ഒരാൾ തന്റെ ചെറുമകനോട് പറയുന്നു: "ഓരോ വ്യക്തിയുടെയും ഉള്ളിൽ രണ്ട് ചെന്നായ്ക്കളുടെ പോരാട്ടത്തിന് സമാനമായ ഒരു പോരാട്ടമുണ്ട്. ഒരു ചെന്നായ തിന്മയെ പ്രതിനിധീകരിക്കുന്നു - അസൂയ, സ്വാർത്ഥത,നുണകൾ...
മറ്റേ ചെന്നായ നന്മയെ പ്രതിനിധീകരിക്കുന്നു - സമാധാനം, സ്നേഹം. , പ്രത്യാശ, സത്യം, ദയ, വിശ്വസ്തത " ചെറുമകൻ കുറച്ച് നിമിഷങ്ങൾ ചിന്തിച്ചു, എന്നിട്ട് ചോദിച്ചു. "ഏത് ചെന്നായയാണ് വിജയിക്കുന്നത്?" അപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ; "നിങ്ങൾ മേയിക്കുന്ന ചെന്നായ എപ്പോഴും വിജയിക്കും.
ഒരു മനുഷ്യന്റെ സ്വാര്‍ത്ഥത അവനിലെ മനുഷ്യത്വം തന്നെ ഇല്ലാതാക്കുന്നു. കാരണം മനുഷ്യന്‍ ഒരിക്കലും ഒറ്റപ്പെട്ടു ജീവിക്കാന്‍ കഴിയുന്നവനല്ല. അവന്റെ സാമൂഹ്യ കെട്ടുപാടുകള്‍ ആണ് അവനെ നല്ലവനാക്കുന്നത്, മറിച്ചും. പ്രതിബദ്ധതയുടെയും പരസ്പര – സഹകരണത്തിന്റെയും പിൻബലമില്ലായെങ്കില്‍ മനുഷ്യന്‍ സംസ്കാരമുള്ളവനാകുകയില്ല. നിസ്വാർത്ഥത മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവമാണ്. എന്നാല്‍ സ്രോതസ്സുകളുടെ ദുര്‍ലഭ്യതയും ജനപെരുപ്പവുമെല്ലാം മനുഷ്യനെ അവന്റെ അടിസ്ഥാന സ്വഭാവത്തില്‍ നിന്നും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. അവിടെ തുടങ്ങിയതാണ് പ്രകൃതിയുടെ അസന്തുലിതാവസ്ഥ. ഈ അസന്തുലിത മനുഷ്യന്‍ ഇടപെടുന്ന സര്‍വ്വ മേഖലകളിലും പടര്‍ന്നു കയറിക്കഴിഞ്ഞു. അവിടെ നിന്നുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? സമസൃഷ്ടികളോട് സമഭാവനയില്‍ പെരുമാറുന്ന സംസ്ക്കാര സമ്പന്നര്‍ സമീപകാലത്ത് ഒരു സ്വപ്നായി മാറിയിരിക്കുന്നില്ലേ?
ഒരു കഥ പറയാം; ഒരു ഗ്രാമത്തിൽ അടുത്തടുത്തായി രണ്ട് പലചരക്കു കടകളുണ്ടായിരുന്നു. അതിലൊരാൾ തന്റെ കടക്കു മുന്നിൽ ഒരു ബോർഡ് വെച്ചു. 'കാൽ കിലോ നെയ്യിന് 100രൂപ മാത്രം'.
ഇത് കണ്ട് അടുത്ത കടക്കാരനും അതേ വിലക്ക് നെയ്യ് വിൽക്കേണ്ടി വന്നു. ആദ്യത്തെ കടക്കാരൻ കാൽ കിലോ നെയ്യിന്റെ വില 80രൂപയാക്കി കുറച്ചു. അത് കണ്ട് അടുത്ത കടക്കാരനും അതേ വിലക്ക് നെയ്യ് വിൽക്കേണ്ടി വന്നു.
ആദ്യത്തെ കടക്കാരനോട് ഒരു സുഹൃത്ത് ചോദിച്ചു,
" 80രൂപക്ക് കാൽ കിലോ നെയ്യ് വിറ്റാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടാനാണ്? "
കടക്കാരൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
"ഞാൻ നെയ്യ് വിൽക്കുന്നേയില്ല. ആരെങ്കിലും നെയ്യ് ചോദിച്ചുവന്നാൽ, നെയ്യ് സ്റ്റോക്കില്ല എന്ന് പറയും. അപ്പോൾ അവർ അടുത്ത കടയിൽ നിന്ന് നെയ്യ് വാങ്ങും. അടുത്ത കടക്കാരന് അല്പം പോലും ലാഭം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്."
ഇതാണ് സ്വാർത്ഥത. മറ്റുള്ളവനെ എങ്ങനെ തകർക്കാം എന്നതാണ് ചിന്ത. സ്വാർത്ഥത അല്പം പോലുമുണ്ടായാൽ അത് ക്രമേണ വളർന്ന് നമ്മുടെ ശാന്തിയും സമാധാനവും കെടുത്തും.
സ്വാർത്ഥ ലാഭത്തിനായി ചിലർ ഏതറ്റം വരേയും പോകും. സ്വന്തം തൊഴിൽ രംഗത്ത് കഴിവ് തെളിയിക്കാൻ മറ്റുള്ളവരോട് മത്സരിക്കുന്നതിൽ തെറ്റില്ല. എന്നാൽ കഠിന പ്രയത്നത്തിലൂടെ സ്വന്തം നിലവാരം മെച്ചപ്പെടുത്തിയായിരിക്കണം അത് ചെയ്യേണ്ടത്. മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയിട്ടോ ദ്രോഹിച്ചിട്ടോ ആകരുത്.
പ്രകൃതി, വികൃതി, സംസ്‌കൃതി എന്ന മൂന്നു തലങ്ങള്‍ മനസ്സിലുണ്ട്. ‘സ്വാര്‍ത്ഥത ’ പ്രകൃതിയാണ്. ‘സ്വകാര്യമാത്രപരത ’ വികൃതിയാണ്. ‘നിസ്വാര്‍ത്ഥത ’ സംസ്‌കൃതിയും. നിസ്വാര്‍ത്ഥതയിലേക്കു വളരാന്‍ ശ്രമമില്ലാതെ വന്നാല്‍ സ്വാഭാവികമായി സ്വാര്‍ത്ഥത സ്വകാര്യമാത്രപരതയായി താണുപോകും.
എന്റെ കുട്ടി ജയിക്കണം. ഇത് സ്വാര്‍ത്ഥ വിചാരമാണ്. എല്ലാ കുട്ടികളും ജയിക്കണം ഇത് നിസ്വാര്‍ത്ഥ വിചാരമാണ്. മറ്റുകുട്ടികള്‍ എന്റെ കുട്ടിയുടെ ഒപ്പം വരരുത് ഇതാണ് സ്വകാര്യമാത്രപരത.മറ്റുള്ളവരെ തള്ളിമാറ്റി തിക്കിക്കയറുമ്പോള്‍ സ്വകാര്യമാത്രപരത വന്നു. മനസ്സിന്റെ അവസ്ഥകളാണിതെല്ലാം. സ്വാര്‍ത്ഥതയുണ്ടായിരുന്നാലേ അത് നിസ്വാര്‍ത്ഥതയായി വികാസം പ്രാപിക്കൂ.
വ്യക്തിയില്‍ സ്വാഭാവികമായുള്ള സ്വാര്‍ത്ഥത നശിപ്പിക്കപ്പെടേണ്ടതല്ല. വ്യക്തികള്‍ തമ്മില്‍ അടുക്കുമ്പോള്‍ ഈ സ്വാര്‍ത്ഥതകള്‍ പരസ്പര പൂരകപ്രക്രിയയില്‍ പെട്ട് ഒരു പ്രവാഹഗതിയില്‍ ഒന്നിക്കും, ഒഴുകും. സ്വാര്‍ത്ഥത അന്യോന്യം കണ്ണില്‍ചേര്‍ന്ന് സമൂഹമെന്ന വലിയ സ്വാര്‍ത്ഥത ആയാല്‍ അത് ഒരു പ്രവാഹമാകും. പിന്നെ കെട്ടിക്കിടന്ന് പുളിച്ചു സ്വകാര്യമാത്രപരതയാകാനിടവരില്ല. ഇന്ന് കെട്ടിക്കിടക്കുകയാണ്. പരസ്പരബന്ധത്തിന്റെ ഒഴുക്ക് ഇല്ലാതായിപ്പോയി. തന്റെ പ്രശ്‌നങ്ങളെല്ലാം മറ്റുള്ളവര്‍ക്കും ഉള്ളതാണെന്നും, തന്റേതുമാത്രമായി പരിഹരിക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നം വര്‍ദ്ധിപ്പിക്കുമെന്നും, ഒന്നിച്ചു പരിഹരിക്കുവാന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ താനെ ഒഴിഞ്ഞുമാറുമെന്നും നാം മനസ്സിലാക്കുന്നില്ല. ഓരോരുത്തരും അവരവരുടെ കള്ളിയിലെ വെള്ളം മറ്റു കള്ളിയിലേക്ക് തേകിക്കളഞ്ഞ് രക്ഷപ്പെടാന്‍ നോക്കുകയാണ്.