ജീവിതത്തിൽ ചില കാര്യങ്ങൾക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ എന്ന് എത്രയോ തവണ നിങ്ങൾ പറഞ്ഞിട്ടുണ്ടാവും, അല്ലേ? വാസ്തവത്തിൽ, സമയത്തിന്റെ കാര്യത്തിൽ സകലമനുഷ്യരും സമന്മാരാണെന്നു പറയാം! ശക്തർക്കും അശക്തർക്കും, ധനവാനും ദരിദ്രനും സമയം തുല്യമാണ്. ആർക്കും കൂടുതലുമില്ല, കുറവുമില്ല! സമയം അല്പം ‘സമ്പാദിച്ചുവെക്കാം’ എന്ന് ആരെങ്കിലും വിചാരിച്ചാലോ, അതും നടക്കില്ല! കൈവിട്ടുപോയാൽ, പോയതുതന്നെ! പിന്നൊരിക്കലും തിരിച്ചുപിടിക്കാമെന്നും വിചാരിക്കേണ്ട! അപ്പോൾപ്പിന്നെ, ഉള്ള സമയം മെച്ചമായി ഉപയോഗിക്കുകയെന്നതാണ് ബുദ്ധി.
ലോകത്ത് സമയത്തോളം വിലയേറിയ മറ്റൊന്നില്ല. ശത കോടികള്‍ നഷ്ടമായാല്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നിരിക്കാം, എന്നാല്‍ നഷ്ടമായ സമയം ഒരു സെക്കന്റ് പോലും നമുക്ക് തിരിച്ചു ലഭിക്കില്ല.
'നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം' എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്റെ വാക്കുകള്‍ നമുക്കുള്ള വലിയ സന്ദേശമാണ്. സമയമാണ് ജീവിതം, സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണതിനര്‍ത്ഥം.
മനുഷ്യനിര്‍വചനത്തില്‍ സമയത്തിന്റെ ഏറ്റവും ചെറിയ കഷണമാണ് സെക്കന്‍ഡ്. ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു ദിവസം 24 മണിക്കൂറും ഒരു സെക്കന്‍ഡ് എന്നാല്‍ 0.000012 ദിവസവുമാണ്.
എന്നാല്‍ ഇതിലും കുറഞ്ഞ സമയ ഘടകങ്ങളുണ്ട്. കംപ്യൂട്ടറുകളാണ് ഇത്തരം സമയം കണക്കാക്കി പ്രവര്‍ത്തിക്കുന്നത്. ഒരു സെക്കന്‍ഡിന്റെ 10 -18 ഭാഗമാണ് ഒരു ഓട്ടോ സെക്കന്‍ഡ്. മനുഷ്യന് ഇതേവരെ അളക്കാന്‍ കഴിഞ്ഞ ഏറ്റവും ചെറിയ സമയഖണ്ഡം കൂടിയാണിത്, 2010-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഇത് അളന്നത്. ഒരു ഓട്ടോസെക്കന്‍ഡ് കിട്ടാന്‍ ഒരു സെക്കന്‍ഡിനെ ഒന്നും 18 പൂജ്യവും ചേരുന്ന സംഖ്യകൊണ്ട് ഹരിക്കണം. എന്നാല്‍ ഓരോ ഓട്ടോ സെക്കന്റ് പോലും എത്രയോ വിലമതിക്കുന്നതാണെന്ന ബോധ്യമാണ് നമുക്ക് വേണ്ടത്.
വെറും വര്‍ത്തമാനങ്ങളിലും ലൗകികമായ വ്യവഹാരങ്ങളിലും സമയം പാഴാക്കാതെ തങ്ങളുടെ നിയോഗദൗത്യം പൂര്‍ത്തീകരിക്കാന്‍ നാം കര്‍മ്മ നിരതരാകണം. ഒരിക്കൽ ഒരു മഹാനോട് ഒരാള്‍ വന്ന് വല്ല ഉപദേശവും നല്‍കൂ എന്ന് പറഞ്ഞപ്പോള്‍, സൂര്യനെ പിടിച്ചുവെക്കൂ, എന്നാല്‍ ഞാന്‍ സംസാരിക്കാം എന്നായിരുന്നു അദ്ദേഹം പ്രതിവചിച്ചത്.
സമയം എങ്ങനെ വിനിയോഗിക്കണമെന്ന് ഓരോ ടൈം മാനേജ്‌മെന്റ് വിദഗ്ധരും ഇന്ന് ഏറെ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുകയാണ്. സമയപരിധിക്കുള്ളില്‍ നിന്ന് നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഭൗതിക,സാമൂഹിക, വൈകാരിക,അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സമയ ക്രമീകരണത്തിലൂടെ സാധിക്കും.
യൗവ്വനത്തിന്റെ വാര്‍ധക്യമാണ് നാല്‍പത് വയസ്. അന്‍പത് വയസ്സാകട്ടെ, വാര്‍ധക്യത്തിന്റെ യൗവ്വനവുമാണെന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച് യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച് വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ് ഭൂരിപക്ഷവും. എല്ലാം അസ്തമിച്ച ശേഷം വിലപിക്കുന്നതിന് പ്രയോജനം കണ്ടെന്നു വരില്ല. അതിനാല്‍ സദാ നാം കര്‍മ്മ നിരതരാകേണ്ടതുണ്ട്.
ജീവിച്ച ആയുസിലെ ദിവസങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതൽ പേജുകള്‍ ഗ്രന്ഥരചന നടത്തിയും പിന്നീട് ആ ഗ്രന്ഥരചനക്ക് ഉപയോഗിച്ച മരത്തിന്റെ പേനകള്‍ കൊണ്ട് തന്റെ മൃതദേഹം കുളിപ്പിക്കാനുള്ള വെള്ളം ചൂടാക്കാന്‍ കല്‍പിച്ചും ചരിത്രത്തെ അത്ഭുതപ്പെടുത്തിയ മഹാമനീഷികള്‍ നമുക്ക് മുമ്പെ കടന്നു പോയിട്ടുണ്ട്. അവര്‍ക്കെല്ലാം നമ്മുടേതിനു തുല്യമായി 24 മണിക്കൂര്‍ മാത്രം ദിവസവും നല്‍കപ്പെട്ടിട്ടും അത്രയും ചെയ്യാനായത് സമയത്തിന്റെ യഥാര്‍ഥ വിലയറിഞ്ഞു കൊണ്ട് അവര്‍ ജീവിച്ചു എന്നതു കൊണ്ടാണ്.
ജനങ്ങളില്‍ അധികപേരും വഞ്ചിതരാവുന്നത് രണ്ട് അനുഗ്രഹങ്ങളുടെ വിഷയത്തിലാണ് എന്ന് പറഞ്ഞ തിരുനബി അതില്‍ രണ്ടാമതായി എണ്ണിയത് ഒഴിവു സമയത്തെയാണ്
നിങ്ങൾ ജീവിതത്തിൽ മൂല്യം കല്പിക്കുന്നത് എന്തിനാണെന്നു ചിന്തിക്കുക. മൂല്യങ്ങൾ ഒരു അളവുകോലാണ്. നല്ലത്, പ്രാധാന്യമുള്ളത്, ഗുണകരമായത് എന്നിവ വേർതിരിച്ചറിയാൻ അവ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തെ ഒരു അസ്ത്രത്തോട് ഉപമിച്ചാൽ, അത് എവിടേക്കു തിരിച്ചുവിടണമെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ മൂല്യങ്ങളാണെന്നു പറയാം. സദ്മൂല്യങ്ങളാണ് ജീവിതത്തിൽ സുബോധത്തോടെയുള്ള മുൻഗണനകൾ വെക്കാൻ നിങ്ങളെ സഹായിക്കുന്നത്. അങ്ങനെയായാൽ നിങ്ങളുടെ സമയം, അതായത്, ജീവിതത്തിലെ ഓരോ മണിക്കൂറും ഓരോ ദിവസവും ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കാൻ നിങ്ങൾക്കു കഴിയും.
സമയത്തെ എങ്ങനെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാം എന്ന് പഠിച്ചെടുത്തു ജീവിക്കേണ്ടതുമല്ല ജീവിതം. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും അവരുടെ ജീവിതത്തിൽ ഓരോന്നിനും നൽകുന്ന സ്ഥാനവും വ്യത്യസ്തമായിരിക്കുമല്ലോ അതിനനുസൃതമായി തന്നെ ക്രമീകരിക്കപ്പെടണം എല്ലാം. നമ്മൾ ഒരിക്കലും നമ്മുടേത് മാത്രമല്ല എന്നും കൂടെ ഓർക്കണം, നാം നിലനിൽക്കുന്ന നാടിന്റെയും സമൂഹത്തിന്റെയും കൂടെ ഭാഗമാണ് നമ്മൾ, അതിനാൽ അവരോടെല്ലാം ഒരാൾക്ക് പ്രതിബദ്ധതയുണ്ട് അതും നിറവേറ്റപ്പെടണം. സുഹൃത്തുക്കൾ, ജീവിത പങ്കാളി, മക്കൾ ഇവർക്കെല്ലാം വേണ്ടി സമയം കണ്ടെത്തണം. അത് ഒരിക്കലും ക്വാണ്ടിറ്റി ഓഫ് ടൈം അല്ല ക്വാളിറ്റി ഓഫ് ടൈം ആണ് വേണ്ടത്. എത്ര നേരം നിങ്ങൾ അവരോടൊത്ത് ചെലവഴിച്ചു എന്നതിനേക്കാൾ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ അവർക്ക് എന്തെല്ലാം നൽകി എന്നതാണ് മുഖ്യം.