സങ്കടങ്ങൾ ഇല്ലാത്തവന്റെ സന്തോഷം അപൂർണ്ണം ആണ് .കരഞ്ഞിട്ടുള്ളവർക്ക് മാത്രമേ ചിരിയുടെ ആഴം മനസ്സിലാകു. എല്ലാം തന്നിഷ്ടപ്രകാരം വേണമെന്ന വാശി ഉപേക്ഷിച്ച് സംഭവിക്കുന്ന കാര്യങ്ങളിലെ സാധ്യതകളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ ഉണ്ടാകും.
സമുദ്രത്തിലെ നിലക്കാത്ത ആരവങ്ങള്‍ പോലെ നാമെല്ലാവരും തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജീവിതത്തോട് തന്നെ പലപ്പോഴും വിരക്തി തോന്നിപ്പിക്കുന്നവിധം ഒന്നിന് പിറകെ മറ്റൊന്നായി വരുന്ന ഘോരമായ പരീക്ഷണങ്ങള്‍! എന്തിനാണിത്രയും കഠിനമായ പരീക്ഷണങ്ങള്‍ നേരിടുന്നതെന്ന് സ്വയം ആലോചിച്ച് പോവാറുളള നിമിഷങ്ങള്‍! ഉന്നത വിജയത്തിന്റെ സോപാനത്തില്‍ വിഹരിക്കുന്നവര്‍ പോലും ദൈവികമായ പരീക്ഷണങ്ങളില്‍ നിന്നും മുക്തരല്ല എന്നതാണ് യാഥാര്‍ഥ്യം. ഒരുപക്ഷേ പരീക്ഷണങ്ങളുടെ രൂപഭാവങ്ങളില്‍ വ്യത്യാസം ഉണ്ടാവാം എന്നുമാത്രം. ഉള്ളവന് ഉള്ളത് കൊണ്ട് പരീക്ഷണം. ഇല്ലാത്തവന് ഇല്ലാത്തത് കൊണ്ടും. അങ്ങനെ തരാതരം മനുഷ്യരെ പോലെ തരാതരം പരീക്ഷണങ്ങളും നാം ഇവിടെ നേരിടേണ്ടി വരുന്നു.
ജീവിതത്തിൽ ശക്തമായ പരീക്ഷണങ്ങൾ നേരിട്ടവർക്കെ ശക്തമായ അടിവേര് ഉണ്ടാകൂ. ഒരു വെല്ലുവിളിയും നേരിടാതെ വളരുന്നവ പാഴായി പോകുകയ ഉള്ളു.
പരീക്ഷിക്കപ്പെടുന്നവ എല്ലാം പൊന്നാകും. പൊതിഞ്ഞു പരിലാളിക്കപ്പെടുന്നവയെല്ലാം പതിരും ആകും. എല്ലാ പോഷകങ്ങളും കിട്ടി മുറ്റത്ത് വളരുന്ന ചെടിയെക്കാൾ ഊർജ്ജവും ബലവും , വെള്ളവും വെളിച്ചവും സ്വയം ശേഖരിച്ച് വഴിവക്കിൽ വളരുന്നവക്ക് ഉണ്ടാകും. അതിജീവന പ്രതിസന്ധികൾ നേരിടാത്ത ഒരാൾക്കും ജീവിതത്തിന്റെ സാധ്യതകൾ അറിയാനാകില്ല.
അനുകൂല സാഹചര്യങ്ങൾ ആണ് പലരുടെയും അനന്തസാധ്യതകൾക്ക് വിലങ്ങുതടിയാകുന്നത് . പരീക്ഷണങ്ങളിൽ അകപ്പെട്ടവർക്ക് മാത്രമെ സ്വന്തമായ പ്രതിരോധം രൂപപ്പെടുത്താൻ അറിയൂ.
എല്ലാ പ്രശ്നങ്ങളും അവസാനിക്കാനും എളുപ്പവഴികൾ ലഭ്യമാക്കാനുമുള്ള പ്രാർത്ഥനകൾക്ക് പകരം പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഉൾക്കരുത്ത് ഉണ്ടായിരുന്നെങ്കിൽ ഉടച്ചാലും തകരാത്ത ജീവിതം രൂപപ്പെട്ടേനെ.
സങ്കടങ്ങൾ ഇല്ലാത്തവന്റെ സന്തോഷം അപൂർണ്ണം ആണ് .കരഞ്ഞിട്ടുള്ളവർക്ക് മാത്രമേ ചിരിയുടെ ആഴം മനസ്സിലാകു. എല്ലാം തന്നിഷ്ടപ്രകാരം വേണമെന്ന വാശി ഉപേക്ഷിച്ച് സംഭവിക്കുന്ന കാര്യങ്ങളിലെ സാധ്യതകളെ ഇഷ്ടപ്പെടാൻ തുടങ്ങിയാൽ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ ഉണ്ടാകും.