ഇസ്താംബുള്‍: സ്വയം വിവാഹം ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ സോഷ്യല്‍മീഡിയ ഇൻഫ്ളുവൻസർ അവസാനം ജീവനൊടുക്കി. തുര്‍ക്കിയിലെ ടിക് ടോക് താരമായ കുബ്ര അക്യുതും ആണ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
സുല്‍ത്താന്‍ബെയ്‌ലി ജില്ലയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ. പോലീസ് യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ടിക് ടോക്കില്‍ ഒരുമില്യണിലേറെ ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറായിരുന്നു കുബ്ര. ഇന്‍സ്റ്റഗ്രാമില്‍ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സ്വയം വിവാഹം ചെയ്‌തെന്ന് പ്രഖ്യാപിച്ചാണ് കുബ്ര വാര്‍ത്തകളിലിടം നേടിയത്. അനുയോജ്യനായ വരനെ കിട്ടാത്തതിനാലാണ് താന്‍ സ്വയം വിവാഹം ചെയ്യുന്നതെന്നും യുവതി പറഞ്ഞിരുന്നു. കുബ്ര പങ്കുവെച്ച തന്റെ വിവാഹചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
ശരീരഭാരം കുറയുന്നത് സംബന്ധിച്ച ആശങ്കയാണ് കുബ്ര അവസാനം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'എനിക്ക് എന്റെ ഊര്‍ജം നേടാനായി. എന്നാല്‍ ഭാരം വര്‍ധിപ്പിക്കാനായില്ല. എല്ലാദിവസവും ഓരോ കിലോഗ്രാം ഭാരം കുറയുകയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അടിയന്തരമായി എനിക്ക് ശരീരഭാരം വര്‍ധിപ്പിക്കണം' ഇതായിരുന്നു കുബ്രയുടെ കുറിപ്പ്.
അതേസമയം, യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിടുകൊടുക്കും. ശേഷം സ്വദേശത്തായിരിക്കും സംസ്‌കാരചടങ്ങുകളെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.