കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍ മരണപ്പെട്ടത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിൻ. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നിരവധി പേരാണ് സിദ്ദിഖിന്‍റെ ദുഃഖത്തില്‍ പങ്കുചേരാനെത്തിയത്. ഇപ്പോഴിതാ റാഷിന്‍റെ വിയോഗത്തില്‍ വേദനയോടെ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ എന്ന ഒറ്റവരി കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിദ്ദിഖിന്‍റെയും സാപ്പിയുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിയ്ക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സിദ്ദീഖിന്റെ മകനെ അവസാനമായി കാണാന്‍ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിരുന്നു. ദിലീപ്, കാവ്യ മാധവൻ, റഹ്മാൻ, ഫഹദ് ഫാസില്‍, നാദിർഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കർ, ഷാഫി, ജയൻ ചേർത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിനു അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു റാഷിന്‍ വിട പറഞ്ഞത്. സിദ്ദിഖിന്റെ മൂത്തമകനാണ് റാഷിന്‍. ഭിന്നശേഷിക്കാരനായ മകനെ കുറിച്ചോ തന്റെ കുടുംബത്തിലെ കാര്യങ്ങളോ സിദ്ദിഖ് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന നിര്‍ബന്ധം സിദ്ദിഖിനുണ്ടായിരുന്നു.
കുറേക്കാലം റാഷിനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ദിഖിന്റെ ആരാധകർക്ക് അറിയില്ലായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
കുടുംബത്തിന്റെ പൊന്നോമനയായാണ് വളർന്നത്. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷഹീൻ പങ്കുവച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ചു കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുൻപ് ശ്രദ്ധനേടിയിരുന്നു.
ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ചേട്ടന്‍റെ കൈ കോര്‍ത്ത് പിടിച്ചായിരുന്നു മിക്ക ഫോട്ടോകളിലും ഷഹീന്‍ നിന്നിരുന്നത്. മാത്രമല്ല, ഷഹീന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും റഷീന്‍ എന്ന സാപ്പിയുടെ ചിത്രങ്ങള്‍ കാണാമായിരുന്നു.
മൂത്തമകനായിരുന്നു സാപ്പിയെങ്കിലും കുഞ്ഞനുജനെപ്പോലെയാണ് സഹോദരങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജൻ ഷഹീൻ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. ഷഹീൻ വിവാഹം കഴിച്ചപ്പോള്‍ വീട്ടിലേക്കുവന്ന അമൃതയും സാപ്പിയുടെ കുഞ്ഞനുജത്തിയായി. അവരുടെ വിവാഹത്തിലെ ചിത്രങ്ങളിലെല്ലാം സാപ്പി നിറഞ്ഞു നില്‍ക്കുകയും ചെയ്തു.
സിദ്ദിഖിന് ആദ്യഭാര്യയില്‍ പിറന്ന മക്കളാണ് ഷഹീനും സാപ്പിയും. അവരുടെ മരണത്തിന് ശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫർഹീൻ എന്ന കുഞ്ഞനുജത്തി കൂടിയെത്തി.