കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. എസ്.അഭിലാഷും ജിയോളജിസ്റ്റ് ഡോ. എസ്. ശ്രീകുമാറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ കവളപ്പാറ - പുത്തുമല മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ദൂരം മാത്രമുള്ള മേഖലയിലാണ് നിലവില്‍ ദുരന്തം ഉണ്ടായിരിക്കുന്നതെന്നും ഭൂമിശാസ്ത്രപരമായി തന്നെ ദുര്‍ബലമായ മേഖലയാണിതെന്നും ഡോ. എസ്.അഭിലാഷ് പറഞ്ഞു.
ഉരുള്‍പൊട്ടലുണ്ടാവാന്‍ വലിയ സാധ്യതയും നേരത്തെ തന്നെ ഉള്ളതാണ്. രാത്രി വീണ്ടും അതിതീവ്ര മഴ പെയ്തുവെന്നതാണ് വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ കാരണമായത്. അതിതീവ്ര മഴ ഭൂരിഭാഗവും പെയ്തത് രാത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി ഈ പ്രതിഭാസത്തെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്നാണ് പറയുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ കിട്ടുന്ന സാഹചര്യത്തിനെയാണ് 'മിനി ക്ലൗഡ് ബസ്റ്റ്' എന്ന് പറയുന്നത്. ഇത് വ്യാപകമായി കിട്ടുന്നത് കൊണ്ടാണ് ഇതിനെ 'മീസോസ്‌കെയില്‍ മിനി ക്ലൗഡ് ബസ്റ്റ്' എന്ന് വിളിക്കുന്നത്. ഇതാണ് നിലവില്‍ വടക്കന്‍ കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
10 സെന്റിമീറ്റര്‍ മഴ പെയ്താല്‍ പോലും ഉരുള്‍പൊട്ടലിന് സാധ്യത ഏറെയാണ്. വനായട്ടിലെ മാന്തവാടി, വൈത്തിരി, തിരുനെല്ലി പ്രദേശങ്ങളും ഇതിന് സമാനമാണ്. മേപ്പാടിയില്‍ 1984ല്‍ ഉരുള്‍പൊട്ടിയിരുന്നു. അന്ന് 14 പേരാണ് മരണപ്പെട്ടത്. 1999 ലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇപ്പോള്‍ മലയുടെ മുകള്‍ ഭാത്താണ് ഉരുള്‍ പൊട്ടിയത്. അത് താഴ്വരെയാണ് ഗുരിതരമായി ബാധിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായിട്ട് വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മേഖലകളില്‍ ലഭിക്കുന്നത് സാധാരണ ഒരാഴ്ചയില്‍ കിട്ടുന്നതിനേക്കാള്‍ 50 മുതല്‍ 70 ശതമാനമെങ്കിലും കൂടുതലാണ്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി അതിതീവ്ര മഴ ഉണ്ടായത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് മേഖലകളില്‍ 24 സെന്റിമീറ്ററിന് മുകളിലാണ് മഴ രേഖപ്പെടുത്തിയത്.
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലകളിലെ കലക്ടറേറ്റില്‍ 1077 എന്ന നമ്ബറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പുതുതായി ആരും ഒന്നും ഇപ്പോള്‍ വാങ്ങേണ്ടതില്ലെന്നും ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ സഹായ വസ്തുക്കള്‍ ജില്ല കലക്ടറേറ്റില്‍ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.
അതേസമയം, ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണമെന്നും ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.