സ്വന്തം വീട്ടിലും പട്ടാളച്ചിട്ടകൾ പുലർത്തുന്ന ചിരിച്ചാൽ അത് തനിക്ക് കുറവാണെന്ന് കരുതുന്ന, ഏതൊരു ചെറിയ കാര്യത്തിലും കർക്കശ നിലപാടുകൾ സ്വീകരിക്കുന്ന അച്ഛന്മാർ ഒട്ടനവധി ഉണ്ട് നമുക്കു ചുറ്റും ..
ചെറുപ്പത്തിൽ സ്കൂളിൽ വച്ച് ഒരു കൂട്ടുകാരൻ മിക്കപ്പോഴും അവന്റെ ചുവന്നു തിണർത്തു കിടക്കുന്ന കാലുകൾ കാണിച്ച് സങ്കടപ്പെടുമായിരുന്നു...അച്ഛൻ തല്ലിയതാണെന്ന് പറയും ... കാരണങ്ങളൊ വളരെ നിസ്സാരവും ... ഇത് മക്കളോട് മാത്രമാവില്ല... ഭാര്യയോടും ഇവർ ഇങ്ങനെ തന്നെ ഒക്കെ ആവും പെരുമാറുക...
ഈയിടെ ആ കൂട്ടുകാരനെ ഒന്നു കൂടി കണ്ടു.. അവനിലെ സന്തോഷം തിരിച്ചു വന്നിരിക്കുന്നു... അവൻ കാര്യങ്ങൾ പറഞ്ഞു... അച്ചൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ് എന്നും പറഞ്ഞു...അമ്മ എങ്ങനെ ഈ സാഹചര്യത്തെ നേരിടുന്നു? അതായിരുന്നു എന്റെ സംശയം.അപ്പന്‍ മരിച്ചതോടെ അമ്മ തനിയെ ആയെന്ന് ഞാന്‍ കരുതി.
അവൻ പറഞ്ഞു ; 'അമ്മ കൂട്ടുകാരികളെ സന്ദര്‍ശിച്ചും ഹോബികള്‍ ആസ്വദിച്ചും സമയം ചിലവിടുന്നു. അമ്മ ഇപ്പോള്‍ ചിരിക്കാറുണ്ട്.' അവൻ അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ ഒരു കുസൃതിയില്‍ തിളങ്ങി.
' ഇപ്പോഴുള്ള ഈ സന്തോഷത്തില്‍ ഡാഡി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ ഞാനോര്‍ക്കാറുമുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് ഡാഡി ഉണ്ടായിരുന്നെങ്കില്‍ ഈ സന്തോഷം ഉണ്ടാവില്ല എന്നാണ്. കാരണം സന്തോഷിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അദ്ദേഹത്തിന് അറിയില്ല' പണത്തിന് ഒരു കുറവും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. കരുതലിന്റെ കുറവ് ഏറെയുണ്ടായിരുന്നു താനും.
സഖീ എന്റെ കരുതലിന്റെ കരം നിന്റെ മേലുണ്ട് എന്ന് ഇണയെ ബോധ്യപ്പെടുത്താത്ത ഒരാള്‍ കൂടി ഭൂമിയില്‍ നിന്ന് മറഞ്ഞു പോയിരിക്കുന്നു. മക്കളില്‍ സ്‌നേഹത്തിന്റേതായ യാതൊന്നും അവശേഷിപ്പിക്കാതെ ഒരപ്പന്‍ കൂടി മരിച്ചു. ഒരുപക്ഷേ അയാള്‍ അവരുടെ മനസ്സില്‍ എന്നേ മരിച്ചവനായിരിക്കണം!
ഒരാള്‍ തന്റെ ജീവിതം ഈ ഭൂമിയില്‍ എങ്ങനെയാവും അടയാളപ്പെടുത്തേണ്ടത് എന്നൊരു ചിന്ത ചിലപ്പോഴൊക്കെ ഉള്ളിലേക്ക് കടന്നു വരാറുണ്ട്.'മക്കളേ'എന്നൊരു ചേര്‍ത്തു പിടിക്കലില്‍ കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ മറന്ന് പോയ ഒരാള്‍. സഖിയുടെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പൊന്‍നൂലുകള്‍ കൊരുക്കാന്‍ ഒരിക്കലും ശ്രമിക്കാത്ത ഒരാള്‍. ചുറ്റുമുള്ളവരുടെ കണ്ണുകളില്‍ ചിരി വിടര്‍ത്താന്‍ അറിയാത്തൊരാള്‍. അങ്ങനെ ഒരാളായി ജീവനുള്ളവരുടെ ദേശത്ത് നിന്ന് യാത്ര അവസാനിപ്പിച്ചു പോകുമ്പോള്‍ എന്താവും ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാവുക!
ജീവിതത്തെ പലപ്പോഴും എത്ര കഠിനതയോടെയാണ് നമ്മള്‍ നോക്കിക്കാണുന്നതെന്ന് ഓര്‍ത്താല്‍ ഉള്ളില്‍ നിന്നുയരുക ഭയമാണ്. ജ്യാമിതീയ രൂപങ്ങള്‍ക്കുള്ളില്‍ കുരുക്കി വെച്ചിരിക്കുന്ന എന്തോ ഒന്ന് പോലെ, കൃത്യമായ രൂപരേഖയില്‍ മാത്രം ചലിക്കുന്ന കണക്കിലെ വിദഗ്ധമായ ഒരു കളി പോലെ അത്ര കൃത്യതയോടെയാണ് പലപ്പോഴും നമ്മള്‍ ജീവിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറുകള്‍ കളങ്ങള്‍ തെറ്റാതെ കളിപൂര്‍ത്തിയാക്കുമ്പോള്‍ സ്വയം അഭിനന്ദിച്ച് അടുത്ത കളിയിലേക്ക് തയ്യാറെടുക്കുന്നു. പൊട്ടിപ്പോയൊരു കുപ്പിപ്പാത്രത്തിലും അല്‍പ്പം വിലപിടിപ്പുള്ള വസ്ത്രത്തില്‍ പുരണ്ടൊരു കറയിലും ഖേദപ്പെട്ട് നമ്മള്‍ ജീവിതത്തിന്റെ മനോഹാരിതകളെ കുപ്പയിലെറിയുകയാണ്.
ഈ. ചെറിയ ജീവിതത്തിൽ നമ്മുടെ മുന്നിലെത്തുന്നവരുടെ കണ്ണുകളില്‍ ഒരു തരി വെളിച്ചമെങ്കിലും പകരാതെ മരിച്ച് പോകുന്നവനെക്കാള്‍ പരാജിതനായി വേറേ ആരുണ്ട്! കഠിനമായ ഹൃദയമാണ് ഒരുവന് ഈ ഭൂമിയില്‍ അവശേഷിപ്പിച്ച് പോകാന്‍ സാധിക്കുന്ന ഏറ്റവും മലിനമായ വസ്തു. ഒരാളില്‍ മാത്രമല്ല, ഒരുപക്ഷേ തലമുറകളോളം നീളുന്നൊരു മാലിന്യവിക്ഷേപണം. സ്‌നേഹരാഹിത്യത്തിന്റെ ജീനുകള്‍ അടുത്ത തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത് ദുര്‍മന്ത്രവാദം പോലെയൊരു തിന്മയാണെന്ന് ചിന്തിക്കുമ്പോള്‍ ഉള്ളിലൊരു പൊള്ളല്‍. കണ്ടുമുട്ടുന്നവരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഭൂപടങ്ങള്‍ വരക്കാത്ത ഒരുവനായി മണ്മറയേണ്ടി വരുന്നതിനെ ദുരിതമെന്നല്ലാതെ എന്ത് വിളിക്കേണ്ടൂ!