടിമയാണ്. അതുകൊണ്ട് നിങ്ങളൊടൊപ്പം വരുന്നില്ല.’ പറഞ്ഞതു വിശദീകരിക്കാന്‍ ചക്രവര്‍ത്തി വീണ്ടും കോപിഷ്ഠനായി ആവശ്യപ്പെട്ടു. അപ്പോള്‍ ഭിക്ഷു ഇങ്ങനെ വിശദീകരിച്ചത്രേ: ”നോക്കൂ, ഞാന്‍ മുന്‍കോപത്തെ എന്നേ ജയിച്ചു കഴിഞ്ഞു. കോപം ഇപ്പോള്‍ എന്റെ അടിമയാണ്. അതേസമയം നിങ്ങള്‍ ഇപ്പോഴും മുന്‍കോപത്തിന്റെ അടിമയാണ്. ചുരുക്കത്തില്‍ നിങ്ങള്‍ എന്റെ അടിമയുടെ അടിമയാണെന്നു സാരം.”നോക്കുക: ചക്രവര്‍ത്തിയെപ്പോലും അടിമായാക്കാന്‍ ഒരു കൊച്ചു ശീലത്തിനു കഴിയുന്നു. ഒരുവന്‍ ഏതിനോടു തോല്‍ക്കുന്നോ അതിന്റെ അടിമയാണവന്‍.
കൊച്ചു കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക മാത്രമല്ല, ചെയ്യേണ്ട കൊച്ചുകാര്യം ചെയ്യാനുള്ള ശ്രദ്ധയും നമുക്കുണ്ടാകണം.
നമുക്കു കൊച്ചു കാര്യങ്ങളില്‍ സൂക്ഷ്മതയുള്ളവരാകാം.... കുതിരയുടെ ലാടത്തിലെ ഒരാണി നഷ്ടപ്പെട്ടതിനാല്‍ യുദ്ധം തോറ്റ രാജാവ് പഴങ്കഥയിലെ കഥാപാത്രം മാത്രമാണു നമുക്ക്. എന്നാല്‍ ഇന്നു നിത്യജീവിതത്തില്‍ നാമാണ് ഈ രാജാവെന്ന് എന്നു നാം തിരിച്ചറിയും?