ആർത്തലച്ചെത്തിയ പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാടൻ ജനത. ഭയത്തിന്റെയും മരവിപ്പിന്റെയും അന്തരീക്ഷത്തില്‍ തങ്ങള്‍ ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വിങ്ങലിലാണ് അവർ.
ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവർ. ശേഷിക്കുന്നതാകട്ടെ, പുതഞ്ഞുകിടക്കുന്ന ചെളിയും പാറക്കല്ലുകളും മാത്രം.
ഒരു രാത്രികൊണ്ട് നഷ്ടമായത് കുടുംബത്തിലെ 40 പേരെ, കിട്ടിയത് ആറ് മൃതദേഹം മാത്രം: നിസ്സഹായനായി നാസര്‍
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്.
രണ്ടുസഹോദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേർ, ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേർ, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതെ പോയത്. ഇതില്‍ ആറുപേരോളം മാത്രമാണ് കിട്ടിയത്. ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍പേരെയും കിട്ടാനാണുള്ളതെന്ന് നാസർ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ നാസറിന്റെ വീടും ഭാഗികമായി തകർന്നു. ഭാര്യയുടെ വീടും അയല്‍പക്കത്തെ വീടുകളും മുണ്ടകൈയം ടൗണും മുഴുവനായി പോയെന്നും അവിടെ തിരിച്ചറിയാനായി ഇനി ഒന്നുമില്ലെന്നും നാസർ പറഞ്ഞു.
വീടിനടുത്തുണ്ടായിരുന്ന യുവാവ് തന്നെ വിളിച്ചുകാര്യങ്ങള്‍ അന്വേഷിച്ചതും രണ്ടാമത് ഉരുള്‍പൊട്ടിയതും ഒരുമിച്ചാണെന്ന് ദുരന്തം മുന്നില്‍ക്കണ്ട് ഭയന്നുവിറച്ച സ്ത്രീ പറഞ്ഞു. 'ഞാൻ പോവുകയാണെന്ന് മാത്രം അവന്റെ അടുത്ത് പറഞ്ഞു. വീടാകെ കുലുങ്ങി. പോവുകയാണെങ്കില്‍ പോകട്ടെ എന്നു കരുതി ഞങ്ങളുടെ കുടുംബം കെട്ടിപ്പിടിച്ച് നിന്നു. ഒരു അര മണിക്കൂർ അതേ നില്‍പ്പായിരുന്നു.
റെസ്ക്യു സംഘത്തില്‍പ്പെട്ട യുവാക്കള്‍ ഞങ്ങളുടെ വീടിന് മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. അവർ നടന്ന് പോയതും രണ്ടാമതും ഉരുള്‍പൊട്ടി. അവർ എവിടെയാണെന്ന് അറിയില്ല. ഞങ്ങള്‍ക്ക് ഇനി ഒന്നും ബാക്കിയില്ല. മകളുടെ വിവാഹത്തിനുവേണ്ടി കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടു', അവർ പറഞ്ഞു.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് തന്റെ ജീവൻ തിരിച്ചുകിട്ടിയതെന്നും ജീവൻ തിരിച്ചുകിട്ടി ചികിത്സയില്‍ കഴിയുന്ന ദുരന്തത്തിന് ഇരയായ സ്ത്രീ പറഞ്ഞു. മല പൊട്ടി വന്ന്, കിടക്കുന്നിടത്ത് ബെഡ് തന്നെ പൊങ്ങുകയായിരുന്നു. അത് കണ്ടിട്ടാണ് വെള്ളം വരുന്നുണ്ടെന്ന് മനസ്സിലായത്. ഡോർ ഒന്നും തുറക്കാൻ പറ്റിയില്ല. ചെളിയിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും എങ്ങിനെയോ സെക്കൻഡുകള്‍ക്കിടെ ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. വീടെല്ലാം മൊത്തം പോയി. ഇനി ഒന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.