കോഴിക്കോട്: ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
കുട്ടി ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് കരുതപ്പെടുന്നത് . കുട്ടി കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് രോഗ ലക്ഷണം കണ്ടത്. തുടർന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പൊതുകുളത്തില്‍ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പനി. ഛര്‍ദ്ദി, തലവേദന, ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പന്ത്രണ്ടുകാരന് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ ഉള്‍പ്പെട നടത്തി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ അച്ചംകുളം ക്ലോറിനേഷന്‍ ചെയ്ത് അടച്ചിരുന്നു. പ്രദേശത്തെ പ്രധാന കുളങ്ങളിലൊന്നാണ് അച്ചംകുളം. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും അച്ചംകുളത്തേക്ക് കുളിക്കാനായി ആളുകള്‍ എത്താറുണ്ട്. രോഗം സ്ഥിരീകരിച്ചതോട രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
മഴക്കാലത്ത് കുളം നിറഞ്ഞതോടെ നിരവധി പേരാണ് അച്ചംകുളത്ത് ഈ ദിവസങ്ങളില്‍ കുളിക്കാനും നീന്താനുമായി എത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുളത്തില്‍ കുളിച്ചവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അമിബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുവയസുകാരി മരിച്ചിരുന്നു. തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയാണ് മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയുടെ മരണവും സംസ്ഥാനത്തെ ഞെട്ടിച്ചതാണ്. കഴിഞ്ഞ മാസമായിരുന്നു സംഭവം. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഫദ്‌വയാണ് മരിച്ചത്. മൂന്നിയൂറിലെ കുളത്തില്‍ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്.
മെഡിക്കല്‍ കോളജില്‍ വച്ചാണ് ഫദ്വയ്ക്ക് അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. പല മരുന്നുകള്‍ നല്‍കി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഈ രോഗത്തിന് മരുന്നില്ലാത്തതിനാല്‍ പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അതിന് സാധിച്ചിരുന്നില്ല.
സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.