നൂല് പൊട്ടിയ പട്ടം പോലെയാണ് ലക്ഷ്യം ഇല്ലാത്ത ജീവിതങ്ങൾ.
മനുഷ്യരുടെ മനസ്സ് പട്ടം പോലെയാണ്, പട്ടം നിയന്ത്രിക്കാനുള്ള ചരട് പൊട്ടിപ്പോകുമ്പോൾ എപ്രകാരം ദിശയറിയാതെ സഞ്ചരിക്കുന്നുവോ അത് പോലെ തന്നെയാണ് നമ്മുടെ മനസ്സും.
നടക്കാതെ പോകുന്ന പല വിധത്തിലുള്ള ആഗ്രഹങ്ങളുടെ ആഘാതത്തിൽ പൊട്ടിത്തകരുകയാണ് ചെയ്യുന്നത്. ചരട് പട്ടത്തെ നിയന്തിക്കുന്നിടത്തോളം കാലം വരെ മനസ്സ് വേദനിക്കുകയില്ല.
എന്നാൽ പട്ടം ചരടിനെ വലിക്കുകയാണെങ്കിലോ ,, കാറ്റിന്റെ ഗതിയറിയാതെ താളം തെറ്റി സഞ്ചരിച്ച് കൊണ്ടേയിരിക്കും.... ഒടുവിൽ ഇനി ഒരു അവസരം കൂടി പറക്കാൻ ലഭിക്കാതെ നിലം പതിക്കുകയും ചെയ്യും..
നിസ്സാരമെന്ന് കരുതി നിങ്ങൾ കൊടുത്ത ഒരു പുഞ്ചിരിയിലോ, ഒരു നല്ലവാക്കിലോ, നിങ്ങൾ എവിടെയോ ഓർമ്മിക്കപ്പെടുന്നുണ്ടാവും.
അത് പോലെ തന്നെയാണ് ചില അവസരങ്ങളിൽ മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികൾ മൂലം നമ്മുടെ മനസ്സ് വേദനിക്കുന്നതും , ചഞ്ചലപ്പെടുന്നതും.
അപ്പോൾ മനസ്സിന്റെ സംയമനം നമുക്ക് നഷ്ടമാകുന്ന അവസ്ഥ വരും.. എന്നാൽ അത്തരം സന്ദർഭങ്ങളിൽ സംയമനം പാലിക്കാനും, മനസ്സിന്റെ നിയന്ത്രണം നഷ്ടമാകാതെ നോക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
കൂട്ടലും കിഴിക്കലും ആയ ചില കണക്കു കൂട്ടലുകൾ ഉണ്ട് എല്ലാം നല്ലതിലേക്കുള്ള പ്രതീക്ഷകൾ.... അതാണ് മുന്നോട്ട് നയിക്കാൻ കഴിയുന്ന ഊർജ്ജം... ആവേശം സുന്ദരമായ സ്വപ്നങ്ങളിലേക്കുള്ള വഴികൾ...മനോഹരമായ പ്രതീക്ഷകൾ
മനസ്സിനെ ഒരിക്കലും തളരാൻ അനുവദിക്കരുത് ... മന:ശക്തിയാണ് ഈ ലോകത്തിലെ ഏറ്റവും മികച്ച ആയുധം . മന:ശക്തി കൊണ്ട് നേടാൻ കഴിയാത്തത് ഒന്നുമില്ല... മന:ശക്തി കൈവശമുള്ളവർ മാത്രമേ അനായാസം ജീവിതത്തിന്റെ മറുകര താണ്ടിയിട്ടുള്ളു ...
അത് കൊണ്ട് തന്നെ മനസ്സാകുന്ന പട്ടത്തിന്റെ നിയന്ത്രണം നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് സാരം.. അല്ലാത്ത പക്ഷം താളം തെറ്റി നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണമില്ലാതെ അലയുകയും ലക്ഷ്യസ്ഥാനത്ത് എത്തപ്പെടാൻ കഴിയാതിരിക്കുകയും ചെയ്യും.