എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുകയും വീഡിയാേകള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ആന്ധ്രയില്‍ കൃഷ്ണജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. അറസ്റ്റിലായ, അവസാനവർഷ ബി ടെക് വിദ്യാർത്ഥി വിജയ്‌കുമാറിന്റെ ലാപ്‌ടോപ്പില്‍ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ മുന്നൂറിലധികം ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നാണ് പൊലീസ് പറയുന്നത്.
ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ക്യാമറകളുപയോഗിച്ച് ഏറെ നാളായി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. കഴിഞ്ഞദിവസം ഒരു ടോയ്‌ലറ്റില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ താഴെ വീണതോടെയാണ് സംഭവം വിദ്യാർത്ഥികള്‍ അറിയുന്നത്. അന്വേഷണത്തില്‍ നഗ്നദൃശ്യങ്ങള്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചുവെന്നും വ്യക്തമായി.
തുടർന്നാണ് വിജയ്‌കുമാറിനെ അറസ്റ്റുചെയ്തത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളില്‍ ഒളിക്യാമറകള്‍ ഒളിപ്പിക്കാൻ ഹോസ്റ്റലിനുള്ളില്‍ തന്നെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആരുടെയും സഹായം ലഭിക്കാതെ ക്യാമറകള്‍ സ്ഥാപിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവം പുറത്തുവന്നതോടെ വിദ്യാർത്ഥിനികള്‍ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങള്‍ക്ക് നീതിലഭിക്കണമെന്നും ഉത്തരവാദപ്പെട്ടവർ മറുപടി പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നീതി ഉറപ്പാക്കുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവർ പറയുന്നു. അതിനിടെ വിദ്യാർത്ഥിനികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.