ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല.
നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്.ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ.
നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടം ബുദ്ധിയിൽ നിന്നാണെങ്കിലും അതിന്റെ മൂന്നു താക്കോലുകൾ എന്ന് പറയുന്നത് സംസാരവും കേൾവിയും കാഴ്ചയും ആണ് .അതിന്റെ ഉപയോഗം എവിടെ എങ്ങനെയൊക്കെ ആയിരിക്കണം എന്ന് ഇടക്കിടെ പുനർചിന്തനം നടത്തുന്നത് നമ്മുടെ ശീലങ്ങളെ അടിക്കടി നവീകരിക്കാനുതകും.
തെറ്റ് ചെയ്യാൻ വളരെ എളുപ്പമായിരിക്കും. പക്ഷേ തെറ്റായ ചില ശീലങ്ങൾ ഉപേക്ഷിക്കാനാണ് ഏറെ ബുദ്ധിമുട്ട് . നമ്മുടെ ശീലങ്ങൾക്ക് ഒരിക്കലും നാം കീഴ്പ്പെട്ടു പോകരുത്. അവ നമ്മുടെ അടിമകൾ ആയിരിക്കണം . അല്ലെങ്കിൽ അവ നാളെ നമ്മുടെ മോശം യജമാനന്മാർ ആയി മാറിയേക്കും.നമ്മുടെ വ്യക്തിത്വത്തെ സ്വയം നിർമ്മിക്കണം. അത്തരം പ്രവർത്തനങ്ങൾ മാത്രമാണ് നമ്മളിൽ ആന്തരിക പരിവർത്തനം സാധ്യമാക്കുന്നത്.നമ്മളിൽ അടിമുടി മാറ്റം സൃഷ്ടിക്കാൻ സഹായിക്കുന്നതും അതാണ്...ബാഹ്യമായി വരുത്തുന്ന എല്ലാ മാറ്റങ്ങളും വെറും ചായംപൂശൽ മാത്രമാണ്.
വളരെ പുരാതന കാലത്ത് റോമിൽ നടപ്പിലിരുന്ന അതിക്രൂരമായ ഒരു ശിക്ഷാരീതി ഉണ്ടായിരുന്നു. കുറ്റവാളിയായ മനുഷ്യനെ ഒരു മൃതശരീരത്തോട് ചേർത്തുവെച്ച് കെട്ടുക. കൈകാലുകൾ മൃതശരീരത്തിന്റെ കൈകാലുകളോടും മുഖം മൃതശരീരത്തിന്റെ മുഖത്തോടും അങ്ങനെ എല്ലാ അവയവങ്ങളും ആ മൃതശരീരത്തിന്റെ അവയവങ്ങളോടു ചേർന്നിരിക്കത്തക്ക വിധം കെട്ടി വെക്കുക.
നിമിഷങ്ങൾ കഴിയും തോറും മൃതശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. അത് അഴുകുവാൻ തുടങ്ങുന്നു, മൃതശരീരത്തിന്റെ ദുർഗന്ധം ഈ വ്യക്തിയുടെ മൂക്കിലേക്ക് പ്രവേശിക്കുന്നു. ക്രമേണ അതിൽ പുഴുക്കൾ വ്യാപിക്കുന്നു. ഈ പുഴുക്കൾ ജീവനുള്ള വ്യക്തിയുടെ ശരീരത്തിലും പ്രവേശിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ അയാൾ മൃതശരീരം പോലെ ആയിത്തീരുന്നു. ക്രമേണ ഈ കുറ്റവാളിയും പഴുത്ത് പുഴുത്ത് മരണത്തിലേക്ക് വഴുതി വീഴുന്നു.
ഇത് റോമിലെ കഥ മാത്രമല്ല, നമ്മിൽ അനേകരുടെയും ജീവചരിത്രം കൂടെയാണ്. നമ്മുടെ ജീവിതത്തിലെ ദുശ്ശീലങ്ങൾ, നമ്മുടെ ജീവിതത്തോട് ചേർത്തുവെച്ചു കെട്ടിയ ഒരു മൃതശരീരം എന്നപോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. ക്രമേണ ഈ ദുശ്ശീലങ്ങൾ നാം ഇച്ഛിക്കാത്ത ഒരു നികൃഷ്ട ജീവി എന്നതുപോലെ നമ്മുടെ ജീവിതത്തിൽ ആധിപത്യം പുലർത്തുന്നു. ഇതു കാരണം ജീവിതം പഴുത്ത്, പുഴുത്ത്, ദുർഗന്ധം വമിക്കുകയും നിത്യ നാശത്തിലേക്ക് അവ നമ്മെ എത്തിക്കുകയും ചെയ്യുന്നു.
ഏതൊരു ശീലവും പ്രാരംഭ കാലത്ത് ഒരു വൃക്ഷത്തൈ പിഴുതു കളയുന്നതു പോലെ അവയെ ജീവിതത്തിൽ നിന്നും പിഴുത് കളയുവാൻ നിഷ്പ്രയാസം കഴിയുന്നതാണ്. എന്നാൽ അവയിൽ ഉല്ലാസം കണ്ടെത്തി തുടർന്നു കൊണ്ടിരുന്നാൽ അതൊരു വൃക്ഷമായി വളരുകയും പിഴുത് കളവാൻ കഴിയാത്ത വിധം ആകമാന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. അപ്പോൾ അവയെ വിട്ടുമാറണമെന്ന് കരുതിയാലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് നാം നീങ്ങുന്നു. തത്ഫലമായി ശാരീരികമായി ജീവിച്ചിരിക്കുമ്പോൾ തന്നെ, നാം ഒരു മൃതശരീരത്തിന് സമാനമായി ഭവിക്കുന്നു.
ഈ ദുശ്ശീലങ്ങൾ പ്രാരംഭത്തിൽ കേവലം ഉല്ലാസങ്ങൾ എന്നതിലുപരി ദുശീലങ്ങൾ ആയി തോന്നുകയേയില്ല, പക്ഷേ പിൽക്കാലത്ത് ശരീരത്തോട് ചേർത്തുവെച്ച് കെട്ടിയ മൃതശരീരം പോലെ വിട്ടൊഴിവാൻ പാടില്ലാത്ത വണ്ണം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുന്നു.
വിവിധ ശീലങ്ങൾ നാം ഏവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ചില ശീലങ്ങൾ ദുശ്ശീലങ്ങൾ ആയിത്തീരാവുന്നതാണ്. ആ സ്ഥിതിവിശേഷം മനസ്സിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുവാൻ നമ്മുടെ ധാർമ്മിക ബോധം നമ്മെ പലപ്പോഴും പ്രേരിപ്പിക്കാറുണ്ട്. എന്നാൽ അവയെ നിഷ്കരുണം നിഷേധിക്കുകയാണ് മിക്കപ്പോഴും നാം ചെയ്യുക. അതിന്റെ പരിണിത ഫലമാണ് ഈ വലിയ വിനാശം.
എന്നാൽ എത്ര വലിയ വൃക്ഷം ആയാലും അതിനെ വെട്ടി കളയുവാൻ കഴിയും. വലിയ ബുദ്ധിമുട്ടു സഹിക്കുകയും വൻ സന്നാഹങ്ങൾ ഒരുക്കുകയും വേണം എന്നുമാത്രം. അതുപോലെ ഏത് അവസ്ഥയിലും ദുശീലങ്ങളെ വിട്ടു മാറുവാൻ സാധിക്കാവുന്നതാണ്. അതിനായി ദൃഢനിശ്ചയത്തോടെ സമ്പൂർണ്ണമായി നമ്മെ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണം. എങ്കിൽ ഈ വലിയ വിനാശത്തിൽ നിന്ന് രക്ഷ പ്രാപിപ്പാൻ ആർക്കും സാധ്യമാണ്.
ശീലങ്ങളാണ് ഒരാളുടെ ഭാവി നിർണയിക്കുന്നത്. പുതു തലമുറയെ സ്വപ്‍നം കാണാന്‍ പഠിപ്പിച്ച എ പി ജെ അബ്‍ദുൽ കലാമിന്റെ വാക്കുകൾ ഇങ്ങനെ : നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍, നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും.’ തുടർച്ചയായി ചെയ്യുമ്പോഴോണ് ഒരു പ്രവൃത്തി ശീലമായി മാറുന്നത്. സദ്ശീലങ്ങൾക്ക് നിരന്തര പരിശ്രമം വേണം. നിരന്തര പ്രവർത്തനങ്ങൾ ഉപബോധ മനസ്സിനെ സ്വാധീനിക്കുന്നു. ഉപബോധ മനസ്സിനെ ഉണർത്തിയെടുത്താൽ അത്ഭുതങ്ങൾ പലതും സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് മൈന്‍ഡ് പവർ തിയറിയും വ്യക്തമാക്കുന്നത്.
മാറ്റങ്ങൾ ആരംഭിക്കേണ്ടത് സ്വന്തത്തിൽ നിന്നാണ്. വ്യക്തികളുടെ മാറ്റങ്ങളാണ് സാമൂഹിക പരിവർത്തനമായി മാറുന്നത്. ഉൾപ്രേരണയാലുണ്ടാകുന്ന മാറ്റങ്ങളേ ശാശ്വതമാകുകയുള്ളൂ.