ജീവിതം അർത്ഥവത്താകുന്നത് സ്നേഹത്തിലും സൗഹൃദത്തിലും ആണ്. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്.
നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ?
യാത്ര മനോഹരമാക്കാൻ!
നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ.
ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യാത്ര ചെയ്യാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ യാത്ര തുടരുമ്പോൾ തന്നെ നല്ല സമയം ആസ്വദിക്കുന്നതിൽ നിന്ന് അത് അവരെ തടയുന്നില്ല, മാത്രമല്ല ചില ശാശ്വത ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
നമ്മൾ എത്ര കാലം ജീവിക്കുമെന്ന് നമുക്കറിയില്ല, എന്നാൽ നമ്മൾ ജീവിക്കുന്നിടത്തോളം കാലം, നമുക്ക് ഭാഗ്യമായി ലഭിച്ച ബന്ധങ്ങളെ വിലമതിക്കാം.
ജീവിതം അർത്ഥവത്താകുന്നത് സ്നേഹത്തിലും സൗഹൃദത്തിലും ആണ്.ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും.
ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. അതിനാൽ നല്ല സുഹൃത്തുക്കളെ കണ്ടെത്താനും ആ സൗഹൃദം നട്ടുനനച്ചു പരിപാലിക്കുവാനും ശ്രമങ്ങളുണ്ടാവണം. സന്തോഷത്തെയും സംതൃപ്തിയെയും കുറിച്ച് മുപ്പതു വർഷത്തിലേറെയായി ഗവേഷണം നടത്തുന്ന എഡ് ഡൈനർ തന്റെ നീണ്ട ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തിൽ അടയാളപ്പെടുത്തുന്ന സുപ്രധാനമായൊരു ആശയമാണിത്.
അമേരിക്കൻ സൈക്കോളജിസ്റ്റും പ്രൊഫസറുമായ ഡൈനർ അറിയപ്പെടുന്നത് തന്നെ 'ഡോക്ടർ ഹാപ്പിനസ്' എന്ന പേരിലാണ്. മനുഷ്യന് സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. നമുക്കു ആഹ്ലാദം പ്രധാനം ചെയ്യുന്ന ഒരു പ്രധാന ഘടകം സൗഹൃദ ബന്ധങ്ങളാണെന്നാണ് ഡൈനറുടെ കണ്ടെത്തൽ.
ആത്മവിശ്വാസം വളർത്തിയെടുക്കാൻ നല്ല സുഹൃത്തുക്കൾ നൽകുന്ന പിൻബലം വളരെ സഹായകമാണ്. പോസിറ്റീവ് ആയി ചിന്തിക്കുകയും പോസിറ്റീവ് ആയ പ്രചോദനം നൽകുകയും ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളെങ്കിലും നമുക്കുണ്ടെങ്കിൽ ജീവിതം കൂടുതൽ സംതൃപ്തവും ആഹ്ലാദകരവും ആയിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സോഷ്യൽ മീഡിയകളിലൂടെ ആയിരക്കണക്കിന് സൗഹൃദങ്ങൾ നാം നേടാറുണ്ട്. എന്നാൽ ഈ സൗഹൃദങ്ങളൊന്നും പരസ്പര വിശ്വാസത്തിലും സ്‌നേഹത്തിലും ഊന്നിയുള്ളവ ആകണമെന്നില്ല.
നമ്മോടൊപ്പം കൂടുതൽ ഇടപഴുകിയ സഹപാഠികളിൽ നിന്നുമാണ് ഏറ്റവും നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയുക. ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നല്ല വഴികാട്ടി ആയിരിക്കും. 'വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത് എന്നാണ് അന്ധയും ബധിരയും ആയിരുന്ന ഇതിഹാസ വനിത ഹെലൻ കെല്ലർ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഒരു സാമൂഹിക ജീവി എന്ന നിലയിൽ ജീവിതത്തിൽ ഒരിക്കലും നമുക്ക് ഒറ്റക്കാവാൻ കഴിയില്ല. സ്വപ്‌നങ്ങൾക്കു കൂടുതൽ നിറം പകരുന്ന, നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവുന്ന, നമ്മുടെ നോവുകൾക്കും നൊമ്പരങ്ങൾക്കും ആശ്വാസം പകരുന്ന ഒരു സുഹൃത്തെങ്കിലും നമുക്കുണ്ടെങ്കിൽ അതാണ് യഥാർത്ഥ സമ്പത്ത് എന്ന് നാം ഓർക്കണം.
എഡ് ഡൈനറുടെ അഭിപ്രായത്തിൽ സൗഹൃദം ഒരു വൈകാരിക സമ്പത്താണ്. വൈകാരികമായ സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നവർക്കേ ഭൗതികമായ സമ്പത്തു നേടാൻ കഴിയൂ. മറ്റുള്ളവർക്ക് സ്‌നേഹവും സന്തോഷവും പ്രചോദനവും കൊടുക്കാൻ നമുക്കു കഴിഞ്ഞാൽ ഇവയൊക്കെ തിരികെ നൽകുന്ന ആരെങ്കിലുമൊക്കെ നമുക്കും ഉണ്ടാവുമെന്നതാണ് യാഥാർഥ്യം.:ജീവിതത്തിൽ നാം ആരെയും ആകസ്മികമായി കണ്ടുമുട്ടുന്നില്ല. നാം കണ്ടുമുട്ടുന്നവരും പരിചയപ്പെടുന്നവരുമൊക്കെ ഓരോ പ്രത്യേക ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയാണ്. ചിലർ നമുക്ക് സന്ദേശങ്ങളോ പാഠങ്ങളോ നൽകും. വേറെ ചിലർ അനുഭവങ്ങളാണ് സമ്മാനിക്കുക.
ചില സുഹൃദ്ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് നമ്മൾ പോലും അറിയാതെ ആയിരിക്കും. അങ്ങനെയുള്ള പല കൂട്ടുകാരും അപ്രതീക്ഷിതമായി കിട്ടിയ വരങ്ങളാവാം. ചന്ദന മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന കാറ്റിന് സ്വാഭാവികമായും ചന്ദനത്തിന്റെ സുഗന്ധമായിരിക്കും. എന്നാൽ മാലിന്യങ്ങൾക്കിടയിൽ നിന്നും വരുന്ന കാറ്റിൽ വമിക്കുന്നത് ദുർഗന്ധമായിരിക്കും .
എന്നാലിവിടെ കുറ്റം കാറ്റിന്റേതല്ല... മറിച്ച് നാം സഞ്ചരിച്ച വഴിയുടേതാണ്...നാം ചലിക്കുന്ന വഴികളാണ് നമ്മെ ശുദ്ധരാക്കുന്നത്... ആ തിരിച്ചറിവാണ് നമുക്ക് വേണ്ടതും.
മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നാണ് പാഠം. ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും. നല്ല സുഹൃത്ത് എന്നും ചന്ദനം ആയിരിക്കും.എല്ലാവർക്കും ചന്ദനം ആവാൻ കഴിഞ്ഞില്ലെങ്കിലും ചാണകം ആകാതിരിക്കുക. സ്വയം പ്രകാശിക്കുന്ന മെഴുകുതിരി നാളമായി പലരുടെയും ജീവിതം പ്രകാശപൂരിതമാക്കാൻ സാധിക്കാൻ പരിശ്രമിക്കാം.
ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളേക്കാൾ ഭയാനകമാണെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളുടെ ആത്മാവിനെയായിരിക്കും. അടുപ്പങ്ങൾക്കും അകലങ്ങൾക്കും ഇടയിലെ വിശ്വാസമാണ് സൗഹൃദം. നമ്മൾ തനിച്ചല്ലെന്നും നിന്റെ കണ്ണുനീരിന്റെ വില എന്റെ മിഴികൾക്കും അറിയാമെന്നുള്ള നിത്യസത്യമാണ് സൗഹൃദത്തിന്റെ അടിത്തറ. പരസ്പരം ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന സ്‌നേഹത്തിന്റെ ഭാഷയാണ് സൗഹൃദത്തിന്റെ ശക്തി.
വെളിച്ചമുള്ള ചിന്തകളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നുമാണ് അർത്ഥമുള്ള സൗഹൃദങ്ങൾ ഉടലെടുക്കുന്നത്.തെറ്റുകൾ ചൂണ്ടിക്കാണിച്ച് ശരികളുടെ വഴികളിലൂടെ നയിക്കുന്ന സുഹൃത്തിനെ കിട്ടുക അനുഗ്രഹമാണ്. ആ സുഹൃത്തിനെ അംഗീകരിക്കുന്ന മനസ്സാണ് സൗഹൃദത്തിന് തണലേകുന്നത്.
സുഹൃദ് ബന്ധങ്ങൾ മനുഷ്യന്റെ മനഃശാസ്ത്രപരവും സാമൂഹികവും ജനിതകപരവുമായ ആവശ്യമാണ് എന്നത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനുള്ള ആന്തരിക പ്രവണത ഓരോ വ്യക്തിയിലും കുടികൊള്ളുന്നു. എങ്കിലും പലരും അതിൽ വിജയം വരിക്കുന്നില്ല. അതിവേഗ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന് അതിനു വേണ്ടി സമയം ചെലവഴിക്കുവാൻ കഴിയാതെ പോകുന്നു.സുഹൃദ്ബന്ധങ്ങളുടെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും ശരിയായി ഉൾക്കൊള്ളുവാൻ കഴിയാതെ പോയതാവാം ഇതിനുള്ള പ്രധാന ഹേതു.
പ്രശസ്ത അമേരിക്കൻ ചിന്തകനായിരുന്ന എമേഴ്‌സൺ ഒരിക്കൽ പറഞ്ഞു; 'ഒരു സുഹൃത്തിനെ ലഭിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഒരു സുഹൃത്താവുക എന്നതാണ്.' അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്. നിങ്ങൾ ഒരാളുടെ സുഹൃത്തായിത്തീരുമ്പോൾ അയാൾ സ്വാഭാവികമായിത്തന്നെ നിങ്ങളുടെ സുഹൃത്തായിത്തീർന്നുകൊള്ളും.വന്നുപോയവയും വരാനിരിക്കുന്നവയും ചേർന്ന് നിലവിലുള്ളവയുടെ സൗന്ദര്യം നശിപ്പിക്കരുത്. ഓർമകളുടെയോ ഭാവനകളുടെയോ തടവറയിൽ ജീവിക്കുന്നവർക്ക് നേർക്കാഴ്ചകൾ ആസ്വദിക്കാനാകില്ല...
ഓരോ വിത്തിലും ഒരു മരമുണ്ട്. പൊട്ടിച്ചു നോക്കിയാൽ കിട്ടില്ല...കാലം വരും വരെ കാത്തിരിക്കണം.വിത്ത് തിണർത്തു പൊട്ടി..നാമ്പെടുത്ത്.. ഇലയെടുത്ത്.. ചെടിയായി.. വന്മരമാവും വരെ പ്രകൃതിയുടെ സ്വാഭാവിക സമയം ലഭിച്ചേ മതിയാവൂ. അതിനുള്ള ക്ഷമയുണ്ടാവണം.ഇതൊരു മരത്തിന്റെ കഥ മാത്രമല്ല.ഓരോ മനസ്സിലും സ്വപ്‌നത്തിലുമുള്ള ആഴമേറിയ ചിന്തയും നന്മനിറഞ്ഞ ആഗ്രഹങ്ങളും ക്ഷമയോടെ പരിപാലിച്ചാൽ ശരിയായ സമയത്ത് അത് സാക്ഷാത്കരിക്കുക തന്നെ ചെയ്യും. പലപ്പോഴും പെട്ടെന്ന് കാര്യസിദ്ധിക്കായി അക്ഷമ കാട്ടുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതുമെല്ലാം മനുഷ്യ സഹജമാണ്.എന്നാൽ അതൊന്നും കാതലും തായ് വേരുകളുമുള്ള ഒരു വൻമരത്തിന്റെ പഴക്കവും ഗരിമയും നൽകുകയില്ല എന്നറിയുക. ഓർക്കുക, ഓരോ മനസ്സിലുമുണ്ട് നന്മയുടെ വന്മരങ്ങൾ. പൊട്ടിച്ചു നോക്കാതെ അതിനെ പരിപാലിച്ച് കാത്തിരിക്കൂ. ഉത്സാഹത്തോടെ. പോസിറ്റീവ് ചിന്തയോടെ ഏത് ബന്ധവും ഗുണകരമായി പ്രയോജനപ്പെടുത്താനുള്ള ജീവിത മന്ത്രമാണിത്.വിതക്കുന്നതേ കൊയ്യാനാകൂ. അതിനാൽ നന്മയും സ്‌നേഹവും സഹകരണവും ആർദ്രതയും സർവോപരി ഗുണകാംക്ഷയമുള്ള ബന്ധങ്ങളാണ് ജീവിതം മനോഹരമാക്കുന്നതും വിജയത്തിലേക്ക് നയിക്കുന്നതും.