മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ.
നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്.
മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മറികടന്നവരല്ല. ചെയ്തതു തെറ്റോ ശരിയോ എന്നുള്ളതല്ല പ്രശ്നം, അത് അംഗീകരിക്കുന്നത് ആക്ഷേപമാണ് / അപമാനമാണ് എന്നുള്ള അഹങ്കാരബോധമാണ് പലരേയും വേട്ടയാടുന്നത്. "ക്ഷമിക്കണേ. അറിയാതെ സംഭവിച്ചുപോയി. അടുത്ത പ്രാവശ്യം മുന്‍കൂര്‍ പറഞ്ഞുതരൂ. തിരുത്തിക്കൊള്ളാം" എന്ന് വിനയത്തോടെ പറയുമ്പോള്‍ എന്തെങ്കിലും കുറവു സംഭവിക്കുമോ? തെറ്റാണെന്നു ബോദ്ധ്യപ്പെട്ടിട്ടും അതു പരസ്യമായി പറയാന്‍ തന്‍റേടമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് വലിയ കുറ്റം.
എന്തെങ്കിലും തിരിച്ചു പ്രതീക്ഷിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നിരാശ. ചിലരെ നിങ്ങൾ എത്ര സഹായിച്ചാലും, നിങ്ങൾക്കൊരാവശ്യം വരുമ്പോൾ അവർ കൂടെ കാണണമെന്നില്ല...മനുഷ്യർക്ക് മാത്രമായി കിട്ടിയിട്ടുള്ള ഒരു പ്രത്യേക കഴിവുണ്ട്. നിങ്ങൾ 9 നല്ല കാര്യങ്ങൾ ചെയ്ത് ഒരാളെ സന്തോഷിപ്പിച്ചാലും, പത്താമതൊരു കാര്യം അറിയാതെയെങ്കിലും അയാൾക്കൊരു വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ, ആ പത്താമത്തെ കാര്യം വെച്ചേ അയാൾ നിങ്ങളെ പിന്നെ ഓർക്കൂ.. എന്നു വെച്ച് പതിനൊന്നാമത്തെ കാര്യം നല്ലതായെന്നു കരുതി എല്ലാം പഴയ പോലെയാകും എന്ന് ഒരുറപ്പുമില്ല. ഈ 'നിങ്ങളും ഞാനും' എല്ലാം ഈ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. ആരും വ്യത്യസ്തരല്ല..
ഒരു കഥ പറഞ്ഞു നിർത്താം. ഒരു കോളേജിൽ വളരെ നന്നായി പഠിക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു. കോളേജിലെ എല്ലാ നല്ല കാര്യങ്ങളുടെയും മുൻ നിരയിൽ അവൻ ഉണ്ടാകുമായിരുന്നു.ഒരിക്കൽ ആ കോളേജിൽ രണ്ടു വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ വാഗ്വാദം വളർന്ന് അടിപിടിയിൽ കലാശിച്ചു. അതിൽ ആ കുട്ടിയുടെ പേരും വലിച്ചിഴക്കപ്പെട്ടു. അവനടക്കം ആ കേസിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളെയും അധികൃതർ കോളേജിൽനിന്ന് പുറത്താക്കി.
അവൻ തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവന് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ പോലും അധികൃതർ തയ്യാറായില്ല. അവന് വലിയ നിരാശയും മടുപ്പും തോന്നി. പുറത്താക്കപ്പെട്ട മറ്റു വിദ്യാർഥികൾ അവരുടെ രക്ഷിതാക്കൾ ക്ഷമ ചോദിച്ചതുകാരണം കോളേജിൽ തിരിച്ചുകയറി. എന്നാൽ അവൻ മാത്രം കോളേജിൽ വന്നില്ല. ഈ സംഭവം കാരണം അവന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറിപ്പോയി.
വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് അവനെ കണ്ടപ്പോൾ കോളേജിൽ വരാത്തതിന്റെ കാരണം തിരക്കി. അവൻ തന്റെ ബാഗിൽനിന്ന് ഒരു വെള്ള കടലാസ് എടുത്ത് അതിൽ ഒരു കറുത്ത കുത്തിട്ടു. എന്നിട്ട് സുഹൃത്തിനോട് ചോദിച്ചു:
"നീ ഇപ്പോൾ ഇതിൽ എന്ത് കാണുന്നു?"
സുഹൃത്ത് പറഞ്ഞു:
"നീ ഒരു കറുത്ത കുത്തിട്ടത് കാണുന്നു. വേറൊന്നും കാണുന്നില്ലല്ലോ"
അവൻ ചോദിച്ചു:
"അപ്പോൾ വെളുപ്പോ? അത് നീ കാണുന്നില്ലേ?
99 ശതമാനവും നിറഞ്ഞുനിൽക്കുന്ന വെളുപ്പിനെ കാണാതെ ഒരിറ്റു മാത്രമുള്ള കറുപ്പിനെ മാത്രം നീ കാണുന്നു. ഇതു തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. യാദൃശ്ചികമായി വന്നുഭവിച്ച ഒരു തെറ്റിനെ മാത്രം കണ്ടു. എനിക്കത് സഹിക്കാനായില്ല.എല്ലാവരുടെ മുൻപിലും ഞാനൊരു മോശക്കാരനായി. എന്റെ അച്ഛൻ പോലും എന്നെ മനസ്സിലാക്കിയില്ല."
ഇത്രയും പറഞ്ഞ് വിഷാദത്തോടെ അവൻ നടന്നു നീങ്ങി.
മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ.
വൻ മരങ്ങളുള്ള ഒരു കാട്ടിൽ വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും പുൽക്കൊടികളും തീർച്ചയായും ഉണ്ടായിരിക്കും.അവയെക്കൂടി സ്വീകരിക്കാതെ നമ്മുക്ക് കാടിനെ സ്നേഹിക്കാനാകില്ല. മറ്റുള്ളവരെ സ്നേഹിക്കാൻ ശീലിക്കുമ്പോൾ അവരുടെ കൊച്ചു കൊച്ചു പോരായ്മകളെ ക്ഷമിക്കാനും നാം തയ്യാറാകണം.