സ്നേഹവും ഇഷ്ടവും രണ്ടാണ്. പ്രണയിക്കുന്നവർ എല്ലാവരും പരസ്പരം സ്നേഹിക്കണമെന്നില്ല... (മോട്ടിവേഷൻ ചിന്തകൾ)
സ്നേഹം ജലം പോലെ ആണ്. ജലം ഏതു പാത്രത്തിൽ പകർന്നു വെക്കുന്നുവോ അതുപോലെ ആണ് അതിന്റെ രൂപവും. സ്നേഹവും അതുപോലെ ആണ്.
സ്നേഹവും ഇഷ്ടവും രണ്ടാണ്. പ്രണയിക്കുന്നവർ എല്ലാവരും പരസ്പരം സ്നേഹിക്കണമെന്നില്ല.പല പ്രണയങ്ങളും വെറും ഇഷ്ടം മാത്രമാണ്. ഇഷ്ടം എന്നു പറയുന്നത് കേവലം ഒരു കൗതുകത്തിൽ നിന്ന് സംഭവിക്കുന്നതാണ്. കൗതുകം നഷ്ടമായാൽ ഇഷ്ടം ഇല്ലാതാകുന്നു. ഇഷ്ടം തോന്നി അതുപോലെ നമ്മൾ പലതിനെയും സ്വന്തമാക്കാറുണ്ട്.വളർത്തു മൃഗങ്ങളോട് ഇഷ്ടം തോന്നി അവരെ വളർത്താറുണ്ട്.എന്നാൽ ഭക്ഷിക്കാൻ കഴിയുന്നവയാണെങ്കിൽ അവയെ കൊന്നു തിന്നുവാൻ നാം മടി കാണിക്കാറില്ല.അപ്പോൾ അവയെ നമ്മൾ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ.
ഭാര്യ -ഭർതൃ ബന്ധത്തിൽ പോലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്നവർ വളരെ വിരളമാണ്.ചെറിയ തെറ്റുകൾക്ക് പോലും അമിതമായി ക്ഷോഭിക്കുന്നവർ തമ്മിൽ സ്നേഹമുണ്ടെന്ന് വെറുതെ പറയാം എന്നു മാത്രം.സ്നേഹം ഉണ്ടെങ്കിൽ തെറ്റുകൾ കാണുമ്പോളും ദേഷ്യപെടുവാൻ സാധിക്കുകയില്ല. ജലത്തിൽ ഉപ്പോ പഞ്ചസാരയോ ചേർത്താൽ അതു അതിലലിഞ്ഞു ചേർന്നു അതിനു രുചിയുണ്ടാകുന്നു. എന്നാൽ അതിൽ മണ്ണെണ്ണയോ പെട്രോളോ ചേർത്താൽ അതു രണ്ടായി തിരിഞ്ഞു കിടക്കും.അതുപോലെ ആണ് സ്നേഹവും.
ഒരാൾ മറ്റൊരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയും എന്നാൽ മറ്റേയാൾക്ക് ഇയാളോട് വെറും ഇഷ്ടം മാത്രവും ആണെങ്കിൽ അവിടെ നല്ലൊരു ബന്ധം രൂപപ്പെടുകയില്ല. സ്നേഹം ഒരിക്കലും ഉണ്ടാക്കി എടുക്കുവാൻ സാധിക്കുകയില്ല.അത് ഹൃദയത്തിൽ നിന്ന് തന്നെ ഉത്ഭവിക്കണം.മറ്റുള്ളവരുടെ സ്നേഹം പിടിച്ചു പറ്റണമെങ്കിൽ കുറുക്കു വഴികൾ ഒന്നുമില്ല.അതിനു ആദ്യം ഹൃദയശുദ്ധി വരുത്തേണ്ടതുണ്ട്.
നന്മയുള്ള മനസ്സിലേക്ക് സ്നേഹം ഒഴുകി എത്തും.ആ സ്നേഹം മറ്റുള്ളവരിലേക്ക് താനെ പകരും. ഐ ലൈക് യു എന്ന് നമുക്ക് ആരോട് വേണമെങ്കിലും പറയാം. അതൊരു ആത്മാർത്ഥത ഇല്ലാത്ത വാക്കാണ്. പക്ഷേ ഐ ലവ് യു എന്നു പറയുമ്പോൾ നൂറു വട്ടം ആലോചിക്കണം. അതു ഹൃദയത്തിൽ നിന്നു വരേണ്ട വാചകം ആണ്. അതിൽ ആത്മാർത്ഥത വേണം.
ഒരു കഥയുണ്ട്, തന്റെ 40-ാം വയസ്സിൽ, ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്തതും കുട്ടികളില്ലാത്തതുമായ ഫ്രാൻസ് കാഫ്ക (1883-1924) ബെർലിനിലെ പാർക്കിലൂടെ നടക്കുമ്പോൾ, തൻ്റെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടു കരയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവളും കാഫ്കയും പാവയെ തിരഞ്ഞെങ്കിലും പരാജയപ്പെട്ടു. കാഫ്ക അവളോട് അടുത്ത ദിവസം കാഫ്കയെ കാണണമെന്നും അയാൾ പാവയെ അന്വേഷിക്കാൻ തിരികെ വരുമെന്നും പറഞ്ഞു.
അടുത്ത ദിവസം, അവർ ഇതുവരെ പാവയെ തിരഞ്ഞിട്ടും കണ്ടെത്താഞ്ഞപ്പോൾ, കാഫ്ക പെൺകുട്ടിക്ക് പാവ "എഴുതിയ" ഒരു കത്ത് നൽകി, "ദയവായി കരയരുത്. ലോകം കാണാൻ ഞാൻ ഒരു യാത്ര നടത്തി. എൻ്റെ സാഹസികതയെക്കുറിച്ച് ഞാൻ നിനക്ക് എഴുതാം."
അങ്ങനെ ഒരു കഥ തുടങ്ങി, അത് കാഫ്കയുടെ ജീവിതാവസാനം വരെ തുടർന്നു.
അവരുടെ കൂടിക്കാഴ്‌ചകൾക്കിടയിൽ, കാഫ്ക പാവയുടെ കത്തുകൾ ശ്രദ്ധാപൂർവ്വം വായിച്ചു, സാഹസികതകളും സംഭാഷണങ്ങളും പെൺകുട്ടിക്ക് പ്രിയപ്പെട്ടതായി തോന്നി.
ഒടുവിൽ, തിരികെ വന്ന പാവയെ ( അയാൾ ഒന്ന് വാങ്ങി) കാഫ്ക തിരികെ കൊണ്ടുവന്നു. "ഇത് എൻ്റെ പാവയെപ്പോലെ തോന്നുന്നില്ല," എന്ന് പെൺകുട്ടി പറഞ്ഞു. "എൻ്റെ യാത്രകൾ എന്നെ മാറ്റിമറിച്ചു" എന്ന് ആ പാവ എഴുതിയ മറ്റൊരു കത്ത് കാഫ്ക അവൾക്ക് കൊടുത്തു.
കൊച്ചു പെൺകുട്ടി പുതിയ പാവയെ കെട്ടിപ്പിടിച്ച് അവളെ സന്തോഷത്തോടെ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു വർഷത്തിനുശേഷം കാഫ്ക മരിച്ചു. വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടി പാവയ്ക്കുള്ളിൽ മറ്റൊരു കത്ത് കണ്ടെത്തി. കാഫ്ക ഒപ്പിട്ട ചെറിയ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
"നിങ്ങൾ സ്നേഹിക്കുന്നതെല്ലാം നിങ്ങൾക്ക് നഷ്ടപ്പെടും, പക്ഷേ അവസാനം, സ്നേഹം മറ്റൊരു രീതിയിൽ നിങ്ങളിലേക്ക് മടങ്ങിവരും."
സ്നേഹമെന്നതെപ്പോഴും മനുഷ്യർക്ക് സിമ്പിളാകണം.എല്ലാത്തരത്തിലും കംഫർട്ടുമായിരിക്കണം. മാനുഷികമായ എല്ലാ തലങ്ങളെയും മാനിക്കാൻ അത് പഠിച്ചിരിക്കണം.മനുഷ്യരെ സ്വതന്ത്രരാക്കാൻ അതിന് കഴിഞ്ഞിരിക്കണം.
സ്നേഹമെന്നതിന് ഒപ്പമിരിക്കാൻ സമയങ്ങളുണ്ടാകണം.പേരൊന്ന് വിളിച്ച് പുഞ്ചിരിക്കാൻ ഓർമിക്കുകയും വേണം. അത് മനുഷ്യരുടെ ഏറ്റവും വലിയ കൂട്ടാകണം.ഞാനില്ലേയെന്ന ബോധ്യമൊക്കെ പകരാൻ കഴിയണം.അതൊരു ഉന്മേഷമാകണം. ഒരുപാട് സംസാരിക്കാനും അതിലേറെ കേൾക്കാനും മനുഷ്യർക്ക് അതൊരു ഉപാധിയാകണം.
ചേലുള്ള നിമിഷങ്ങൾ പകരാൻ സ്നേഹമത്രയും വിശാലമാകണം.മനുഷ്യർക്ക് ആ നിമിഷങ്ങളിൽ അവരെത്തന്നെ കണ്ടെടുക്കാൻ കഴിയണം. ഒരു ഭാരവുമില്ലാത്ത വിധം മനുഷ്യ സൗഹൃദങ്ങളിൽ ഏറ്റവും മികച്ചതാകാനും സ്നേഹത്തിന് കഴിയണം. ആശ്വാസം വേണ്ട സമയങ്ങളിൽ നിശബ്ദമായി മനുഷ്യർക്ക് സമാധാനം നൽകാൻ സ്നേഹത്തിന് കഴിയണം.
സ്നേഹത്തിന്റെ രൂപമെപ്പോഴും മാനുഷികമായിരിക്കണം, കൃത്രിമമാകുകയും ചെയ്യരുത്. സ്നേഹിക്കുന്ന ഒരു മനുഷ്യന് സ്നേഹിക്കപ്പെടുന്ന മനുഷ്യനെപ്പോലെ ചിന്തിക്കാനും രൂപാന്തരപ്പെടാനും കഴിയണം. അപ്പോൾ സ്നേഹം രണ്ടുപേർക്കും മനോഹരമായി ആസ്വദിക്കാൻ കഴിഞ്ഞേക്കാം!!