നിരവധി രോഗികളില്‍ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സ് സ്ഥാപിക്കാൻ മസ്കിന്റെ ന്യൂറാലിങ്കിന് പദ്ധതിയുള്ളതായി റിപ്പോർട്ട് പുറത്ത്
കൂടുതല്‍ രോഗികളില്‍ ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സ് സ്ഥാപിക്കാൻ ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന് പദ്ധതിയുള്ളതായി റിപ്പോർട്ട് പുറത്ത്
യു.എസ് സർക്കാരിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റാബേസിലാണ് ഇക്കാര്യമുള്ളത്. പത്ത് പേരില്‍ ഉപകരണം പരീക്ഷിക്കാൻ അനുമതി തേടിയാണ് ന്യൂറാലിങ്ക് അപേക്ഷ നല്‍കിയിരുന്നത്. കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്ബനി ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.
ശരീരം തളർന്ന രോഗികള്‍ക്ക് ചിന്തയിലൂടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവ് നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത ഉപകരണമാണ് ന്യൂറാലിങ്ക് പരീക്ഷിക്കുന്നത്. നിലവില്‍ ഒരു രോഗിയില്‍ മാത്രമാണ് ഉപകരണം സ്ഥാപിച്ചിട്ടുള്ളത്. 2024 ജനുവരിയിലാണ് നോളണ്ട് ആർബോ എന്നയാളുടെ മസ്തിഷ്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂറാലിങ്ക് വികസിപ്പിച്ച ഉപകരണം സ്ഥാപിച്ചത്. ശരീരം തളർന്ന വ്യക്തിയാണ് ഇദ്ദേഹം. തലയോട്ടിക്കുള്ളില്‍ സ്ഥാപിക്കുന്ന ഉപകരണത്തില്‍ നിന്നുള്ള സൂക്ഷ്മ നാരുകള്‍ മസ്തിഷ്ക കോശങ്ങളില്‍ പലയിടങ്ങളിലായി ബന്ധിപ്പിച്ചാണ് മസ്തിഷ്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നത്. ഈ സിഗ്നലുകള്‍ മനസിലാക്കി അതുവഴി ഉപകരണങ്ങള്‍ നിയന്ത്രിക്കാനാണ് ശ്രമം.
അതേസമയം, ഗവേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതിന്റെ പേരില്‍ ന്യൂറാലിങ്കിനെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നിരുന്നു. ന്യൂറാലിങ്കിന്റെ ഉപകരണത്തില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന തരത്തിലും വെളിപ്പെടുത്തലുകള്‍ വന്നു. അടുത്തിടെയാണ് മനുഷ്യനില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്ന് ന്യൂറാലിങ്ക് വെളിപ്പെടുത്തിയത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ കമ്ബനികള്‍ പുറത്തുവിടണമെന്ന് അത് വിശ്വാസ്യത വർധിപ്പിക്കുമെന്നും പരീക്ഷണത്തിന്റെ ഭാഗമാകുന്ന രോഗികള്‍ക്ക് ആദരമാണെന്നും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അഭിപ്രായപ്പെടുകയുമുണ്ടായി.
ന്യൂറാലിങ്കിന്റെ ആദ്യ പരീക്ഷണം 2026-ല്‍ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 2031-ഓടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂർണമായേക്കും. 22 വയസിനും 75 വയസിനും ഇടയില്‍ പ്രായമുള്ളവരിലാണ് ബ്രെയിൻ ഇംപ്ലാന്റ് സ്ഥാപിക്കുക.
സ്വകാര്യതക്ക് ഭീഷണിയെന്ന് ചിലർ
മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വയര്‍ലെസ് ചിപ്പ് ഘടിപ്പിച്ചതോടെ ചിന്തകളും ഇനി ചോര്‍ത്തുമോയെന്ന് ആശങ്കയുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ മനുഷ്യന്റെ മനസ്സ് മാത്രമാണ് അവന്റെ സ്വകാര്യതയെന്നും ഇത്തരത്തില്‍ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുമ്പോള്‍ ചിന്തകള്‍ പോലും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നുണ്ട്. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.