മാതാപിതാക്കള്‍ക്ക് ഏറ്റവുമധികം സ്‌നേഹമുള്ളത് അവരുടെ മക്കളോട് തന്നെയായിരിക്കും. ആ സ്‌നേഹം ഓരോ മാതാപിതാക്കളും പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലായിരിക്കും. എന്തു തന്നെയായാലും സ്‌നേഹത്തിന്റെ പേരില്‍ അമിത ലാളന വേണ്ടേ വേണ്ട. അതവര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുന്നതിനു പകരം നോ പറയേണ്ടിടത്ത് കര്‍ശനമായി നോ പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ തെറ്റുകള്‍ക്ക് നേരെ എപ്പോഴും കണ്ണടച്ചാല്‍ അതവര്‍ക്ക് വളമാവുകയും ഭാവിയില്‍ ദോഷം ചെയ്യുകയും ചെയ്യും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുതെന്ന് പറയുന്നതു പോലെ ലാളിച്ച് ലാളിച്ച് വഷളാക്കരുതെന്ന് സാരം.
ഒരിക്കല്‍ ഒരു രാജാവ് തന്റെ അയല്‍ രാജ്യത്ത് സൌഹൃദ സന്ദര്‍ശനം നടത്തി. അയല്‍ രാജ്യത്തെ രാജാവ് നമ്മുടെ രാജാവിനു രണ്ടു നല്ല പഞ്ചവര്‍ണ്ണ തത്തകളെ സമ്മാനമായി നല്‍കി.
തിരികെ എത്തിയ രാജാവ് ഉദ്യാനത്തില്‍ രണ്ടു തത്തകള്‍ക്കും വേണ്ടി സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു, എന്ന് മാത്രമല്ല രണ്ടു തത്തകളെയും പരിശീലിപ്പിക്കുന്നത് പരിശീലകനെയും നിയമിച്ചു.
കുറച്ചു നാളുകള്‍ക്ക് ശേഷം പരിശീലകന്‍ രാജാവിനോട് വന്നു പറഞ്ഞു : "രാജന്‍ തത്തകളില്‍ ഒന്ന് നന്നായി പറക്കുന്നുണ്ട്. എന്നാല്‍ ഒരു തത്ത ഇരിക്കുന്ന മരക്കൊമ്പില്‍ തന്നെ നീങ്ങുന്നു എന്നല്ലാതെ പറക്കുന്നില്ല, എന്നാല്‍ കഴിയും വിധം ശ്രദ്ധിച്ചു. പക്ഷെ പറപ്പിക്കുവാന്‍ സാധിക്കുന്നില്ല."
ഇത് കേട്ട് ആകെ വിഷമിച്ച രാജാവ് മറ്റുള്ള രാജ്യങ്ങളിലെ പരിശീലകരെയും മറ്റും കൊണ്ട് വന്നു, പരിശ്രമം തുടര്‍ന്നു രണ്ടാമത്തെ തത്തയെയും പറപ്പിക്കുവാന്‍. എന്നാല്‍ എല്ലാവരും പരാജയപ്പെടുക ആണ് ഉണ്ടായത്.
ആകെ നിരാശനായ രാജാവ് വിളംബരം പുറപ്പെടുവിച്ചു 'തത്തയെ പറപ്പിക്കുന്ന വ്യക്തിക്ക് ആയിരം സ്വര്‍ണ്ണ നാണയം നല്‍കുന്നത് ആയിരിക്കും' എന്ന്.
അടുത്ത ദിവസം ഉറക്കമുണര്‍ന്നു ഉദ്യാനത്തിലേക്ക് നോക്കിയ രാജാവ് കാണുന്നത് രണ്ടു തത്തകളും ഉയര്‍ന്നു പറക്കുന്നത് ആണ്. രാജാവിന് സന്തോഷം അടക്കാന്‍ ആയില്ല. രാജാവ് ഭൃത്യനോട് ചോദിച്ചു "ആരാണ് തത്തയെ പറപ്പിച്ചത്? അയാളെ കൂട്ടി കൊണ്ടുവരൂ"
ഭൃത്യന്റെ ഒപ്പം വന്നത് ഒരു പാവം കര്‍ഷകന്‍ ആയിരുന്നു. കര്‍ഷകനോട് രാജാവ് ചോദിച്ചു :"എങ്ങിനെ ആണ് തത്തയുടെ അസുഖം മാറിയത്?"
കര്‍ഷകന്‍ പറഞ്ഞു "ഞാന്‍ തത്തകള്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്പുകള്‍ എല്ലാം മുറിച്ചു കളഞ്ഞു.ഇരിക്കാന്‍ സ്ഥലം ഇല്ലാതെ അവ പറന്നു" എന്ന്.
കര്‍ഷകനു പാരിതോഷികങ്ങൾ നല്‍കി രാജാവ് പറഞ്ഞു വിട്ടു.
ഇന്നത്തെ കാലത്ത് വളരെ പ്രസക്തി ഉള്ള ഒരു ചിന്ത ആണ് ഈ കഥയില്‍ ഉള്ളത്. ഇന്ന് കുട്ടികളെ അധികവും ലാളിച്ചു വളര്‍ത്തുന്നതാണ് കണ്ടു വരുന്നത്. അവരില്‍ സ്വയംപര്യാപ്തത വളര്‍ത്തേണ്ടത് അവരുടെ ഭാവിക്ക് വളരെ അത്യാവശ്യം ആണ് എന്ന് മറക്കരുത്.
ഇന്ന് മുതിർന്ന കുട്ടികൾക്കുപോലും മിക്ക കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടി വരുന്നു എന്നത് പല രക്ഷിതാക്കളുടെയും പരാതിയാണ്. യൂണിഫോം തേക്കുന്നതും കിടപ്പുമുറി വൃത്തിയാക്കുന്നതും സ്കൂളിലെ ടൈംടേബിൾ അനുസരിച്ച് പുസ്തകങ്ങൾ എടുത്തുവെക്കുന്നതുപോലും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ ആകുന്നു. 'കുട്ടികൾ ഒന്നും ചെയ്യുന്നില്ല' എന്ന് പറയുന്നവർ' എന്തെങ്കിലും അവരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ടോ' എന്നുകൂടി ചിന്തിക്കേണ്ടതാണ്.
കുട്ടികളുടെ പഠനഭാരവും സമയക്കുറവും കാരണം മറ്റെല്ലാം ഞങ്ങൾ ചെയ്തുകൊടുക്കേണ്ടിവരുന്നു എന്നതാണ് പല മാതാപിതാക്കളുടെയും ന്യായം. എന്നാൽ, പഠിച്ച് മിടുക്കരായാൽ മാത്രംപോര, എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നേടുകയാണ് ജീവിതവിജയത്തിന് വേണ്ടതെന്ന് തിരിച്ചറിയണം. കൃത്യമായ ആസൂത്രണമില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിനാലാണ് കുട്ടികൾക്ക് സമയം ലഭിക്കാതെ പോകുന്നതെന്നും മനസ്സിലാക്കണം.
അമിത ലാളന, മാതാപിതാക്കളുടെ ധൃതി എന്നിവയൊക്കെ കുട്ടികളെക്കൊണ്ട് കാര്യങ്ങൾ സ്വയം ചെയ്യിക്കാത്തതിന്റെ കാരണങ്ങളാണ്. മാത്രമല്ല, ഇന്നത്തെ അണുകുടുംബത്തിൽ ഒന്നോരണ്ടോ കുട്ടികളുടെ മുഴുവൻ കാര്യങ്ങളും ചെയ്തുകൊടുത്താൽപോലും മാതാപിതാക്കൾക്ക് അതൊരു വലിയ ബാധ്യതയായി തോന്നാറുമില്ല. എന്നാൽ വീട്ടിൽനിന്നും മാറി നിൽക്കേണ്ട സാഹചര്യങ്ങളിലും പിന്നീട് വിവാഹ ജീവിതത്തിൽപോലും ഈ ശീലം കുട്ടികൾക്കും മാതാപിതാക്കൾക്കും വെല്ലുവിളിയാകാറുണ്ട്. കുട്ടിക്കാലം മുതൽകാര്യങ്ങൾ ചെയ്തുശീലിച്ചാലേ മുതിർന്നുകഴിയുമ്പോഴും മടികൂടാതെയും ആത്മവിശ്വാസത്തോടെയും അവർക്കത് ചെയ്യാൻ കഴിയൂ.