കാട്ടാക്കട ജങ്ഷനില്‍ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയില്‍ ഹോട്ടലില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. ഹോട്ടലുടമ വിക്രമൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല വീട്ടില്‍ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വർഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചിക്കൻ കഴിച്ച ഉടനെ ഇവർക്ക് വയറില്‍ അസ്വസ്ഥതയും ഛർദിയുമുണ്ടായി. തുടർന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ് കഴിച്ചതില്‍ ബാക്കി ഉണ്ടായിരുന്ന ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് കുട്ടികളെ ഉള്‍പ്പെടെ അഞ്ചുപേരെയും കാട്ടാക്കട സർക്കാർ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിക്കയായിരുന്നു. കാട്ടാക്കട പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് കുടുംബം നെയ്യാറ്റിൻകര ആശുപത്രിയില്‍ ചികിത്സ തേടിയത്.
പരാതികളെ തുടർന്ന് ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇൻസ്പെക്ടർ ഹരികുമാർ കെ.ജെ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ർമാരായ ചിഞ്ചു കെ പ്രസാദ്, ഹാഷ്മി മോള്‍, ഹരിത, കാട്ടാക്കട പഞ്ചായത്ത് ഹെല്‍ത്ത് ഇൻസ്പെക്ടർ അനുജ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അരുവിക്കര ഭക്ഷ്യ സുരക്ഷ ഇൻസ്പെക്ടർ പൂജാ രവീന്ദ്രൻ, നെയ്യാറ്റിൻകര ഭക്ഷ്യ സുരക്ഷ ഇൻസ്പെക്ടർ അനുജ എന്നിവർ ഐശ്വര്യ ഹോട്ടലില്‍ പരിശോധന നടത്തി.
പരിശോധനക്ക് എത്തുമ്ബോള്‍ പാചകം ചെയ്യാനായി തയാറാക്കി വച്ചിരിക്കുന്ന ഇറച്ചി, പച്ചക്കറി, കറികൂട്ടുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിലത്തും മേശക്ക് അടിയിലും വൃത്തിഹീനമായ സാഹചര്യത്തില്‍ തുറന്ന് വെച്ച നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഭക്ഷണത്തില്‍ പുഴു കണ്ടെത്തി വിവാദമായിട്ടും അടുത്ത ദിവസം ഇത് വകവെയ്ക്കാതെ ഹോട്ടലില്‍ ഒരു ശുചീകരണവും നടത്താതെ വൃത്തിഹീനമായിത്തന്നെ പ്രവർത്തനം തുടർന്നതില്‍ ആശ്ചര്യമുണ്ടെന്ന് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ജീവനക്കാർ ഹെഡ് ക്യാപ് ധരിക്കാതെയും വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ച നിലയിലുമായിരുന്നു.
ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പാഴ്‌വസ്തുക്കളുടെ ശേഖരം കണ്ടെത്തി. ഭക്ഷണം കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇല വൃത്തിഹീനമാണെന്നു കണ്ടെത്തി. പൂപ്പല്‍ പിടിച്ച നാരങ്ങാ അച്ചാറും ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് ഹോട്ടലിലും പരിസരത്തും ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്ബിള്‍ പരിശോധന നടത്തണമെന്നും അധികൃതർ നിർദേശം നല്‍കി
ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷ വകുപ്പുകളും പ്രത്യേകം പ്രത്യേകം നോട്ടിസ് നല്‍കുകയും അടിയന്തിരമായി ഹോട്ടല്‍ പൂട്ടാനുള്ള നിർദേശം നല്‍കുകയും ചെയ്തു. പഴകിയ ഭക്ഷണങ്ങളുടെയും കഴിഞ്ഞ ദിവസം പരാതിക്കാരൻ വാങ്ങിയ പൊരിച്ച കോഴി ഇറച്ചിയുടെ സാമ്ബിളും ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു. ഇ ലാബില്‍ അയച്ചു പരിശോധന നടത്തും. അപാകതകള്‍ പരിഹരിച്ച് ഹോട്ടല്‍ ശുചീകരിച്ച് ഫോട്ടോ സഹിതം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹിയറിങ്ങിനു സമർപ്പിക്കണമെന്നും ശേഷം പരിശോധന നടത്തി ഉറപ്പു വരുത്തിയിട്ടു മാത്രമേ ഹോട്ടല്‍ തുറന്നു പ്രവർത്തിക്കാൻ അനുവാദം നല്‍കുകയുള്ളൂ എന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു.