ഒരു കഥയുണ്ട് ; ഒരിക്കൽ കൃഷിക്കാരനായ അച്ഛന് പ്രായമേറെയായി. അതിനാല്‍ ആ പ്രാവശ്യം കൃഷിയിറക്കാന്‍ തന്റെ അഞ്ചു മക്കളെ അദ്ദേഹം ചുമതലപ്പെടുത്തി. ഒരാള്‍ വന്ന് കുഴികുത്തി, മറ്റോരാള്‍ മണ്ണിട്ടു മൂടി. ഇനിയുമൊരാള്‍ മുടങ്ങാതെ വെള്ളമൊഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളച്ചില്ല. ഒടുവില്‍ അഞ്ചു മക്കളേയും വിളിച്ച് അച്ഛന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വിത്തിടേണ്ട മകന്‍ അതു ചെയ്തില്ലെന്ന്. വിത്തു പാകാതെ മറ്റെന്തു ജോലി ചെയ്തിട്ടും എന്ത് കാര്യം ? വിത്തിടാനാണല്ലോ ജോലി എല്ലാം ചെയ്യുന്നത്. ഏതു ജോലിയിലും വേണ്ടത് ശ്രദ്ധയാണ്. ഈ കഥയിലെ വിത്തിന്റെ സ്ഥാനമാണ് അതിനുള്ളത്.
ആത്മാർത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്‍ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ നാം ചെയ്യുന്ന കര്‍മ്മത്തില്‍ പരിപൂര്‍ണ സമര്‍പ്പണം വേണം. അപ്പോള്‍ ജോലി ചെയ്യുന്നതു തന്നെ ആനന്ദമായി തോന്നും. മഹാത്മാഗാന്ധി, മദർ തെരേസ , വിനോഭാജി തുടങ്ങിയ കര്‍മ്മയോഗികളുടെ പ്രവൃത്തി നിരീക്ഷിച്ചാല്‍ ഈ സത്യം നമുക്ക് മനസ്സിലാകും. അവരുടെ വിജയരഹസ്യവും ഇതു തന്നെയായിരുന്നു. കര്‍മ്മഫലത്തിലല്ല, കര്‍മ്മം ചെയ്യുന്നതില്‍ തന്നെയായിരുന്നു അവര്‍ ആനന്ദം അനുഭവിച്ചിരുന്നത്. അത്തരം കര്‍മ്മത്തിന്റെ ഫലവും മഹനീയമായിരിക്കും.
കർമ്മത്തോടൊപ്പം നമുക്ക് വേണ്ടത് ശുഭചിന്തയും മാറ്റത്തിനുള്ള ആഗ്രഹവും ആണ്. രണ്ടു നഗരങ്ങളുടെ കഥയില്‍ ചാള്‍സ് ഡിക്കന്‍സ് ഒരു തടവുപുള്ളിയെ പരാമര്‍ശിക്കുന്നുണ്ട്. “നീണ്ട വര്‍ഷങ്ങളുടെ തടവുകള്‍ക്കൊടുവില്‍ ഭരണകൂടം അയാളെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടു. ഭടന്മാര്‍ അയാളെ തടവറയുടെ കൂരിരുട്ടില്‍ നിന്നും പുറത്തുകൊണ്ടു വന്നു. പുറം ലോകത്തിലെ വെളിച്ചം അയാള്‍ക്ക് സഹിക്കാനായില്ല. സൂര്യപ്രകാശം കണ്ട് അയാള്‍ പകച്ചു. ആകാശനീലിമ അയാളെ പരിഭ്രാന്തനാക്കി. അടുത്തനിമിഷം തന്റെ തടവറയുടെ ഇരുട്ടിലേക്കയാള്‍ ഓടി. അവിടമായിരുന്നു അയാള്‍ക്ക് സുരക്ഷിതമായ സ്വര്‍ഗം.”
ഈ തടവുപുള്ളിയെപോലെ നമ്മില്‍ പലരും അശുഭചിന്തകളുടെ കനത്ത ചങ്ങലകളില്‍ സ്വയം ബന്ധിച്ചിട്ടിരിക്കുകയാണ്. ആ ചങ്ങല പൊട്ടിക്കാനുള്ള വഴി ആരു പറഞ്ഞു തന്നാലും നാം അതിനു തയ്യാറാകുന്നില്ല. അതിന്റെ ഫലമായി നരകവാസം അനുഭവിക്കുകയും ചെയ്യുന്നു. “സ്വയം പരിവര്‍ത്തനം ചെയ്യാന്‍ ഒരുവന്‍ തുടങ്ങുന്നതുവരെ സര്‍വ്വശക്തന്‍ അവനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നില്ല.” ഇങ്ങനെ പ്രവാചക വചനം.
ആദ്യത്തെ ചുവട് നാം വയ്ക്കണം കരുണാമയനായ ദൈവം ദുഃഖത്തിന്റെ, കുറ്റബോധത്തിന്റെ, ഭീരുത്വത്തിന്റെ തടവറയില്‍ നിന്നും നമ്മെ മോചിപ്പിക്കാതിരിക്കില്ല.... നാം എത്ര മോശക്കാരനാകട്ടെ, തെറ്റുകാരനാകട്ടെ അതെല്ലാം പൊറുക്കാനും നമ്മെ പുതുതാക്കാനും സര്‍വ്വശക്തന്‍ സദാ ഒരുങ്ങിയിരിക്കുമ്പോള്‍ ഭയമെന്തിന് ?