എപ്പോൾ മുതൽ ആണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുമ്പേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല.
ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ലാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നവരുണ്ട്. സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിതം തന്നെ ശൂന്യമായിപ്പോവില്ലേ? നമ്മുടെ ഏകാന്തതയെ ധന്യമാക്കുന്നതും സ്വപ്‌നങ്ങൾ തന്നെ.
ജീവിതത്തില്‍ സ്വപ്നങ്ങളുണ്ടാവണം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാവാന്‍ ഉറങ്ങാതിരിക്കണം. സഫലമാകാന്‍ തക്കവണ്ണമൊരു സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. കുട്ടിക്കാലത്ത് വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടവരാണ് ഇന്ന് നാം മഹാന്മാരെന്ന് വിളിക്കുന്നവരെല്ലാം.അവരുടെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ അവര്‍ ഉറക്കമിളച്ചു കഠിനാദ്ധ്വനം ചെയ്തു.തെരുവുവിളക്കിന്‍റെ വെട്ടത്തിലിരുന്നു പഠിച്ച അബ്രഹാം ലിങ്കന്‍ അമേരിക്കന്‍ പ്രസിഡന്‍റായി. സമൂഹത്തിന്‍റെ താഴേതട്ടിലുള്ള കുടുംബത്തില്‍ പിറന്ന അബ്ദുള്‍ കലാം വലിയ ശാസ്ത്രജ്ഞനായി; ഇന്ത്യയുടെ പ്രസിഡന്‍റായി. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യക്തിത്വങ്ങളുണ്ട്, പ്രതിഭകളുണ്ട് നമുക്കു ചുറ്റിലും – സ്വപ്നം കണ്ടവര്‍; അവ യാഥാര്‍ത്ഥ്യമാക്കിയവര്‍.
ജീവിതത്തിൽ നിറമുള്ള സ്വപ്‌നങ്ങളുണ്ടാകണമെന്നും ആ സ്വപ്‌നങ്ങളുടെ സാക്ഷാൽക്കാരമാണ് ജീവിത വിജയമെന്നും ഉദ്‌ഘോഷിച്ച മഹാനാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം. വിദ്യാർഥികളോടും ചെറുപ്പക്കാരോടും മാത്രമല്ല ഏത് പ്രായത്തിൽ പെടുന്നവരോടും അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത് ഇതേ കാര്യമായിരുന്നു. മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഃ-ഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. അതുപക്ഷേ എങ്ങനെ നേടിയെടുക്കാമെന്നത് സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളുമാണ് വ്യത്യസ്തമാകുന്നത്. ഭാവനയുടെ സീമകളെ വിശാലമാക്കി ചിന്തയും ധാരണകളും മനോഹരമാക്കുമ്പോൾ ജീവിതത്തിൽ പുരോഗതിയാണുണ്ടാവുക. സ്വപ്‌നം കാണുക. ആ സ്വപ്‌നം എത്ര ഉയരത്തിലായാലും അത് യാഥാർത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികൾ ഇടുങ്ങിയതാവാം. മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം. എങ്കിലും പ്രയത്‌നം തുടരുക.
'വിശ്രമമില്ലാത്ത പ്രയത്‌നമാണ്, ഉറക്കമല്ല, വിജയത്തിലേക്കുള്ള വഴി. കണ്ണുകൾ തുറന്നുപിടിച്ച് വലിയ സ്വപ്‌നങ്ങൾ കാണുക. 'പറയുന്നത് റോണി സ്‌ക്രൂവാല. യു.ടി.വിയുടെ സ്ഥാപകൻ. ബിസിനസ് ലോകത്തെ വമ്പൻ. തന്റെ കഴിഞ്ഞ 20 വർഷത്തെ പ്രയത്‌നങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും റോണി സംസാരിക്കുകയാണ്. 'ഡ്രീം വിത്ത് യുവർ ഐസ് ഓപൺ' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ പുസ്തകം ഇപ്പോഴും നിരവധി പേരെ പ്രചോദിപ്പിച്ചുകൊണ്ടാണ് സജീവമായ ചർച്ചയാകുന്നത്.വിജയത്തിന്റെ വഴികൾ തന്നിലേക്കെത്തിപ്പെടാതെ മാറിപ്പോകുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഒരാൾക്ക് ഏറ്റവും പ്രയോജനപ്രദമായ പുസ്തകമാണ് ഡ്രീം വിത്ത് യുവർ ഐസ് ഓപ്പൺ എന്ന പുസ്തകം. കാരണം, ഒരു ബിസിനസ്മാന്റെ ജീവിത പോരാട്ടങ്ങളുടെയും അവയുടെ അവസാനം ലഭിച്ച മധുരിക്കുന്ന വിജയത്തിന്റെയും കഥയാണ് ഈ പുസ്തകം പറയുന്നത്.
ജീവിതത്തിൽ നാം കാണുന്ന സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കാനായില്ലെങ്കിലും അതിലേക്കുള്ള യാത്രകൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ നൽകും. ചെറിയ ചെറിയ നേട്ടങ്ങളിൽ നിർത്താതെ മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും, ഇവയെല്ലാം ചേർന്ന് വലിയ നേട്ടമായിരിക്കുന്നു എന്ന്. അറുപത്തി അഞ്ചാം വയസ്സിലായിരിക്കും ചിലപ്പോൾ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവുക. വിജയത്തിലേക്കുള്ള വഴി റോസാപ്പൂ വിരിച്ചതായിരിക്കില്ല. കല്ലും മുള്ളും നിറഞ്ഞതാണത്.പക്ഷേ ഇത് താണ്ടാൻ ശ്രമിക്കുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാനാവുക.
ദുഃഖങ്ങൾക്കും വേദനകൾക്കുമിടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ട്. 17 വർഷം മുമ്പ് തനിക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ വിലക്ക് വാങ്ങിയ സംരംഭകന്റെ കഥയിങ്ങനെയാണ്. ആദം 21 വയസ്സുള്ളപ്പോൾ ബിസിനസ് തുടങ്ങാൻ ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിച്ചു. എന്നാൽ അന്ന് വളരെ ചെറുപ്പമാണെന്നും അനുഭവ പരിചയമില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളിക്കളഞ്ഞു. ഇന്ന് 17 വർഷങ്ങൾക്ക് ശേഷം, വായ്പ നൽകാൻ തയാറാകാത്ത ആ ബാങ്ക് തന്നെ വിലക്ക് വാങ്ങിയിരിക്കയാണ് ആദം.
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇംഗ്ലണ്ടിലെ ഉർസ്റ്റൺ നിവാസിയായ ആദം ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ കൈയിൽ ആവശ്യത്തിന് പണമില്ലാതിരുന്ന അദ്ദേഹം അതിനായി ഒരു ബാങ്ക് വായ്പ എടുക്കാൻ തീരുമാനിച്ചു. ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായി അദ്ദേഹം ബാങ്ക് മാനേജരെ കാണാൻ പോയി. ''ഞാൻ അന്ന് വളരെ ടെൻഷനിലായിരുന്നു. മനസ്സിൽ ലോൺ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ബാങ്കിലേക്ക് ഞാൻ കാലെടുത്തു വെച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമില്ലായിരുന്നു. ബാങ്ക് വായ്പയെ ആശ്രയിച്ചായിരുന്നു എല്ലാം ഇരുന്നിരുന്നത്'' -ആദം പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ബിസിനസ് പദ്ധതികൾ കേട്ടപ്പോൾ ബാങ്ക് മാനേജർ അദ്ദേഹത്തിന് വായ്പ നിഷേധിക്കുകയായിരുന്നു.
വളരെ ചെറുപ്പമാണെന്നും ബിസിനസ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം അവർ ആദമിനോട് പറഞ്ഞു. ഈ ഘട്ടത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആ വാർത്ത വല്ലാത്ത നിരാശയാണ് സമ്മാനിച്ചത്. 'എനിക്ക് അപമാനവും നിരാശയും സങ്കടവും എല്ലാം അനുഭവപ്പെട്ടു' ആദം പറഞ്ഞു. ഏറ്റവും കഷ്ടം, ഈ സ്വപ്‌നത്തിനായി അദ്ദേഹം ഉണ്ടായിരുന്ന സെയിൽസ്മാൻ ജോലി ഇതിനകം തന്നെ ഉപേക്ഷിച്ചിരുന്നു എന്നതാണ്. അതിൽ നിന്ന് ലാഭം പിടിച്ച തുക ഉപയോഗിച്ച് ഓഫീസിന്റെ ഒരു മാസത്തെ വാടക അദ്ദേഹം നൽകി.എന്തൊക്കെ തടസ്സം നേരിട്ടാലും താൻ പരാജയപ്പെടില്ലെന്ന് അദ്ദേഹം നിശ്ചയിച്ചു. കടം വാങ്ങിയ ഒരു ഫോൺ ഉപയോഗിച്ച്, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയന്റുകളെ വിളിച്ചു. 'ഒരു മേശയോ കസേരയോ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, ഞാൻ നാലു മാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്' ആദം തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതുന്നു. 'ആദ്യ മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാൻ കഴിയുമോ എന്ന് പലവട്ടം സംശയിച്ചു. അടുത്ത മാസം ബില്ലുകൾ എങ്ങനെ അടക്കും എന്നോർത്ത് ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നു. എല്ലാം തീർന്നെന്ന് കരുതിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു പക്ഷേ, അത് ഉപേക്ഷിക്കാൻ മാത്രം ഞാൻ തയാറായില്ല. അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ സ്ഥിരോൽസാഹവും കഠിനാധ്വാനവും പാഴായില്ല.ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു2014 ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് വിൽക്കുകയും ചെയ്തു. അന്ന് 10,000 ഡോളറിന്റെ വായ്പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 4,50,000 ഡോളർ കൊടുത്താണ് അദ്ദേഹം വാങ്ങിയത്.ഒരു മോട്ടിവേഷണൽ സ്പീക്കറായ അദ്ദേഹം ഇപ്പോൾ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കിടുന്നു.
'നിങ്ങളുടെ സ്വപ്‌നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാൽ ഒരു ദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും. ഓരോരുത്തരും സ്വപ്‌നങ്ങളുടെ വിശാലമായ ലോകത്ത് കോട്ടകൾ പണിയട്ടെ. നിരന്തര പഠനവും പരിശ്രമവും തുടരുന്നതിലൂടെ സ്വപ്‌ന സാക്ഷാൽക്കാരത്തിന്റെ മാധുര്യം നുകരാനാകുമെന്നാണ് ചരിത്രം നൽകുന്ന പാഠം.