‘അസുഖം മൂന്നാംഘട്ടത്തിൽ, പൂർവാധികം ശക്തിയോടെ തിരിച്ചുവരും’; സ്തനാർബുദമെന്ന് വെളിപ്പെടുത്തി നടി ഹിന
ടെലിവിഷൻ- ബിഗ്ബോസ്- സിനിമ താരം ഹിന ഖാന് സ്തനാർബുദം സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗത്തിന്റെ തേഡ് സ്റ്റേജിലാണെന്ന് വ്യക്തമാക്കിയ ഹിന ഖാൻ തനിക്ക് സ്വകാര്യത അനുവദിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടു. രോഗാവസ്ഥയെ അതിജീവിച്ച് മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവർ അറിയിച്ചു.
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരമാണ് ഹിന ഖാന്‍. 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹേ' എന്ന ജനപ്രിയ ടി.വി സീരിയലിലെ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഹാക്ക്ഡ്, ഷിന്‍ഡ ഷിന്‍ഡ നോ പപ്പ, സോള്‍മേറ്റ്, കാരി ഓണ്‍ ജാട്ടിയേ, കണ്‍ട്രി ഓഫ് ബ്ലൈന്‍ഡ്, സ്മാര്‍ട്ട്‌ഫോണ്‍, അണ്‍ലോക്ക്, ലൈന്‍സ്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു.
ഹിന ഖാന്റെ എല്ലാവരേയും അഭിസംബോധന ചെയ്താരംഭിക്കുന്ന സാമൂഹികമാധ്യമക്കുറിപ്പ് ഈ വിധത്തിലാണ്. "എന്റെ ആരാധകരോടും എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവർക്കുമായി എന്നെക്കുറിച്ച് അടുത്തിടെ പ്രചരിച്ച ഒരു അഭ്യൂഹത്തെക്കുറിച്ച് വ്യക്തമാക്കാം, ഞാനിപ്പോള്‍ സ്താനാർബുദത്തിന്റെ തേഡ് സ്റ്റേജിലാണ്. ഏറെ വെല്ലുവിളിയുയർത്തിയ രോഗനിർണയമാണെങ്കിലും ഞാൻ നന്നായിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുകയാണ്.മുന്നോട്ടുപോകുകയാണ്, ഈ രോഗാവസ്ഥയെ ഞാൻ തീർച്ചയായും അതിജീവിക്കും. ചികിത്സ ആരംഭിച്ചുകഴിഞ്ഞു. ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും ഞാൻ സജ്ജയാണ്.
ഈ അവസരത്തില്‍ പരിഗണനയും സ്വകാര്യതയും നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. നിങ്ങളെനിക്ക് പകരുന്ന സ്നേഹത്തേയും കരുത്തിനേയും അനുഗ്രഹത്തേയും ഞാൻ ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍, രോഗത്തെ പ്രതിരോധിച്ച മാർഗങ്ങള്‍, പിന്തുണയേകുന്ന നിർദേശങ്ങള്‍ എന്നിവയെല്ലാം ഈ യാത്രയില്‍ എനിക്ക് താങ്ങായിരിക്കും. ഈശ്വരാനുഗ്രഹത്താല്‍ ഞാനും എന്റെ കുടുംബവും പ്രിയപ്പെട്ടവരും ഇതിനെ പോസിറ്റീവായി നേരിടാൻ മാനസികമായി ഒരുങ്ങിയിരിക്കുന്നു. ഈ അനാരോഗ്യത്തെ അതിജീവിച്ച് പൂർണാരോഗ്യം വീണ്ടെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും സ്നേഹവും എനിക്കാവശ്യമാണ്", സ്നേഹത്തോടെ ഹിന.
നിരവധി സഹതാരങ്ങള്‍ ഹിനയ്ക്ക് ആയുരാഗ്യസൗഖ്യം നേർന്നു. ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ പ്രശസ്തരായ താരങ്ങളിലൊരാളാണ് ഹിന ഖാൻ. ബിഗ് ബോസ്, ഖതരോം കെ ഖിലാഡി തുടങ്ങിയ റിയാലിറ്റി ഷോകളിലും ഹിന പങ്കെടുത്തിട്ടുണ്ട്. കൂടാതെ സിനിമകളിലും ഹിന അഭിനയിച്ചു. നിരവധി ആരാധകരുള്ള താരം കൂടിയാണ് ഹിന ഖാൻ.