കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി.
ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.
മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതർ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
റിട്ട. മേജർ ജനറല്‍ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘമടക്കമാണ് ദൗത്യത്തിനുണ്ടായിരുന്നത്. പ്രതികൂലമായ കാവസ്ഥയില്‍കൂടിയായിരുന്നു തിരച്ചില്‍. സിപി 2 മേഖലയില്‍നിന്നാണ് അർജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.
ജൂലായ് 16-ന് രാവിലെ കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അർജുൻറെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അർജുൻ അപകടത്തിലാകുന്നത്.
ഷിരൂർ മണ്ണിടിച്ചിലില്‍ അകപ്പെട്ട അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്ന നിലയില്‍. കാബിനകത്ത് നിന്ന് അർജ്ജുൻ്റേതെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ പരിശോധന നടത്തുകയാണ്.
കാബിനുള്ളില്‍ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിക്കുകയാണ്. ഇത് ബോട്ടില്‍ വിരിച്ച പോളിത്തീൻ ഷീറ്റിലേക്ക് മാറ്റുകയാണ്. കൂടുതല്‍ മൃതദേഹ ഭാഗം കണ്ടെത്താനാണ് ശ്രമം പുരോഗമിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്.
നേരത്തെ മൃതദേഹ ഭാഗം കണ്ടെത്തിയ കാബിനുള്ളിലെ ഭാഗത്തുള്ള ചെളിയാണ് പുറത്തെടുത്തത്. ഇത് പിന്നീട് ഫോറൻസിക് ലാബിലേക്ക് അയക്കും. ചെളിയില്‍ നിന്ന് കൂടുതല്‍ മൃതദേഹ ഭാഗം ഉണ്ടെങ്കില്‍ അത് ഫോറൻസിക് ലാബില്‍ പരിശോധിച്ച് വേർതിരിക്കും. ഡിഎൻഎ പരിശോധനാ ഫലം ഇല്ലാതെ തന്നെ മൃതദേഹഭാഗങ്ങള്‍ മുഴുവനായി മരിച്ചയാളുടെ കുടുംബത്തിന് നല്‍കുമെന്നാണ് ഷിരൂരില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന വിവരം. ലോറിയില്‍ നിന്ന് ആദ്യം കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം കരക്കെത്തിച്ചു. ലോറിയുടെ കാബിൻ കരയിലേക്ക് കയറ്റാനുള്ള തീവ്ര ശ്രമത്തിലാണ്.