കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി.
ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല.
കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന്‍റെ മറ്റിടങ്ങളില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായശേഷമാണോ അതിനിടയിലാണോ യുവാവ് മണ്ണില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. എന്തായാലും മണിക്കൂറുകളുടെ ആശങ്കകള്‍ക്കൊടുവില്‍ ആളെ രക്ഷിക്കാനായി. രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടുവന്ന വെള്ളം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ചെളിയില്‍ നിന്ന് പുറത്തേക്ക് എടുത്തയാളെ കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടകരയാണ്.
നിലവില്‍ ചെളി അടിഞ്ഞുകുടിയ സ്ഥലത്തിന് സമീപത്തെ മണ്‍തിട്ടയില്‍ സുരക്ഷിതമായി നിര്‍ത്തിയിരിക്കുകയാണ്. കരയിലേക്ക് എത്തിക്കാനാണ് ശ്രമം. മുണ്ടക്കൈ യുപി സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ മണ്ണില്‍ നിന്നും രക്ഷപ്പെടുത്തിയത്. മണ്ണില്‍ കുടുങ്ങിയ ആളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുത്തത്.
അതേസമയം, ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 51 പേരാണ് മരിച്ചത്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. അതിനിടെ, ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തുന്നുണ്ട്. ചൂരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തി. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. എന്നാല്‍ രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്.