ഓരോ മനുഷ്യനും ഓരോ ലോകമാണ് അവിടെ എന്ത് നടക്കുന്നു എന്ന് അയാൾക്ക് അല്ലാതെ മറ്റാർക്കും അറിയാൻ സാധിക്കില്ല... എല്ലാവരെയും ഒരേ കണ്ണാടിയിലൂടെ കാണാതിരിക്കാം നമുക്ക്.
ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളിലെ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ അവയെല്ലാം നൈമിഷികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന മുൻവിധി ഒഴിവാക്കാൻ ശ്രമിക്കാം
ജീവിതത്തിൽ നമുക്ക് ചുറ്റും നിരവധി മനുഷ്യരുണ്ട്. അവരെയെല്ലാം വിലയിരുത്തുന്നതും നിർവചിക്കുന്നതും നമ്മുടെ കടമയാണോ..? നമ്മുക്ക് അതിനുള്ള അവകാശമോ അധികാരമോ ഉണ്ടോ..? ഇല്ലെന്ന് തന്നെ പറയാം. നാം ഒരാളെ വിലയിരുത്തുന്നത് എങ്ങനെയാണ് ? നമുക്കു ചുറ്റുമുള്ള മനുഷ്യരേക്കുറിച്ച് നാമോരോരുത്തരും മനസിലാക്കുന്നത് സ്വാഭാവികമായും നമ്മുടെ മാത്രം കാഴ്ചപ്പാടുകളിലൂടെ മാത്രമായിരിക്കും.
അത്തരം കാഴ്ചപ്പാടിലൂടെ തകരുന്നത് ചിലപ്പോൾ മറ്റൊരാളുടെ ജീവിതമായിരിക്കാം.
എല്ലാവരുടെയും മുൻവിധികളെ തിരുത്താൻ നമുക്കാവില്ല. എന്നാൽ കുറഞ്ഞത് നമ്മുടെ പ്രിയപ്പെട്ടവർ, കുടുംബം, സുഹൃദ് വലയം തുടങ്ങിയയിടങ്ങളിൽ നമ്മളെ കൃത്യമായി അറിയുകയും വിലയിരുത്തുകയും ചെയ്യുന്നവരുണ്ടാകണം.
നമ്മളുടെ ആശയവിനിമയരീതികളും സ്വഭാവവും ശരീരഭാഷയുമെല്ലാം ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നമ്മുടെ പെരുമാറ്റം ഒരു പക്ഷെ വേറെ ഒരാൾക്ക് എങ്ങനെയായി മാറുമെന്ന് നമ്മുക്ക് ചിന്തിക്കാൻ കഴിയില്ല. അല്ലെങ്കിൽ തിരിച്ചും.
ഒരു ജീവിത കഥ ഇങ്ങനെ ; പരസ്പരം താങ്ങും തണലുമാകേണ്ട ഇടങ്ങളിലൊക്കെ തീർത്തും ഒറ്റപ്പെട്ടു പോയ, ഒറ്റപ്പെടുത്തപ്പെട്ട ഒരു നിസ്വാർഥനായ ഒരു മനുഷ്യൻ. അവസാന അത്താണിയായിട്ടാണ് അയാൾ സൈക്കോളജിസ്റ്റിനേ കാണാൻ വന്നത്. ഏകദേശം അറുപതു വയസ്സ് പ്രായം അദ്ദേഹത്തിനുണ്ട്. വിളറിയ കണ്ണുകളും വിഷാദ ഭാവവും ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.
തന്റെ കുടുംബത്തിലെ എഴു മക്കളിൽ മൂത്ത മകനായിട്ടാണ് അദ്ദേഹം ജനിക്കുന്നത്. ചെറുപ്പം തൊട്ടെ തന്റെ സഹോദരങ്ങളും പിതാവും ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരുന്നതായി അയാൾ വെളിപ്പെടുത്തി. തുടക്കം തന്റെ ഒരു തോന്നലായിരിക്കുമെന്ന് കരുതി അദ്ദേഹം അത് കാര്യമാക്കിയില്ല. കാരണം തന്റെ പിതാവും സഹോദരങ്ങളും തന്നെ എന്തിനാണ് ഒറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചിന്തിച്ചു.
എന്നാൽ നിരന്തരമായി ഈ അവസ്ഥ തുടരുന്നത് തിരിച്ചറിഞ്ഞതോടെ അയാൾ കരുതിയതെല്ലാം സത്യമാണെന്ന് തിരിച്ചറിഞ്ഞു. അത് അദ്ദേഹത്തെ മാനസികമായി തളർത്തി.
ഒരു സ്വത്തു തർക്കത്തിൽ നിന്നുണ്ടായ ചെറിയൊരു തെറ്റിദ്ധാരണയോ വഴക്കോ ആയിരുന്നിരിക്കണം ഇത്തരമൊരു അവസ്ഥക്ക് പിന്നിലെന്ന് കരുതാൻ. അതു വളർന്നു വന്ന് ഒരു മനുഷ്യനെ സഹിക്കാവുന്നതിലുമപ്പുറം ദുഖത്തിലേക്കു തള്ളിവിടുന്ന രീതിയിലുള്ള പെരുമാറ്റങ്ങളിലെത്തി. കൂട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടെ വന്നപ്പോൾ അയാൾ ജീവിതത്തിൽ സ്വയം ഒരു പരാജയമാണെന്ന് കരുതി ജീവിക്കാൻ തുടങ്ങി. തനിക്ക് ചുറ്റുമുള്ളവരും താൻ കാരണം ദുരിതം അനുഭവിക്കുന്ന അവസ്ഥ വരുമോ എന്നദ്ദേഹം പേടിച്ചു.
സൈക്കോളജിസ്റ്റിന് കൊടുക്കാൻ വരെ ഫീസ് ഇല്ലാന്ന് പറഞ്ഞിട്ട് അദ്ദേഹം കരഞ്ഞു. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും താൻ വേണ്ടപ്പെട്ടവരായി കരുതിയവരൊക്കെ തന്നോട് യാതൊരു വിലയില്ലാത്ത പെരുമാറ്റത്തിലേക്ക് മാറിയതും കൂടുതൽ താളം തെറ്റിച്ചു. താനൊരു ഇരയായി മാറുകയാണെന്ന് അദ്ദേഹത്തിന് തോന്നി.
പണ്ട് തൊട്ടെ ഉപയോഗശൂന്യമായ വസ്ത്രങ്ങൾ അയാൾക്ക് കൊടുക്കുക, ഉണ്ടായിരുന്ന പരിചയക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റുക, കുടുംബക്കാർക്കിടയിൽ മോശപ്പെട്ടവനായി വരുത്തി തീർക്കുക, അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ധനസഹായം നിഷേധിക്കുക. അങ്ങനെ...
സാമ്പത്തികമായി അയാളെ ഒറ്റപ്പെടുത്തിയതിനു ശേഷം അതേ കാരണം പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ വെച്ചു അപമാനിക്കുന്ന സ്ഥിതിയുമുണ്ടായി.
മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വരെ സാമ്പത്തികമായി ഇടപെട്ട് സഹായങ്ങൾ ചെയ്ത ബന്ധുക്കൾ, ഈ അവസരത്തിൽ പോലും അയാളെ അതിന്റെ പേരിൽ അപമാനിക്കാൻ തിരഞ്ഞെടുത്തു. കാരണം മകളുടെ കല്യാണത്തിന് വരെ പൈസ എടുത്തു വക്കാൻ കഴിയാത്ത ഒരു അച്ഛനായി അദ്ദേഹത്തെ ചിത്രീകരിച്ചു. മാത്രമല്ല, മകളെ പഠിപ്പിക്കാൻ നിൽക്കാതെ വേഗം കെട്ടിച്ചു വിടണം എന്നൊക്കെ പറഞ്ഞിട്ട് നിരന്തരം അയാളെ കുറ്റപ്പെടുത്തി. സ്വന്തം മകളുടെ കാര്യത്തിൽ വരെ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിൽ അദ്ദേഹമെത്തി.
ആ ഒരു ഘട്ടത്തിൽ സ്വന്തം മക്കളിൽ നിന്നു പോലും ദുരനുഭവങ്ങളുണ്ടായി. ഭാര്യ മാത്രമായിരുന്നു അയാളെ വേദനിപ്പിക്കാതെ കൂടെയുണ്ടായിരുന്ന ഒരു മനുഷ്യജീവി. ഇതോടെ പുറത്തിറങ്ങാനും ആളുകളുമായി സംവദിക്കാനും അയാൾക്ക് ഭയവും മടിയുമായി. മക്കളിൽ നിന്നും ഉണ്ടായ മോശം പ്രതികരണവും അദ്ദേഹത്തെ ബാധിച്ചു.
ആ മനുഷ്യന്റെ ഇങ്ങനെയുള്ള ജീവിതം അയാളുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റമായിരുന്നു അയാളുടെ ക്ഷിപ്രകോപം. ഒരിക്കൽ ഒരു കുടുംബ പരിപാടിയിൽ എത്തിയ അദ്ദേഹത്തെ പതിവ് പോലെ പരിഹസിക്കാൻ തുടങ്ങിയപ്പോൾ നിയന്ത്രണം വിട്ടു കൊണ്ട് അദ്ദേഹം പൊട്ടിത്തെറിച്ചു. അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ആ ഒരു ദിവസം പുറത്തു വന്നു. അയാളെ നിയന്ത്രിക്കാൻ ആർക്കും കഴിഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് സ്വബോധം തിരികെ കിട്ടിയത്. തന്റെ അവസ്ഥ ഭീകരമാണെന്ന് അദ്ധേഹം തന്നെ മനസ്സിലാക്കി. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന അത്തരമൊരു അവസ്ഥയിലേക്ക് അദ്ദേഹത്തെ തള്ളിവിട്ട സാഹചര്യങ്ങളേയും അതിനു കാരണമായ ചുറ്റുമുള്ള മനുഷ്യരേയും ഈ മനുഷ്യന്റെ യഥാർത്ഥ അവസ്ഥയേയും പറ്റി കാഴ്ച്ചക്കാരായ നമ്മളടങ്ങുന്ന സമൂഹം ചിന്തിക്കുകയില്ല.
ഉപരിതലത്തിൽ കാണുന്നതു വച്ചു മാത്രം മനുഷ്യരേ ജഡ്ജ് ചെയ്യുന്ന പ്രവണത എല്ലാക്കാലത്തും മനുഷ്യനുള്ളതാണ്. ഈ മനുഷ്യന്നിലേക്ക് തിരിച്ചു വരാം. ഒട്ടും ജീവിക്കാൻ കഴിയില്ലെന്ന, നെല്ലിപ്പലക കണ്ട ഒരവസ്ഥയിലാണ് അയാൾ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തി തന്റെ സാഹചര്യങ്ങളും അനുഭവങ്ങളും വിഷമതകളും പങ്കു വെച്ചത്. തന്റെ സ്വഭാവത്തിലെ അമിതവും വളരെ പെട്ടെന്നുണ്ടാകുകയും ചെയ്യുന്ന ദേഷ്യത്തേപ്പറ്റിയും അയാൾ സൈക്കോളജിസ്റ്റിനോട് സംസാരിച്ചു.
സൈക്കോളജിസ്റ്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അയാളിപ്പോൾ ഒരു സ്വയം നവീകരണത്തിന്റെ പാതയിലാണ്. ചുറ്റുമുള്ളവർ, അതിപ്പോൾ എത്ര തന്നെ വേണ്ടപ്പെട്ടവരായാലും തനിക്കു നേരിടേണ്ടി വന്ന, മാനസികമായി തന്നെ ഇത്രയൊക്കെ തളർത്തിയ പലതിൽ നിന്നും വേർപെട്ട് പ്രശാന്തതയുടെ ജീവിതത്തിന്റെ പാതയിലേക്ക് അയാളെ നയിച്ചത് ആ സൈക്കോളജിസ്റ്റിന്റെ സേവനം മാത്രമല്ല, തന്റെ വിഷമങ്ങളും അവസ്ഥകളും തുറന്നു പറയാൻ കാണിച്ച അയാളുടെ തന്നെ മനസ്സാന്നിധ്യം കൂടിയാണ്.
ചുറ്റുമുള്ളവരുടെ പെരുമാറ്റങ്ങളിലെ അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ അവയെല്ലാം നൈമിഷികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന മുൻവിധി ഒഴിവാക്കാൻ ശ്രമിക്കാം. മാനസികാരോഗ്യത്തേക്കുറിച്ച് അവബോധമുണ്ടാകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണൊ അത്രത്തോളം തന്നെ പ്രധാനമാണ് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിനും നൽകേണ്ടത്. ഒപ്പമൊരാളെ ചേർത്തു പിടിക്കേണ്ടതിന്റെ ഉത്തരവാദിത്തം മാനസികാരോഗ്യ വിദഗ്ദർക്കു മാത്രമാണ് എന്ന മിഥ്യാധാരണയും മാറട്ടെ. മാനസികാരോഗ്യ സാക്ഷരത പ്രസക്തമാകുന്നത് ഇത്തരം മുൻവിധികളും സ്റ്റീരിയോടൈപ്പ് ചിന്താഗതികളും മാറിത്തുടങ്ങുമ്പോഴാണ്.