റെക്കോർഡ് വില വർധനയോടെ നാളികേര വിപണി സജീവം.
പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. 20 വർഷത്തിനിടെ ആദ്യമായാണ് നാളികേരള ഉല്‍പന്നങ്ങള്‍ക്ക് ഇത്രയും കൂടിയ വില ലഭിക്കുന്നതെന്ന് കൊപ്ര വ്യാപാരികള്‍ പറഞ്ഞു.രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. കോഴിക്കോട് പാണ്ടികശാലയില്‍ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയാണ് വില. ഗുണനിലവാരം കൂടിയതിന് 20,000 രൂപയും വ്യാപാരികള്‍ നല്‍കി. രാജാപൂര്‍ കൊപ്രക്ക് 22,000 രൂപയും. കൊപ്ര എടുത്തപടിക്ക് 13400 രൂപയാണ് മാർക്കറ്റ് വില. എന്നാല്‍, കർഷകർക്ക് 14000 രൂപ ലഭിച്ചു. വെളിച്ചെണ്ണ വിലയും തിളച്ചുമറിയുകയാണ്. വെളിച്ചെണ്ണക്ക് ചൊവ്വാഴ്ച കോഴിക്കോട് മാർക്കറ്റില്‍ വില 20650 ആണ്. ഈ മാസം 10ന് 17800 ആയിരുന്നു വില. കൊപ്ര എടുത്തപടി 11350ഉം ഉണ്ട കൊപ്രക്ക് 13500 ആയിരുന്നു ഈ മാസം 10ലെ വില.
എന്നാല്‍, ഉല്‍പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ വിലക്കയറ്റം കർഷകർക്ക് വലിയ തോതില്‍ പ്രയോജനം ചെയ്യുന്നില്ല. സാധാരണ വരുന്നതിന്‍റെ മൂന്നിലൊന്ന് തേങ്ങ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നതെന്ന് കോഴിക്കോട്ടെ നാളികേര വ്യാപാരി റഫീഖ് പറഞ്ഞു. പച്ചത്തേങ്ങ വില 46 ആയി. 15 ദിവസം മുമ്ബ് 30-31 രൂപ ആയിരുന്നു. പച്ചത്തേങ്ങ താങ്ങുവില 34 രൂപയാണ്. ഉല്‍പാദനച്ചെലവ് നികത്തുന്ന രീതിയിലേക്ക് വില ഉയർന്നെങ്കിലും ഇത് ഏറെനാള്‍ നിലനില്‍ക്കുമെന്ന് വ്യാപാരികള്‍ക്കോ കർഷകർക്കോ പ്രതീക്ഷയില്ല. ഈ നിലവാരത്തിലും അതിനുമുകളിലും വില ലഭിച്ചാലെ നാളികേര കൃഷി പിടിച്ചുനിർത്താനാവൂ.
വേനല്‍ക്കാലത്തെ അമിതമായ ചൂട് ഇത്തവണ സീസണില്‍ തേങ്ങ ഉല്‍പാദനം ഗണ്യമായി കുറയാൻ ഇടയാക്കി. മാത്രമല്ല ഇടവിള കൃഷി ഇല്ലാത്തതും തെങ്ങുകള്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് നശിക്കുന്നതും ഉല്‍പാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു. നിരന്തര വിലയിടിവും തൊഴിലാളികളുടെ കൂലി അടക്കം ഉല്‍പാദനച്ചെലവ് വർധിച്ചതും കാരണം കർഷകർ നാളികേര കൃഷിയില്‍നിന്ന് പിൻവാങ്ങുന്നതും ഉല്‍പാദനത്തെ ബാധിക്കുന്നുണ്ട്.